‘ഡോക്ടറുടെ വീട്ടിൽ ഡ്രൈവർ ജോലി ഒഴിവ്..32,000 രൂപ ശമ്പളം’; സാമൂഹികമാധ്യമങ്ങളിലൂടെ 500-ലേറെപ്പേരിൽ നിന്ന് തട്ടിയത് 8 ലക്ഷം രൂപ|fake driver job scam through social media advertisement youth arrested | Crime
Last Updated:
പരസ്യം കണ്ടു ജോലിക്കായി വിളിക്കുന്നവരോട് എറണാകുളത്തെ ഓഫീസിൽ എത്തി രജിസ്റ്റർ ചെയ്യാനാണ് പ്രതി ആദ്യം ആവശ്യപ്പെടുന്നത്
കൊല്ലം: സാമൂഹികമാധ്യമങ്ങളിലൂടെ ഡ്രൈവർ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് വ്യാജ പരസ്യം നൽകി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. പാലക്കാട് ഷൊർണൂർ കവളപ്പാറ ചൂണ്ടക്കാട്ട് പറമ്പിൽവീട്ടിൽ വിഷ്ണു (27) ആണ് അറസ്റ്റിലായത്. കൊല്ലം സിറ്റി സൈബർ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ഒരാളിൽ നിന്ന് 1,560 രൂപവീതം അഞ്ഞൂറിലേറെപ്പേരിൽ നിന്നായി 8 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി.
പണം നഷ്ടമായ കൊട്ടിയം പഴയാറ്റിൻകുഴി സ്വദേശി സൈബർ ക്രൈം പോർട്ടൽ നമ്പരായ 1930-ൽ പരാതി രജിസ്റ്റർ ചെയ്തതോടെയാണ് തട്ടിപ്പ്പ വിവരം പുറത്തറിയുന്നത്. തുടർന്ന് കൊല്ലം സിറ്റി സൈബർ ക്രൈം പോലീസിന്റെ പരിശോധനയിൽ സമാനമായ പരാതികൾ പല ജില്ലകളിലും രജിസ്റ്റർ ചെയ്തിട്ടുള്ളതായി കണ്ടെത്തി.
അതേസമയം, സാമൂഹികമാധ്യമങ്ങളും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളുമാണ് പ്രതി തട്ടിപ്പ് നടത്താനായി ഉപയോഗിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. 32,000 രൂപ ശമ്പളത്തോടെ തിരുവനന്തപുരത്ത് ഡോക്ടറുടെ വീട്ടിൽ ഡ്രൈവർ ജോലി ഒഴിവുണ്ടെന്നും താത്‌പര്യമുള്ളവർ പരസ്യത്തിൽ നൽകിയ നമ്പരിൽ ഡ്രൈവിങ് ലൈസൻസ് അയയ്ക്കണമെന്നുമാണ് വിഷ്ണു പരസ്യം നൽകിയിരുന്നത്.
ഇൻസ്റ്റാഗ്രാമിൽ വിഷ്ണു നൽകിയ പരസ്യം ഇതുവരെ 25 ലക്ഷം പേർ കണ്ടിട്ടുണ്ട്. പരസ്യം കണ്ടു ജോലിക്കായി വിളിക്കുന്നവരോട് എറണാകുളത്തെ ഓഫീസിൽ എത്തി രജിസ്റ്റർ ചെയ്യാനാണ് പ്രതി ആദ്യം ആവശ്യപ്പെടുന്നത്. ഇനി അപേക്ഷകർക്ക് നേരിട്ടെത്താനായില്ലെങ്കിൽ ലൈസൻസിന്റെയും ആധാറിന്റെയും പകർപ്പ് വാട്സാപ്പിലൂടെ അയച്ചശേഷം രജിസ്ട്രേഷൻ ഫീസായി 560 രൂപ അയയ്ക്കാനും ആവശ്യപ്പെടും. രജിസ്റ്റർ ചെയ്ത ആളുകളോട് പിന്നീട് വെരിഫിക്കേഷനായി 1,000 രൂപ കൂടി വാങ്ങും. തുക കൈക്കലാക്കിയശേഷം ഇവരെ ബ്ളോക്ക് ചെയ്യും.
തുടർന്ന് പരസ്യം നൽകിയ ഫോൺനമ്പരും അക്കൗണ്ടും ഒഴിവാക്കി പുതിയ അക്കൗണ്ടും ഫോൺ നമ്പരും എടുത്ത് ഇതേ പരസ്യം നൽകി തട്ടിപ്പ് വീണ്ടും തട്ടിപ്പ് തുടരുന്നതാണ് വിഷ്ണുവിന്റെ രീതി. തട്ടിപ്പ് പിടിക്കപ്പെടാതിരിക്കാൻ പുതിയ സിം കാർഡുകൾക്കൊപ്പം ഫോണുകളും പ്രതി മാറ്റികൊണ്ടിരുന്നതായി പോലീസ് കണ്ടെത്തി. പ്രതി തുടർച്ചയായി ബന്ധപ്പെട്ടിരുന്ന നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് ഇയാളെ കുടുക്കിയത്.
അന്വേഷണത്തിൽ ഒരുവർഷമായി വിവിധ ബാങ്ക് അക്കൗണ്ടുകൾ, സിം കാർഡുകൾ, ഫോണുകൾ എന്നിവ ഉപയോഗിച്ച് പ്രതി സമാനതട്ടിപ്പ് നടത്തിവന്നിരുന്നതായി പോലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പ്രതിക്കെതിരെ കൂടുതൽ പ്രതികൾ ലഭിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
Kollam,Kollam,Kerala
August 10, 2025 9:46 AM IST
‘ഡോക്ടറുടെ വീട്ടിൽ ഡ്രൈവർ ജോലി ഒഴിവ്..32,000 രൂപ ശമ്പളം’; സാമൂഹികമാധ്യമങ്ങളിലൂടെ 500-ലേറെപ്പേരിൽ നിന്ന് തട്ടിയത് 8 ലക്ഷം രൂപ