ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കില്ല; സർക്കാർ പ്രതിനിധിയുടെ മാത്രം അഭിപ്രായത്തിന് സാധുതയില്ല | Sree Padmanabhaswamy Temple Vault B will not be opened | Kerala
Last Updated:
നിലവറ തുറക്കണമെങ്കിൽ ഉപദേശകസമിതിയും ഭരണസമിതിയും ചേർന്ന് തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം
തിരുവനന്തപുരം: അമൂല്യ നിധി ശേഖരം സൂക്ഷിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി നിലവറ’ എന്നറിയപ്പെടുന്ന ഭരതകോൺ നിലവറ തുറക്കില്ല. ക്ഷേത്രതന്ത്രി ഉൾപ്പെടെ 5 അംഗങ്ങളുള്ള ഭരണസമിതിയിൽ സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധി മാത്രമാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. സർക്കാർ പ്രതിനിധിയുടെ മാത്രം അഭിപ്രായത്തിന് സാധുതയില്ല. മറ്റ് അംഗങ്ങൾക്ക് ഇതിനോട് യോജിപ്പില്ലെന്നാണ് സൂചന. നിലവറ തുറക്കണമെങ്കിൽ ഉപദേശകസമിതിയും ഭരണസമിതിയും ചേർന്ന് തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം.
സുപ്രീംകോടതി നിർദേശിച്ച തരത്തിലുള്ള അഞ്ചംഗ ഭരണസമിതിക്കാണ് ക്ഷേത്രത്തിന്റെ ഭരണം. ബി നിലവറ തുറക്കാൻ ശ്രമിച്ചാൽ ഭക്തരുടെ ഭാഗത്ത് നിന്ന് ശക്തമായ എതിർപ്പുണ്ടാകുമെന്നും പറയുന്നു. ഇപ്പോൾ തന്നെ വിവിധ ഭക്തജന സംഘടനകൾ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിൽ എല്ലാ നിലവറകളും തുറന്നു പരിശോധിക്കാൻ സുപ്രീംകോടതി നിർദേശിച്ചതിനെത്തുടർന്ന് 2011ൽ എ
നിലവറ ഉൾപ്പെടെ തുറന്ന് കണക്കെടുപ്പ് നടത്തിയിരുന്നു. പക്ഷെ, ബി നിലവറ തുറക്കുന്നതിൽ രാജകുടുംബം എതിർപ്പ് അറിയിച്ചു. ഇതിനു പിന്നാലെയാണ് തീരുമാനം ഉപദേശകസമിതിക്കും ഭരണ സമിതിക്കും വിട്ടത്.
സമിതിയുടെ ചെയർമാൻ അഡീഷണൽ ജില്ലാ ജഡ്ജി കെ.പി.അനിൽകുമാറാണ്. തിരുവിതാകൂർ രാജകുടുംബാംഗം പ്രതിനിധി ആദിത്യവർമ്മ, കേന്ദ്രസർക്കാർ പ്രതിനിധി കരമന ജയൻ, സംസ്ഥാന സർക്കാർ പ്രതിനിധി വേലപ്പൻ നായർ, തന്ത്രി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരി എന്നിവരാണ് മറ്റംഗങ്ങൾ. നിലവറ തുറക്കുന്ന കാര്യം പരിഗണനയിലേയില്ല എന്ന് കരമന ജയൻ പറഞ്ഞത്. രാജകുടുംബവും തന്ത്രിയും നിലവറ തുറക്കരുതെന്ന് സുപ്രീംകോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്.
Thiruvananthapuram,Kerala
August 09, 2025 9:00 AM IST
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കില്ല; സർക്കാർ പ്രതിനിധിയുടെ മാത്രം അഭിപ്രായത്തിന് സാധുതയില്ല