2040 ആകുമ്പോഴേക്കും പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കേസുകള്‍ ഇരട്ടിയാകും; മരണനിരക്ക് 85 ശതമാനം വര്‍ധിക്കും: പഠനം | Health
കേസുകളുടെ എണ്ണം വര്‍ധിക്കുമെന്നത് ഉറപ്പായും സംഭവിക്കുന്ന കാര്യമാണെന്നും രോഗനിര്‍ണയം നടത്താത്തതും എല്‍എംഐസികളിലെ വിവരശേഖരണത്തിനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുന്നതും കാരണം യഥാര്‍ത്ഥ സംഖ്യ ഇതിലും ഉയരാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറഞ്ഞു.
പ്രായമായവരുടെ ജനസംഖ്യ വര്‍ധിക്കുന്നതും ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നതും പ്രായമായ പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമാകും. 50 വയസ്സും അതിനുമുകളിലും പ്രായമുള്ളവരില്‍ അപകടസാധ്യത വളരെയധികമാണ്. അതേസമയം, ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതും പൊതുജനാരോഗ്യ ഇടപെടലുകൾക്കും വരാനിരിക്കുന്ന കുതിച്ചു ചാട്ടത്തെ തടയാന്‍ കഴിയില്ലെന്നും ഗവേഷകര്‍ പറഞ്ഞു.
”ലോകമെമ്പാടുമുള്ള പുരുഷന്മാരെ പരിഗണിക്കുമ്പോള്‍ മധ്യവയസ്സിലും വാര്‍ധക്യത്തിലും ഉള്‍പ്പെടുന്നവരാണ് കൂടുതല്‍. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കേസുകളുടെ എണ്ണത്തില്‍ തീര്‍ച്ചയായും വര്‍ധനവുണ്ടാകും. ഈ കേസുകളില്‍ വര്‍ധനവുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അതിനാല്‍, ഇക്കാര്യത്തില്‍ ഇപ്പോള്‍ തന്നെ പദ്ധതികള്‍ തയ്യാറാക്കി നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്,” പഠനത്തിന് നേതൃത്വം നല്‍കിയ ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചിലെ പ്രോസ്‌റ്റേറ്റ്, ബ്ലാഡര്‍ കാന്‍സര്‍ ഗവേഷണ വിഭാഗം പ്രൊഫസര്‍ നിക്ക് ജെയിംസ് പറഞ്ഞു.
പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിച്ചവരുടെ ജീവന്‍ രക്ഷിക്കുന്നതിന് വിദ്യാഭ്യാസ, ബോധവത്ക്കരണ പരിപാടികള്‍ നടത്തുന്നതിനൊപ്പം നേരത്തെ രോഗനിര്‍ണയം നടത്തുന്നതിനായി ലക്ഷണങ്ങൾ അടിസ്ഥാനമാക്കിയുള്ള ഇടപെടലുകള്‍ നടത്തണമെന്നും ഗവേഷകര്‍ ആവശ്യപ്പെട്ടു. പ്രോസ്‌റ്റേറ്റ് കാന്‍സറിനെക്കുറിച്ചുള്ള ജനിതകശാസ്ത്രപരമായ പരിജ്ഞാനം വളരുന്നത് ‘മോളിക്യുലാര്‍ ടാര്‍ഗറ്റഡ് തെറാപ്പികള്‍’ വികസിപ്പിക്കുന്നത് സാധ്യമാക്കുമെന്നും അവര്‍ പറഞ്ഞു.
”ഒരു നിശ്ചിത വിഭാഗത്തില്‍പ്പെടുന്നയാളുകള്‍ക്ക് ആദ്യഘട്ട ചികിത്സ ഫലപ്രദമാകില്ലെങ്കില്‍, അവര്‍ക്ക് കാന്‍സര്‍ കോശങ്ങളുടെ പ്രത്യേക പരിവര്‍ത്തനം ലക്ഷ്യം വെച്ചുള്ള മോളിക്യൂലാര്‍ ചികിത്സകള്‍ എഐ ഉപയോഗിച്ച് വികസിപ്പിക്കാന്‍ കഴിയും. അത് വഴി അവര്‍ക്ക് ഓരോരുത്തര്‍ക്കും ഇഷ്ടാനുസൃതമുള്ള ചികിത്സ നല്‍കാനും കഴിയും,” മരുന്നു കമ്പനിയായ പെപ്ട്രിസിന്റെ സഹസ്ഥാപകന്‍ നാരായണന്‍ വെങ്ടസുബ്രഹ്‌മണ്യന്‍ പറഞ്ഞു.
കുറഞ്ഞ, ഇടത്തരം വരുമാനം ഉള്ള രാജ്യങ്ങളിലെ ബോധവത്കരണ പരിപാടികള്‍ ശക്തിപ്പെടുത്തണമെന്ന് ഗവേഷകര്‍ ആവശ്യപ്പെടുന്നു. പ്രോസ്‌റ്റേറ്റ് കാന്‍സറിന്റെ അപകടങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും ഈ രാജ്യങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്താന്‍ ശ്രമിക്കണം. ”പ്രോസ്‌റ്റേറ്റ് കാന്‍സര്‍ നട്ടെല്ലില്ലേക്ക് വ്യാപിക്കാനുള്ള സാധ്യത വളരയേറെയാണ്. അവസാന ഘട്ടങ്ങളിലാണ് ഇതിനുള്ള സാധ്യതയെങ്കിലും ആദ്യഘട്ടങ്ങളില്‍ തന്നെ ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. മൂത്രമൊഴിക്കുമ്പോഴുള്ള വേദന, ചികിത്സയുടെ ഭാഗമായുള്ള വേദന എന്നിവയും അനുഭവപ്പെടാം,” മുംബൈയിലെ ആശീര്‍വാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പെയിന്‍ മാനേജ്‌മെന്റ് ആന്‍ഡ് റിസേര്‍ച്ചിലെ പെയിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ലക്ഷ്മി വാസ് പറഞ്ഞു.
”പ്രോസ്‌റ്റേറ്റ് കാന്‍സര്‍ രോഗികളില്‍ അനുഭവപ്പെടുന്ന വേദന തീവ്രതയേറിയതാണ്. നട്ടെല്ല്, വാരിയെല്ലുകള്‍, പെല്‍വിസ് തുടങ്ങിയ ഭാഗങ്ങളില്‍ ഇത് ആഴത്തില്‍ അനുഭവപ്പെടും,” ന്യൂഡല്‍ഹിയിലെ മാക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ കെയറിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മേരി അബ്രാഹം പറഞ്ഞു.
പതിവ് പരിശോധനകള്‍ നല്‍കുന്നതിനൊപ്പം പ്രോസ്‌റ്റേറ്റ് ഗ്രന്ഥികളില്‍ വീക്കം അനുഭപ്പെടുന്നതും വലുതാകുന്നതും സംബന്ധിച്ച് പുരുഷന്മാരില്‍ അവബോധം സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുന്നു. ”50 വയസ്സ് കഴിഞ്ഞ പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വലുപ്പം വയ്ക്കുന്നത് കാണാറുണ്ട്. അതില്‍ ഭൂരിഭാഗവും അപകടകരമല്ലാത്ത മുഴകളാണ്. അവയ്ക്ക് കാന്‍സറുമായി ബന്ധമില്ല.പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ആകാനുള്ള സാധ്യതയും കുറവാണ്,”- ഡോ. മേരി പറഞ്ഞു.
2040 ആകുമ്പോഴേക്കും ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കേസുകളുടെ എണ്ണം 29 ലക്ഷമായി ഉയരുമെന്നും വര്‍ഷത്തില്‍ ഏഴ് ലക്ഷം പേര്‍ രോഗം ബാധിച്ച് മരണപ്പെടാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
Thiruvananthapuram,Thiruvananthapuram,Kerala
April 06, 2024 5:10 PM IST
2040 ആകുമ്പോഴേക്കും പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കേസുകള്‍ ഇരട്ടിയാകും; മരണനിരക്ക് 85 ശതമാനം വര്‍ധിക്കും: പഠനം