പരാതി ലഭിച്ചാൽ തൃശ്ശൂർ തിരഞ്ഞെടുപ്പിലെ വിഎസ് സുനിൽകുമാറിന്റെ ആക്ഷേപങ്ങൾ അന്വേഷിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ | Chief Electoral Officer responds to VS Sunilkumar on allegations of voter fraud in Thrissur | Kerala
Last Updated:
ഇലക്ഷൻ കമ്മീഷനെ സ്വാധീനിച്ച് ബിജെപി തൃശൂരിൽ വോട്ടുകൾ അട്ടിമറിച്ചു എന്നായിരുന്നു സുനിൽകുമാറിൻ്റെ ആരോപണം
തിരുവനന്തപുരം: തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങൾക്ക് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷന്റെ മറുപടി. മുൻ മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനിൽ കുമാറിനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ മറുപടി നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന രീതിയിൽ പരാതി നൽകിയാൽ അന്വേഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം ജില്ലാ വരണാധികാരിയ്ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി ലഭിച്ചില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. സുതാര്യമായ നടപടി ക്രമങ്ങളിലൂടെയാണ് വോട്ടർപട്ടിക തയ്യാറാക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് ഹർജി നൽകുന്നതിലൂടെ മാത്രമേ തിരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്യാൻ കഴിയൂവെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ആക്ഷേപങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ 1960 ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങളിലെ ചട്ടം 20(3) (ബി) പ്രകാരമുള്ള പ്രഖ്യാപനം/സത്യവങ്മൂലം, ബന്ധപ്പെട്ട വോട്ടർമാരുടെ പേരുകൾക്കൊപ്പം ഒപ്പിട്ട് തിരികെ നൽകണമെന്നും പറഞ്ഞു. നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾക്കനുസൃതമായി ഉചിതമായ നടപടി സ്വീകരിക്കാൻ ഇത് സഹായിക്കുമെന്നും കൂട്ടിച്ചേർത്തു.
trissur
ഇലക്ഷൻ കമ്മീഷനെ സ്വാധീനിച്ച് ബിജെപി തൃശൂരിൽ വോട്ടുകൾ അട്ടിമറിച്ചു എന്നായിരുന്നു സുനിൽകുമാറിൻ്റെ ആരോപണം. വോട്ട് ചേർക്കലിൽ കമ്മിഷൻ നിലപാട് ദുരൂഹമായിരുന്നുവെന്നും സുനിൽകുമാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആദ്യ കരട് പട്ടികയ്ക്ക് ശേഷമാണ് ബിജെപിക്കാർ പുതിയ വോട്ടുകൾ ചേർത്തത്. ആലത്തൂർ മുതൽ തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ വോട്ടർമാരെ തൃശൂരിൽ ചേർത്തുവെന്നും ഈ വിവരം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മറുപടി നൽകിയിരിക്കുന്നത്.
Summary: Chief Electoral Officer to probe VS Sunilkumar allegations of voter fraud in Thrissur if he submits an official affidavit
Thiruvananthapuram,Kerala
August 10, 2025 8:27 PM IST
പരാതി ലഭിച്ചാൽ തൃശ്ശൂർ തിരഞ്ഞെടുപ്പിലെ വിഎസ് സുനിൽകുമാറിന്റെ ആക്ഷേപങ്ങൾ അന്വേഷിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ