പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ പ്രതിരോധ വകുപ്പ് ഗസ്റ്റ് ഹൗസ് മാനേജര്‍ അതിര്‍ത്തിയില്‍ പിടിയില്‍|Defense Department guest house manager who spied for Pakistan arrested at border | India
Last Updated:
രഹസ്യന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലും തുടര്‍ച്ചയായ നിരീക്ഷണത്തിനുശേഷവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു
പാകിസ്ഥാന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ജയ്സാല്‍മീറിലെ പ്രതിരോധ വകുപ്പ് (ഡിആര്‍ഡിഒ -ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന്) ഗസ്റ്റ് ഹൗസ് മാനേജറെ അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ അല്‍മോറ സ്വദേശിയായ മഹേന്ദ്ര പ്രസാദാണ് അറസ്റ്റിലായത്. 2008 മുതല്‍ ഇയാള്‍ ഗസ്റ്റ് ഹൗസില്‍ ജോലി ചെയ്ത് വരികയാണ്. ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിക്കടുത്തുള്ള ചന്ദനിലാണ് ഗസ്റ്റ് ഗൗസ് സ്ഥിതി ചെയ്യുന്നത്. ഉന്നത ഡിആര്‍ഡിഒ ശാസ്ത്രജ്ഞരും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ഇവിടെ പതിവായി താമസിക്കാറുണ്ട്.
ചാരവൃത്തിക്ക് മഹേന്ദ്ര പ്രസാദ് അറസ്റ്റിലായ വിവരം പുറത്ത് വന്നതോടെ പ്രതിരോധ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ ഞെട്ടലിലാണെന്ന് സുരക്ഷാ ഏജന്‍സികള്‍ പറഞ്ഞു. രഹസ്യന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലും തുടര്‍ച്ചയായ നിരീക്ഷണത്തിനുശേഷവുമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. മഹേന്ദ്രപ്രസാദിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ചാറ്റുകളില്‍ നിന്നും ചാരവൃത്തിയുടെ പ്രധാന തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഇയാള്‍ കുറച്ചുകാലമായി പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നതായി സൂചനകള്‍ വ്യക്തമാക്കുന്നു. ചോര്‍ത്തി നല്കിയ വിവരങ്ങളുടെ സ്വഭാവം, അതിന്റെ സൂക്ഷ്മ സ്വഭാവം, കാലയളവ് എന്നിവ സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തി വരികയാണ്.
പ്രതിയെ സൈന്യത്തിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും മറ്റ് സുരക്ഷാ ഏജന്‍സികളും ഇപ്പോള്‍ ചോദ്യം ചെയ്ത് വരികയാണ്. ജോയിന്റ് ഇന്റലിജന്റ്സ് കമ്മിറ്റിയും (ജെഐസി) ഇയാളെ ചോദ്യം ചെയ്തേക്കുമെന്ന് വിവരമുണ്ട്. ഇയാള്‍ എത്രകാലമായി ചാരവൃത്തി ചെയ്യുന്നുവെന്നും ഒരു വലിയ ചാര ശൃംഖലയുടെ ഭാഗമാണോ എന്നും ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്.
ഗസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് തന്ത്രപ്രധാനമായ സ്ഥലത്തായതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടയില്‍ ആശങ്കയുണ്ട്. ഫയറിംഗ് റേഞ്ച് പോലെയുള്ള സുപ്രധാനമായ സ്ഥലങ്ങള്‍ ഈ പ്രദേശത്തുണ്ട്. ഇത്തരം വളരെ സുപ്രധാനമായ ഇടങ്ങളിലേക്ക് മഹേന്ദ്ര പ്രസാദിന് പ്രവേശനമുണ്ടായിരുന്നു. ഇതും ആശങ്ക വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മേഖലയില്‍ വളരെയധികം സ്വാധീനമുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചാരവൃത്തിയുടെ പേരില്‍ ജയ്സാല്‍മീറില്‍ നിന്ന് അറസ്റ്റിലായത്. ഷക്കൂര്‍ ഖാന് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈലില്‍ നിന്ന് ചാരവൃത്തി നടത്തിയതിന്റെ പ്രധാന തെളിവുകള്‍ കണ്ടെത്തിയതായി ഏജന്‍സികള്‍ പറയുന്നു.
ഓപ്പറേഷന് സിന്ദൂറിന് ശേഷം പത്താന് ഖാന്, ഷക്കൂര്‍ ഖാന് എന്നീ രണ്ട് ചാരന്മാരെ പിടികൂടിയതിന് പിന്നാലെ രാജസ്ഥാന്റെ അതിര്‍ത്തി ജില്ലകളില്‍ സുരക്ഷാ ഏജന്‍സികള്‍ ജാഗ്രത പാലിച്ചിട്ടുണ്ട്.
New Delhi,New Delhi,Delhi
August 14, 2025 9:54 AM IST
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ പ്രതിരോധ വകുപ്പ് ഗസ്റ്റ് ഹൗസ് മാനേജര്‍ അതിര്‍ത്തിയില്‍ പിടിയില്‍