ക്ഷേത്രങ്ങള്‍ ദക്ഷിണേന്ത്യയിലെതു പോലെ വൃത്തിയായി പരിപാലിക്കണമെന്ന് ബീഹാർ ഹൈക്കോടതി|Bihar High Court says temples should be kept clean like those in South India | India
Last Updated:
സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും ഉയര്‍ന്ന നിലവാരത്തോടെ പരിപാലിക്കണമെന്നും ശുചിത്വവും പച്ചപ്പും നിലനിര്‍ത്തണമെന്നും ഹൈക്കോടതി പറഞ്ഞു
ബീഹാറിലെ ക്ഷേത്ര പരിസരങ്ങളില്‍ ശുചിത്വം നിലനിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി പാട്‌ന ഹൈക്കോടതി. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളെ പോലെ വൃത്തിയായും പരിശുദ്ധിയോടെയും പച്ചപ്പോടെയും സൂക്ഷിക്കണമെന്ന് പാട്‌ന ഹൈക്കോടതി ബീഹാര്‍ സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് റിലീജിയസ് ട്രസ്റ്റിന് (ബിഎസ്ബിആര്‍ടി) നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് ക്ഷേത്രങ്ങളുടെ ഭരണചുമതല വഹിക്കുന്നത് ബീഹാര്‍ സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് റിലീജിയസ് ട്രസ്റ്റാണ്.
ട്രസ്റ്റ് ഭരിക്കുന്ന സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും ഉയര്‍ന്ന നിലവാരത്തോടെ പരിപാലിക്കണമെന്നും ശുചിത്വവും പച്ചപ്പും നിലനിര്‍ത്തണമെന്നും ഹൈക്കോടതി പറഞ്ഞു. ആറ് നിര്‍ദ്ദേശങ്ങളാണ് ക്ഷേത്രങ്ങളുടെ പരിപാലനത്തിനായി കോടതി ട്രസ്റ്റിന് നല്‍കിയിട്ടുള്ളത്. ജസ്റ്റിസ് രാജീവ് റോയിയുടെ സിംഗിള്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ദര്‍ഭംഗയിലെ ശ്രീ ബാബ കുശേശ്വര്‍ നാഥ് ക്ഷേത്രത്തിനായുള്ള മാനേജിംഗ് ട്രസ്റ്റ് കമ്മിറ്റിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സന്തോഷ് കുമാര്‍ ഝാ എന്ന വ്യക്തി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് പാട്‌ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ദാനാപൂരിലെ ബീഹാര്‍ റെജിമെന്റല്‍ സെന്റര്‍ ക്ഷേത്രത്തെ മികച്ച പരിപാലനത്തിന് ജസ്റ്റിസ് റോയ് അഭിനന്ദിക്കുകയും ചെയ്തു. വൃത്തിയുള്ളതും പച്ചപ്പുള്ളതുമായ ക്ഷേത്രത്തിന്റെ മികച്ച ഉദാഹരണമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. ബീഹാറിലെ മറ്റു ക്ഷേത്രങ്ങളും ഇത് മാതൃകയാക്കി പിന്തുടരണമെന്ന് കോടതി പറഞ്ഞു.
August 09, 2025 11:38 AM IST