Leading News Portal in Kerala

പഠന വൈകല്യങ്ങൾക്ക് മുതൽ അർബുദത്തിന് വരെ കാരണമായേക്കാം; ബാൻഡേജിൽ അപകടകരമായ അളവിൽ രാസവസ്തുക്കളെന്ന് പഠനം| Bandages have harmful chemicals says study | Health


Last Updated:

18 ബ്രാൻഡുകളുടെ 40 ഓളം വ്യത്യസ്ത ബാൻഡേജുകളിലാണ് ഗവേഷക സംഘം പരീക്ഷണങ്ങൾ നടത്തിയത്

ശരീരത്തിലെ മുറിവുകളിൽ ഒട്ടിക്കുന്ന ബാൻഡേജുകളിൽ അപകടകരമായ അളവിൽ രാസ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം. ഫോർഎവർ കെമിക്കൽസ് (Forever Chemicals) എന്നറിയപ്പെടുന്ന പതിറ്റാണ്ടുകളോളം നശിക്കാതെ നില നിലക്കാൻ സാധിക്കുന്ന പോളിഫ്ലൂറിനേറ്റഡ് പദാർത്ഥങ്ങൾ അഥവാ പിഎഫ്എഎസിന്റെ (PFAS) സാന്നിധ്യമാണ് ബാൻഡേജുകളിൽ കണ്ടെത്തിയത്. മാമാവേഷനും, എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് ന്യൂസും സംയോജിതമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. 18 ബ്രാൻഡുകളുടെ 40 ഓളം വ്യത്യസ്ത ബാൻഡേജുകളിലാണ് ഗവേഷക സംഘം പരീക്ഷണങ്ങൾ നടത്തിയത്.

പ്രമുഖ ബ്രാൻഡുകളായ ബാൻഡ് – എയ്ഡ്‌, കുറാഡ് എന്നിവ ഉൾപ്പെടെ 26 എണ്ണത്തിലാണ് പിഎഫ്എഎസ് സാന്നിധ്യം കണ്ടെത്തിയത്. ബാൻഡേജുകൾ ശരീരവുമായി ചേരുന്ന ഭാഗത്താണ് ഈ രാസ പദാർത്ഥങ്ങൾ കൂടുതലായി അടങ്ങിയിരിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ മുതൽ പ്രത്യുൽപ്പാദന ശേഷിയെ വരെ പ്രതികൂലമായി ബാധിക്കുവാനും കുട്ടികളിൽ പഠന വൈകല്യത്തിനും അർബുദത്തിനും വരെ പിഎഫ്എഎസ് കാരണമായേക്കാമെന്നും പഠനത്തിൽ പറയുന്നു.

യുഎസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി പുറത്ത് വിട്ട റിപ്പോർട്ടുകൾ പ്രകാരം 11 പിപിഎം മുതൽ 328 പിപിഎം വരെയാണ് ബാൻഡേജുകളിൽ ഓർഗാനിക് ഫ്ലൂറിന്റെ അളവ്. ബാൻഡേജുകൾ മുറിവുകളുമായി നേരിട്ട് ബന്ധത്തിൽ വരുന്നതിനാൽ കുട്ടികൾക്കും യുവ തലമുറയിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ പിഎഫ്എഎസ് സൃഷ്ടിച്ചേക്കുമെന്ന് ശാസ്ത്രജ്ഞയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് സയൻസിലെ മുൻ ഡയറക്ടറുമായ ലിൻഡ എസ് ബിൻബാം പറഞ്ഞു. മുറിവുകൾ ഉണങ്ങുന്നതിന് പിഎഫ്എഎസിന്റെ സാന്നിധ്യം ആവശ്യമില്ലെന്നും അതിനാൽ തന്നെ ബാൻഡേജ് നിർമ്മാണ കമ്പനികൾ പിഎഫ്എഎസ് ഇതര പദാർത്ഥങ്ങൾ ഉപയോഗിക്കണമെന്നും ലിൻഡ ആവശ്യപ്പെട്ടു.

1940 മുതലാണ് കാർബൺ – ഫ്ലൂറിൻ സംയുക്തമായ പിഎഫ്എഎസ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇപ്പോഴും ഇലക്ട്രോണിക് ഉപകരണങ്ങളിലും, കുക്ക് വെയറുകളിലും, ഫർണിച്ചറുകളിലും, ഭക്ഷ്യോൽപ്പാദന രംഗത്തും എല്ലാം പിഎഫ്എഎസ് ഉപയോഗിക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Health/

പഠന വൈകല്യങ്ങൾക്ക് മുതൽ അർബുദത്തിന് വരെ കാരണമായേക്കാം; ബാൻഡേജിൽ അപകടകരമായ അളവിൽ രാസവസ്തുക്കളെന്ന് പഠനം