Leading News Portal in Kerala

ക്ഷേത്രത്തിനടുത്ത സ്‌കൂളില്‍ മുട്ട വിളമ്പിയതിന് സ്കൂൾ ഉപേക്ഷിക്കുമെന്ന് വിദ്യാര്‍ഥികളുടെ ഭീഷണി | Students threaten to abandon for serving eggs in a school next to the temple | India


Last Updated:

സ്‌കൂളില്‍ മുട്ട പാകം ചെയ്യുന്നത് തുടര്‍ന്നാല്‍ കുട്ടികളുടെ ടിസി വാങ്ങുമെന്ന് അവരുടെ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

കര്‍ണാടകയില്‍ (Karnataka) ക്ഷേത്രത്തിന് സമീപമുള്ള സ്‌കൂളില്‍ ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തിയതിനെതിരേ ഒരു വിഭാഗം വിദ്യാർഥികൾ രംഗത്ത്. സ്കൂളിൽ മുട്ട പാകം ചെയ്താൽ ടിസി വാങ്ങി പോകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. മാണ്ഡ്യ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ സ്‌കൂളിലെ എണ്‍പതോളം വിദ്യാര്‍ഥികളാണ് സ്‌കൂള്‍ ഉപേക്ഷിക്കുമെന്ന് അറിയിച്ചതെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

പിന്നാലെ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനൊപ്പം മുട്ട വിളമ്പാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരേ ഗ്രാമവാസികള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തി. സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനൊപ്പം മുട്ട വിളമ്പുന്നത് മതപരമായ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതാണെന്ന് അവര്‍ അറിയിച്ചു. വീരഭദ്രേശ്വര സ്വാമി ക്ഷേത്രത്തിന് അടുത്തായാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ക്ഷേത്രത്തിനടുത്തായി മുട്ട പാചകം ചെയ്യുന്നത് തങ്ങളുടെ പാരമ്പര്യത്തിന് എതിരാണെന്ന് ഗ്രാമവാസികള്‍ അവകാശപ്പെട്ടു. ക്ഷേത്രപരിസരത്ത് മുട്ടയും മാംസവും പാചകം ചെയ്യുന്നതിന് വിലക്കുണ്ട്.

സ്‌കൂളിലെ 120 വിദ്യാര്‍ഥികളില്‍ 80 പേര്‍ ഇപ്പോള്‍ മുട്ട കഴിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. സ്‌കൂളില്‍ മുട്ട പാകം ചെയ്യുന്നത് തുടര്‍ന്നാല്‍ കുട്ടികളുടെ ടിസി വാങ്ങുമെന്ന് അവരുടെ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലരും ഇതിനോടകം തന്നെ ടിസി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

സ്‌കൂള്‍ പരിസരത്ത് മുട്ട പാകം ചെയ്യുന്നതിനാലാണ് ഞങ്ങള്‍ കുട്ടികളുടെ ടിസി ആവശ്യപ്പെട്ടത്. ഇത് ഞങ്ങളുടെ മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണ്. മുട്ടയ്ക്ക് പകരം വാഴപ്പഴം നല്‍കാന്‍ ഞങ്ങള്‍ സ്‌കൂളിനോട് അഭ്യര്‍ത്ഥിച്ചിരുന്നു, മാതാപിതാക്കളിലൊരാള്‍ പറഞ്ഞു.

സ്‌കൂളുകളില്‍ മുട്ട വിതരണം ചെയ്യുന്ന നയത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ സ്‌കൂളില്‍ അവ പാകം ചെയ്യുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞു. മുട്ട കഴിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് വര്‍ഷങ്ങളായി പകരം വാഴപ്പഴമോ കടലമിഠായിയോ ആണ് നല്‍കിയിരുന്നത്. മുട്ടകള്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവാദം നല്‍കിയിരുന്നതായും അവര്‍ അവകാശപ്പെട്ടു. “എന്നാല്‍ പെട്ടെന്ന് ഞങ്ങളെ അറിയിക്കാതെ സ്‌കൂള്‍ പരിസരത്ത് മുട്ട പാകം ചെയ്യുന്നത് പുനഃരാരംഭിച്ചു,” അവര്‍ ആരോപിച്ചു.

അതേസമയം, സര്‍ക്കാര്‍ നയമാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രക്ഷിതാക്കളെ അറിയിച്ചു.

പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ അഭിപ്രായം തേടിയിട്ടുണ്ട്. മുട്ടയ്ക്ക് പകരം പഴം നല്‍കുന്നതിനെക്കുറിച്ച് മാതാപിതാക്കളുടെ നിര്‍ദേശം തേടിയിരിക്കുകയാണ് സർക്കാർ. സ്‌കൂളില്‍ പ്രവേശനം നേടുമ്പോള്‍ തന്നെ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷണം എന്താണെന്ന് നിര്‍ദേശിക്കും. സ്‌കൂള്‍ ഉള്‍പ്പെടുന്ന അതാതു വാര്‍ഡുകളില്‍ ഏത് ഭക്ഷണമാണ് നല്‍കേണ്ടതെന്ന കാര്യത്തില്‍ അധികൃതര്‍ മാതാപിതാക്കളുടെ സമ്മതം തേടും. ചില ദിവസങ്ങളില്‍ സ്‌കൂളില്‍ മുട്ട വിതരണം ചെയ്യുന്നതിനെതിരേ ചില സ്‌കൂള്‍ വികസന, നിരീക്ഷണ സമിതികള്‍(SDMCs) പ്രമേയങ്ങള്‍ പാസാക്കിയതിന് പിന്നാലെയാണ് ഈ തീരുമാനമെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

മൂന്ന് വര്‍ഷത്തേക്ക് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മുട്ട വിതരണം ചെയ്യുന്നതിന് അസിം പ്രേംജി ഫൗണ്ടേഷന്‍ 1500 കോടി രൂപ നല്‍കിയതായി നിയമസഭാ കൗണ്‍സില്‍ അംഗമായ ബിജെപിയുടെ എന്‍. രവികുമാര്‍ പറഞ്ഞു. 762 സ്‌കൂളുകള്‍ ഉള്‍പ്പെടുത്തി നടത്തിയ ഒരു സര്‍വേയില്‍ 568 സ്‌കൂളുകളില്‍ അപൂര്‍വമായി മാത്രമാണ് മുട്ട വിതരണം ചെയ്യുന്നതെന്ന് കണ്ടെത്തി. തുടർന്ന് സര്‍ക്കാര്‍ ബന്ധപ്പെട്ട എസ്ഡിഎംസികള്‍ക്ക് നോട്ടീസ് നല്‍കി.

ചില പ്രത്യേക ദിവസങ്ങളില്‍ കുട്ടികള്‍ക്ക് മുട്ട നല്‍കുന്നതില്‍ നിന്നും ചില മാതാപിതാക്കള്‍ സ്കൂൾ അധികൃതരെ തടയുകയാണെന്ന് കര്‍ണാടക വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. കുട്ടികളുടെ ഇഷ്ടപ്പെട്ട ഭക്ഷണക്രമം തിരഞ്ഞെടുക്കാന്‍ മാതാപിതാക്കളില്‍ നിന്ന് സമ്മതം വാങ്ങാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. മുട്ട വേണോ വാഴപ്പഴം വേണോയെന്ന് അവര്‍ക്ക് തീരുമാനിക്കാവുന്നതാണ്. “ഇത്തരം തീരുമാനങ്ങളെടുക്കാന്‍ കുട്ടികള്‍ക്ക് കഴിയാത്തതിനാലാണ് മാതാപിതാക്കളെ ഞങ്ങള്‍ സമീപിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.

ഫണ്ട് ദുരുപയോഗം സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.