മെമു സർവ്വീസിന്റെ സമയക്രമം പുതുക്കണം; പി.വി അബ്ദുൽവഹാബ് എം.പി റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു|timing of MEMU service should be revised PV Abdulwahab MP wrote a letter to the Railway General Manager | Kerala
Last Updated:
ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, തിരുവനന്തപുരം മംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയുടെ കണക്ടിവിറ്റിക്കും ഈ സമയമാറ്റം ഉപകാരപ്പെടും
നിലമ്പൂർ: നിലമ്പൂർ- ഷൊർണൂർ മെമു സർവ്വീസിന്റെ സമയക്രമം പുതുക്കണമെന്ന് ആവശ്യപ്പെട്ട് പി.വി അബ്ദുൽവഹാബ് എം.പി ചെന്നൈ സതേൺ റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു. മെമു സർവ്വീസ് ആരംഭിക്കാനുള്ള തീരുമാനത്തെ പ്രശംസിച്ച എം.പി യാത്രക്കാരുടെ സൗകര്യം മാനിച്ച് ഷൊർണൂരിൽനിന്നുള്ള പുറപ്പെടൽ സമയം ഉൾപ്പെടെ മാറ്റി നിശ്ചയിക്കുന്നതായിരിക്കും ഉചിതമെന്ന് അറിയിച്ചു.
രാത്രി 8.30നാണ് നിലവിൽ ഷൊർണൂരിൽനിന്നുള്ള സമയം. ഇത് വന്ദേഭാരത് ഉൾപ്പെടെയുള്ള കണക്ഷനുകളെ ആശ്രയിക്കുന്നവർക്ക് പ്രയാസമാകും. ഷൊർണൂരിൽനിന്നുള്ള പുറപ്പെടൽ സമയം 9 മണിയാക്കിയാൽ വന്ദേഭാരത് കണക്ടിവിറ്റി ലഭ്യമാകും. ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, തിരുവനന്തപുരം മംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയുടെ കണക്ടിവിറ്റിക്കും ഈ സമയമാറ്റം ഉപകാരപ്പെടും.
നിലവിൽ 8.15ന് പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ സമയം 7:10 ആക്കി പുതുക്കണം. കൊയമ്പത്തൂർ-നിലമ്പൂർ നേരിട്ടുള്ള കണക്ടിവിറ്റി ഇതോടെ സാധ്യമാകും. കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ 7:05 ന് ഷൊർണൂരിൽ എത്തുന്നതുകൊണ്ട് അതേ 7:10ന് പുറപ്പെടാൻ അനുവദിക്കാവുന്നതാണ്. മെമു നിലമ്പൂരിൽ നിന്നുള്ള പുറപ്പെടൽ സമയം 03:30 ആയി മാറ്റണം.
ഇതുവഴി എറണാകുളത്തേക്കുള്ള നേരിട്ടുള്ള കണക്ഷൻ അല്ലെങ്കിൽ മെമു 66319 വഴി ഷൊർണൂരിൽനിന്ന് നിന്ന് എളുപ്പമുള്ള യാത്ര സാധ്യമാകും. ഇതിന് അനുസൃതമായി മറ്റു ട്രെയിനുകളും സമയം ക്രമീകരിക്കണം. ഷൊർണൂരിലെ പ്രധാന കണക്ഷനുകൾ ആശ്രയിക്കുന്ന യാത്രക്കാർക്ക്, യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നിലമ്പൂരിലേക്ക് നീട്ടുന്ന മെമു സർവ്വീസ് ഉപകാരപ്പെടണമെങ്കിൽ സമയം ക്രമീകരിക്കേണ്ടത് അനിവാര്യമാണെന്നും പി.വി അബ്ദുൽ വഹാബ് എം.പി ആവശ്യപ്പെട്ടു. വിഷയത്തിൽ പരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്ന് ജനറൽ മാനേജർ അറിയിച്ചു.
Thiruvananthapuram,Kerala
August 13, 2025 10:24 PM IST