മതേതര സർക്കാരിന്റെ അംഗം ഒരു ഹിന്ദുക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ യോഗം വിളിച്ചു കൂട്ടുന്നത് ഭരണ ഘടനാ ലംഘനമല്ലേ ? കുമ്മനം|Kummanam rajasekharan against v n vasavan convene meeting of devotees in sabarimala | Kerala
ഒരു മതേതര സർക്കാരിന്റെ മന്ത്രിസഭാംഗം ഒരു ഹിന്ദു ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ യോഗം വിളിച്ചു കൂട്ടുന്നത് ഭരണഘടനാ ലംഘനമല്ലേയെന്നും ശബരിമലയിൽ ആചാര ലംഘനം നടത്തിയ വിവാദ ആക്ടിവിസ്റ്റുകൾക്ക് സർക്കാർ വീണ്ടും വേദി ഒരുക്കുകയാണോയെന്നും കുമ്മനം ചോദിച്ചു.
വിവാദ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി അടക്കമുള്ളവർ പരിപാടിക്കെത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ നീക്കത്തെ ഭക്തർ സംശയത്തോടെ കാണുമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി. ശബരിമലയിലേതു പോലെ ക്രൈസ്തവ-മുസ്ളിം ആരാധനാലയങ്ങളിൽ വിശ്വാസികളുടെ ആഗോളസംഗമം നടത്തുമോ.
അയ്യപ്പവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിന് പ്രക്ഷോഭം നടത്തിയ പതിനായിരക്കണക്കിന് നിരപരാധികളായ അയ്യപ്പൻമാർ കോടതി കയറി കഷ്ടപ്പെടുകയാണ്. ഈ അയ്യപ്പന്മാർക്കെതിരെ ഫയൽ ചെയ്ത കള്ള കേസുകൾ പിൻവലിക്കുവാൻ തയ്യാറാകാത്ത സർക്കാർ അയ്യപ്പ സംഅെഗമം നടത്തുന്നത് അയ്യപ്പന്മാരോട് നടത്തുന്ന വെല്ലുവിളിയല്ലേയെന്നും അദ്ദേഹം ചോദിച്ചു.
മന്ത്രി വാസവനോടുള്ള ചോദ്യങ്ങൾ
1. ഒരു മതേതര സർക്കാരിന്റെ മന്ത്രിസഭാംഗം ഒരു ഹിന്ദു ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ യോഗം വിളിച്ചു കൂട്ടുന്നത് ഭരണഘടനാ ലംഘനമല്ലേ? ശബരിമലയിൽ ആചാര ലംഘനം നടത്തിയ വിവാദ ആക്ടിവിസ്റ്റുകൾക്ക് സർക്കാർ വീണ്ടും വേദി ഒരുക്കുകയാണോ ?
2. ഒരാൾ മന്ത്രിയാകുന്നത് എം എൽ എ ആയി തെരഞ്ഞെടുക്കുമ്പോഴാണ്. എം എൽ എ യും മന്ത്രിയുമെന്ന നിലയിൽ ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രത്തിൽ ഭക്തജനങ്ങളെ വിളിച്ചു കൂട്ടാനുള്ള അധികാരമോ മാൻഡേറ്റോ മന്ത്രിക്ക് വിവിധ മതസ്ഥരായ വോട്ടർമാർ നൽകിയിട്ടുണ്ടോ?
3. ശബരിമലയിലേതു പോലെ ക്രൈസ്തവ-മുസ്ളിം ആരാധനാലയങ്ങളിൽ വിശ്വാസികളുടെ ആഗോളസംഗമം നടത്തുമോ?
4. ശബരിമലയിലെത്തിയ അയ്യപ്പന്മാരെ അതിനിഷ്ഠുരമായി മർദ്ദിക്കുകയും കള്ളക്കേസുകൾ രജിസ്റ്റർ ചെയ്ത് ബുദ്ധിമുട്ടിക്കുകയും മന:പൂർവ്വം സ്ത്രീകളെ വിളിച്ചു വരുത്തി അയ്യപ്പന്മാരുടെ വികാര വിശ്വാസ സങ്കല്പങ്ങളെ വ്രണപ്പെടുത്തുകയും ചെയ്ത സർക്കാരാണ് അതേ ക്ഷേത്രസന്നിധിയിൽ അയ്യപ്പസംഗമം നടത്തുന്നത്. ഇതിന് സർക്കാരിന് ധാർമ്മികമായ അവകാശമുണ്ടോ?
5. അയ്യപ്പവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിന് പ്രക്ഷോഭം നടത്തിയ പതിനായിരക്കണക്കിന് നിരപരാധികളായ അയ്യപ്പൻമാർ കോടതി കയറി കഷ്ടപ്പെടുകയാണ്. ഈ അയ്യപ്പന്മാർക്കെതിരെ ഫയൽ ചെയ്ത കള്ള കേസുകൾ പിൻവലിക്കുവാൻ തയ്യാറാകാത്ത സർക്കാർ അയ്യപ്പ സംഗമം നടത്തുന്നത് അയ്യപ്പന്മാരോട് നടത്തുന്ന വെല്ലുവിളിയല്ലേ?
6. അയ്യപ്പന്മാർക്ക് അന്നദാനവും ചികിത്സയും മറ്റ് സേവനവും നൽകാൻ അയ്യപ്പസംഘടനകളെ അനുവദിക്കില്ല. താമസിക്കാൻ ഭീമമായ ചാർജ് അയ്യപ്പൻ മാർ കൊടുക്കണം. കക്കൂസുകളും കുളിമുറികളും വേണ്ടത്ര യില്ല. പമ്പാ സ്റ്റാനവും തർപ്പണവും അനുവദിക്കില്ല. അയ്യപ്പന്മാർ കഷ്ടപ്പെടുന്നു.അതൊന്നും കാണാതെ അയ്യപ്പ സംഗമം നടത്തുന്നതിൽ എന്തർത്ഥം?
7. ശബരിമല ഭരിക്കുന്ന സ്വതന്ത്ര പരമാധികാര ദേവസ്വംബോർഡിനെ ഇരുട്ടിൽ നിർത്തി മതേതര സർക്കാരിന്റെ മന്ത്രി അയ്യപ്പ സംഗമം നടത്തുമെന്ന് പ്രഖ്യാപിക്കുന്നത് ശരിയാണോ?
8. ശബരിമലയിലെ മാലിന്യനിർമ്മാർജനത്തിനും പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനും നടന്നു വന്നിരുന്ന “പുണ്യം പൂങ്കാവനം” പദ്ധതി നിരോധിച്ച സർക്കാരിന് അയ്യപ്പ സംഗമം നടത്താൻ അർഹതയുണ്ടോ?
9. ഇതര സംസ്ഥാനങ്ങളിൽ നിന്നും ശബരി മലയിൽ എത്തുന്ന അയ്യപ്പന്മാർക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ശബരി റയിൽ പാതക്ക് കഴിഞ്ഞ 25 വർഷമായി സ്ഥലം ഏറ്റെടുത്തു കൊടുക്കാതെ അയ്യപ്പന്മാരെ ബുദ്ധിമുട്ടിക്കുന്ന കേരള സർക്കാർ അയ്യപ്പ സംഗമം നടത്തുന്നതിൽ ആത്മാർത്ഥതയുണ്ടോ ?
10. കേന്ദ്രം അനുവദിച്ച 100 കോടി ക. ഉപയോഗിച്ചിട്ടില്ല. 340 കോടി ക.യുടെ പമ്പ ആക്ഷൻ പദ്ധതി വെള്ളത്തിലായി. ഒരു വികസന പദ്ധതിയും നേരാംവണ്ണം നടപ്പാക്കാതെ അയ്യപ്പ സംഗമവുമായി ഇപ്പോൾ സർക്കാർ ഇറങ്ങിത്തിരിച്ചിട്ടുള്ളത് അയ്യപ്പന്മാരുടെ കണ്ണിൽ പൊടിയിടാനല്ലേ?
11. ശബരിമല വികസനത്തിന് ആവശ്യമായ ശുപാർശകൾ സമർപ്പിച്ചിട്ടുള്ള എക്കോ സ്മാർട്ട് പദ്ധതി, ജസ്റ്റീസ് ചന്ദ്രശേഖരമേനോൻ കമ്മിഷൻ, ഹരിവരാസനം പദ്ധതി തുടങ്ങിയവയൊന്നും പരിഗണിക്കാതെ നടത്തുന്ന അയ്യപ്പ സംഗമം കൊണ്ടെന്ത് പ്രയോജനം?
12. ശബരിമലക്കുള്ള കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുന്ന അയ്യപ്പന്മാരോട് അമിതമായ യാത്രക്കൂലിയാണ് ഈടാക്കുന്നതു്. കറണ്ട് ചാർജ് , ഭക്ഷണ വില, പാർക്കിംഗ് ഫീസ് തുടങ്ങി എന്തിനും ഏതിനും വലിയ തുക വസൂലാക്കുന്നു. ധർമ്മശാസ്താവിനെ ദർശിക്കാൻ പോകുന്നവരോട് അധാർമ്മികമായ രീതിയിൽ പണം വസൂലാക്കുന്നത് അയ്യപ്പ ധർമ്മത്തിന് നിരക്കുന്നതാണോ ? തുടങ്ങിയ ചോദ്യങ്ങളും കുമ്മനം രാജശേഖരൻ ചോദിച്ചു.
Thiruvananthapuram,Kerala
August 11, 2025 7:31 PM IST
മതേതര സർക്കാരിന്റെ അംഗം ഒരു ഹിന്ദുക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ യോഗം വിളിച്ചു കൂട്ടുന്നത് ഭരണ ഘടനാ ലംഘനമല്ലേ ? കുമ്മനം