‘ബിഷപ്പിനെ കാത്തിരിക്കുന്നത് നിയോ മുള്ളറുടെ അവസ്ഥ’; ബിഷപ്പ് പാംപ്ലാനിക്കെതിരെ ഡിവൈഎഫ്ഐ|DYFI against Bishop Pamplani says The bishop is going to face Neo Muller situation | Kerala
Last Updated:
ചില പിതാക്കന്മാർ ആർഎസ്എസിന് കുഴലൂത്ത് നടത്തുകയാണെന്നും വി കെ സനോജ്
കണ്ണൂർ: തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ ഡിവൈഎഫ്ഐ. ഹിറ്റ്ലറുടെ കടുത്ത അനുയായി ആയിരുന്ന നിയോ മുള്ളറുടെ അവസ്ഥയാണ് ബിഷപ്പിനെ കാത്തിരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് വിമർശിച്ചു.
ചില പിതാക്കന്മാർ ആർഎസ്എസിന് കുഴലൂത്ത് നടത്തുകയാണെന്നും പരസ്പരം പരവതാനി വിരിക്കുകയാണിവരെന്നും വി കെ സനോജ് കുറ്റപ്പെടുത്തി. കേക്കുമായി ആർഎസ്എസ് ശാഖയിലേക്ക് ചിലർ പോകുന്നു. ആർഎസ്എസ് ശാഖയിൽ നിന്നും തിരിച്ച് കേക്കുമായി അരമനകളിലേക്കും എത്തുന്നുവെന്നും വിമർശനം.
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ കേന്ദ്ര സർക്കാരിന് നന്ദിയറിച്ചും ബിഷപ്പ് ജോസഫ് പാംപ്ലാനി രംഗത്തെത്തിയത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റെയും അമിത് ഷായുടെയും ഇടപെടലിനെ തുടർന്നാണ് ജാമ്യം ലഭിച്ചതെന്നും വൈകിയാണെങ്കിലും നീതി ലഭിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജൂൺ 25-നായിരുന്നു ബംജ്‌റംഗ്ദൾ പ്രവർത്തകരുടെ പരാതിയിൽ മലയാളി കന്യാസ്ത്രീകളായ പ്രീതി മേരിയേയും വന്ദന ഫ്രാൻസിസിനേയും റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതികളെ കടത്തിക്കൊണ്ടുപോകാനും നിർബന്ധിതമായി മതപരിവർത്തനം നടത്താനും ശ്രമിച്ചു എന്നായിരുന്നു ഇവർക്കെതിരായ ആരോപണം.
Thiruvananthapuram,Kerala
August 10, 2025 10:27 AM IST