ജയിൽ ശിക്ഷകഴിഞ്ഞിറങ്ങി സ്റ്റേഷനിലെത്തി യാത്രചോദിച്ചു മടങ്ങവേ ബൈക്ക് മോഷ്ടിച്ച പ്രതി വീണ്ടും ജയിലിലേക്ക്|theft case culprit returned to jail after stealing bike again | Crime
Last Updated:
രാത്രി നാട്ടിലേക്കുള്ള ബസ് കിട്ടാത്തതുകൊണ്ടാണ് ബൈക്ക് മോഷ്ടിച്ചതെന്ന് പ്രതി മൊഴി നൽകി
കണ്ണൂർ: മോഷണക്കേസിന് ജയിൽ ശിക്ഷകഴിഞ്ഞിറങ്ങിയ പ്രതി സ്റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരോട് യാത്രചോദിച്ചു മടങ്ങവേ ബൈക്ക് മോഷ്ടിച്ചതിന് വീണ്ടും അറസ്റ്റിൽ. തൃശൂർ ഒല്ലൂർ മറത്താക്കര സ്വദേശി ചൂണ്ടയിൽ വീട്ടിൽ ബാബുരാജ് (45) ആണ് അറസ്റ്റിലായത്. 18 കവർച്ചക്കേസുകളിൽ പ്രതിയായ ബാബുരാജ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രണ്ട് വർഷത്തെ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
ജയിലിൽ നിന്നിറങ്ങിയ ബാബുരാജ് നേരെ പോയത് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്കായിരുന്നു. അവിടെയുള്ള പോലീസ് ഉദ്യോഗസ്ഥരോട് ജയിലിൽനിന്ന് പുറത്തിറങ്ങിയെന്നും യാത്രപറയാൻ വന്നതാണെന്നും പറഞ്ഞു. ഇയാളുടെ നല്ല മനസിനെ അഭിനന്ദിച്ച പോലീസുകാർ ഇനി മോഷ്ടിക്കരുതെന്നും ജോലി ചെയ്ത നല്ല രീതിയിൽ ജീവിക്കണമെന്നും ഉപദേശം നൽകി യാത്രയാക്കി. എന്നാൽ സ്റ്റേഷനിൽ നിന്നും മടങ്ങിയ ഇയാൾ നഗരത്തിലെ ഒരു ബാറിൽ കയറി. മദ്യപിച്ചിറങ്ങിയ പ്രതിക്ക് രാത്രി നാട്ടിലേക്കുള്ള ബസ് കിട്ടിയില്ല. തുടർന്ന് നടക്കുന്നതിനിടെ എസ്എൻ പാർക്കിന് സമീപം നിർത്തിയിട്ട ഒരു ബൈക്ക് കാണുകയും സ്റ്റാർട്ടാക്കി ഓടിച്ചുപോകുകയുമായിരുന്നു. ഇന്ധനം കഴിഞ്ഞതോടെ ബൈക്ക് കൊയിലാണ്ടിയിൽ ഉപേക്ഷിച്ച് ഒരു ലോറിയിൽ കയറി തൃശൂരിലേക്ക് പോയി.
അതേസമയം, ബാലുശ്ശേരി സ്വദേശിയായ പി.കെ. സനൂജിന്റെ ബൈക്കാണ് പ്രതി കവർന്നത്. പാർക്ക് ചെയ്തിരുന്ന ബൈക്ക് കാണാതെ പരിഭ്രാന്തിയിലായ ഉടമ ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണമാണ് ബാബുരാജിനെ കുടുക്കിയത്. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചപ്പോൾ പ്രതി ബൈക്കുമായി കടന്നുപോകുന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ബാബുരാജിനെ തൃശൂരിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും അകത്തായി.
Kannur,Kannur,Kerala
August 12, 2025 9:35 AM IST
ജയിൽ ശിക്ഷകഴിഞ്ഞിറങ്ങി സ്റ്റേഷനിലെത്തി യാത്രചോദിച്ചു മടങ്ങവേ ബൈക്ക് മോഷ്ടിച്ച പ്രതി വീണ്ടും ജയിലിലേക്ക്