‘ലത്തീൻ സമുദായത്തിൻ്റെ സംവരണം ദുരുപയോഗം ചെയ്യുന്നു; വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടിയവരെ പിരിച്ചുവിടണം’ | Vishnupuram Chandrasekharan says reservation granted to Latin community is being misused | Kerala
Last Updated:
നിയമം ദുരുപയോഗം ചെയ്ത് സംസ്ഥാനത്ത് പലയിടങ്ങളിലും ജാതി മാറ്റവും മതം മാറ്റവും നടക്കുന്നതിൻ്റെ തെളിവുകൾ ന്യൂസ് 18 പുറത്തുകൊണ്ടു വന്നതിന് പിന്നാലെയാണ് വിഎസ്‌ഡിപി ചെയർമാന്റെ പ്രതികരണം
തിരുവനന്തപുരം: ലത്തീൻ സമുദായത്തിന്റെ സംവരണം ദുരുപയോഗം ചെയ്യപ്പെടുന്നെന്ന് വിഎസ്‌ഡിപി ചെയർമാൻ വിഷ്ണുപുരം ചന്ദ്ര ശേഖരൻ. ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് സമുദായ സർട്ടിഫിക്കറ്റിന്റെ സഹായക രേഖയായി പരിഗണിക്കണമെന്ന ഉത്തരവ് സർക്കാർ പിൻവലിക്കണനെന്നും അദ്ദേഹം പറഞ്ഞു.
ലത്തീൻ സമുദായത്തിന് അനുവദിച്ച സംവരണം നെയ്യാറ്റിൻകര ലത്തീൻ രൂപത ബിഷപ് വിൻസന്റ് സാമുവൽ, മോൺ.ജി. ക്രിസ്തുദാസ്, തഹ സീൽദാർമാർ, വില്ലേജ് ഓഫിസർമാർ എന്നിവർ ദുരുപയോഗം ചെയ്തെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. നിയമം ദുരുപയോഗം ചെയ്ത് സംസ്ഥാനത്ത് പലയിടങ്ങളിലും ജാതി മാറ്റവും മതം മാറ്റവും നടക്കുന്നതിൻ്റെ തെളിവുകൾ ന്യൂസ് 18 പുറത്തുകൊണ്ടു വന്നതിന് പിന്നാലെയാണ് വിഎസ്‌ഡിപി ചെയർമാന്റെ പ്രതികരണം.
ഈ സമുദായത്തിലെ ഉദ്യോഗാർഥികൾ ജോലിക്കായി കാത്തിരിക്കുമ്പോൾ റവന്യു അധികൃതരുടെ ഒത്താശയോടെ ബിഷപ്പുമാർ മറ്റു സമുദായങ്ങൾക്ക് ലത്തീൻ കത്തോലിക്കരാണെന്ന സർട്ടിഫിക്കറ്റ് നൽകുകയാണ്. ലത്തീൻ സമുദായ സംവരണത്തിന് അർഹരായ ഉപവിഭാഗങ്ങൾ എതെല്ലാമെന്നു വ്യക്തമാക്കിയുള്ള ഉത്തരവ് പുറപ്പെടുവിക്കണം. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയവരെ പിരിച്ചുവിടണമെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.
സംഭവത്തിൽ ലത്തീൻ സഭയ്‌ക്കെതിരെയും റവന്യു ഉദ്യോഗസ്ഥർക്കെതിരെയും ഡിജിപിക്ക് നാടാർ സംഘടനകൾ പരാതി നൽകിയിരുന്നു. ഹിന്ദു നാടാർ വിഭാഗത്തിലുള്ളവരും മറ്റും ലത്തീൻ സമുദായ സർട്ടിഫിക്കറ്റ് സ്വന്തമാക്കുമ്പോൾ മതം കൂടിയാണ് മാറ്റപ്പെടുന്നെന്ന് പരാതിയിൽ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തിൽ വിഎസ് ഡിപി, കെ എൻ എം എസ്, എൻഎസ് എഫ് എന്നീ നാടാർ സംഘടനകൾ ആണ് ഡി ജി പിക്ക് പരാതി നൽകിയത്. നെയ്യാറ്റിൻകര ലത്തീൻ രൂപത ബിഷപ്പ് വിൻസെന്റ് സാമൂവൽ, മോൺസിഞ്ഞോർ ക്രിസ്തുദാസ് എന്നിവരും നെയ്യാറ്റിൻകര, കാട്ടാക്കട നെടുമങ്ങാട് താലൂക്കുകളിൽ 2010 മുതൽ 2025 വരെ ജോലി ചെയ്തിരുന്ന വില്ലേജ് ഓഫീസർമാരും തഹസിൽദാർമാരും ഉൾപ്പെട്ട സംഘമാണ് ഇതിന് പിന്നിൽ എന്നാണ് ഡി ജി പിക്ക് നൽകിയ പരാതിയിലെ ആരോപണം.
Thiruvananthapuram,Kerala
August 14, 2025 11:44 AM IST
‘ലത്തീൻ സമുദായത്തിൻ്റെ സംവരണം ദുരുപയോഗം ചെയ്യുന്നു; വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടിയവരെ പിരിച്ചുവിടണം’