പത്തനംതിട്ടയിലെ രണ്ട് സിപിഎം നേതാക്കൾക്കെതിരെ നടപടി; മന്ത്രി വീണയ്ക്കതിരെ പോസ്റ്റിട്ടതിന്റെ പേരിലെന്ന് സൂചന Action against two cpm leaders in Pathanamthitta allegedly for social media posts against minister veena George | Kerala
Last Updated:
കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയെ വിമർശിച്ച് നേതാക്കൾ പോസ്റ്റിട്ടിരുന്നു
പത്തനംതിട്ട: ജില്ലയിലെ രണ്ട് സിപിഎം നേതാക്കൾക്കെതിരെ നടപടി. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജിനെ വിമർശിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിലാണ് നടപടി എന്നാണ് സൂചന. മന്ത്രിയുടെ മണ്ഡലമായ ആറന്മുളയിലെ ഇരവിപേരൂർ ഏരിയാ കമ്മിറ്റി അംഗം എൻ.രാജീവിനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ദിവസങ്ങൾക്ക് മുമ്പ് ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം പി.ജെ.ജോൺസണെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ജൂലൈ 4 ന് കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തിനു പിന്നാലെ തിരുവനന്തപുരത്തേക്കുള്ള യാത്രമധ്യേ വീണാ ജോർജിനെ കൊട്ടാരക്കരയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.‘കുട്ടിയായിരിക്കെ ഞാൻ ക്ലാസ് പരീക്ഷാദിവസം വയറുവേദന എന്ന് കളവു പറഞ്ഞ് വീട്ടിൽ ഇരിക്കുമായിരുന്നു. അങ്ങനെ പരീക്ഷകളിൽനിന്ന് രക്ഷപ്പെട്ടു. ഇവിടെ ചോദ്യങ്ങളിൽനിന്നും’ ഇതായിരുന്നു ഇരവിപേരൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ രാജീവിന്റെ പോസ്റ്റ്.
‘മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുത്’ ഇങ്ങനെയാണ് എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്‍റ് ആയിരുന്ന ജോൺസൺ സമൂഹമാധ്യമത്തിൽ കുറിച്ചത്.
മെഡിക്കൽ കോളേജ് കെട്ടിടം തകരുന്നതിന് 10 ദിവസം മുമ്പ് രാജീവിനെ പത്തനംതിട്ട ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) അധ്യക്ഷ സ്ഥാനത്തു നിന്നും സസ്പെൻഡ് ചെയ്തിരുന്നു. പോക്സോ കേസ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരം വെളിപ്പെടുത്തിയെന്നാരോപിച്ച് വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫാണു ബാലനീതി ചട്ടങ്ങൾ പ്രകാരം ജൂൺ 25 ന് സസ്പെൻഡ് ചെയ്തത്.
ജൂലൈ 14 ന് രാവിലെ 11 ന് ഇരവിപേരൂര്‍ പഞ്ചായത്തിലെ ആധുനിക അറവുശാലയുടെ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചടങ്ങില്‍ നിന്ന് മന്ത്രി വിട്ടു നിന്നിരുന്നു.രാജീവായിരുന്നു ഈ പദ്ധതി വിഭാവനം ചെയ്തത്.
Pathanamthitta,Kerala
August 14, 2025 2:01 PM IST
പത്തനംതിട്ടയിലെ രണ്ട് സിപിഎം നേതാക്കൾക്കെതിരെ നടപടി; മന്ത്രി വീണയ്ക്കതിരെ പോസ്റ്റിട്ടതിന്റെ പേരിലെന്ന് സൂചന