കേരളത്തിലെ ആദ്യ ജനാധിപത്യസർക്കാരിനെ അട്ടിമറിച്ചതിൽ ബ്രിട്ടനും പങ്കെന്ന് ചരിത്രകാരൻ HistorianPaul M. McGarr reveals Britain’s role in dismissing Keralas first democratic government | India
കേരളത്തിൽ 1957 ഏപ്രിൽ 7 ന് അധികാരത്തിൽ എത്തിയ കമ്യൂണിസ്റ്റ് സർക്കാരിനെ ആഭ്യന്തര കുഴപ്പങ്ങളുടെ പേരിൽ 1959 ജൂലൈ 31നാണ് രാഷ്‌ട്രപതി ആർട്ടിക്കിൾ 356 പ്രകാരം ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി പുറത്താക്കിയത്.അന്നത്തെ കേന്ദ്ര സർക്കാരും ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിയും അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയും ചേർന്ന് കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിച്ചതിന്റെ വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.
“ഇന്ത്യയിലെ കമ്മ്യൂണിസം” എന്ന വിഷയത്തെക്കുറിച്ചുള്ള ബ്രിട്ടീഷ് കാബിനറ്റ് ഓഫീസ് പരമ്പരയുടെ ഭാഗമായി ലണ്ടനിലെ യുണൈറ്റഡ് കിംഗ്ഡം നാഷണൽ ആർക്കൈവ്സിൽ അടുത്തിടെ പുറത്തിറക്കിയ രേഖകൾ ഹാരോൾഡ് മാക്മില്ലന്റെ കൺസർവേറ്റീവ് ബ്രിട്ടീഷ് സർക്കാർ ഇന്ത്യൻ ആഭ്യന്തര രാഷ്ട്രീയത്തിൽ എങ്ങനെ സജീവമായും രഹസ്യമായും ഇടപെട്ടുവെന്ന് വെളിപ്പെടുത്തുന്നു.
കമ്യുണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റയുടൻ ഇന്റലിജൻസ് ബ്യൂറോ മേധാവി ബി എൻ മല്ലിക് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ഒരു റിപ്പോർട്ട് സമർപ്പിച്ചു.സിപിഐ പൊളിറ്റ് ബ്യൂറോയിലെ മുതിർന്ന അംഗങ്ങൾ കമ്യൂണിസ്റ്റ് സർക്കാരിന്റെ ഭരണം എങ്ങനെയായിരിക്കണമെന്ന് കൂടിയാലോചിക്കാൻ റഷ്യ മോസ്കോ സന്ദർശിക്കാൻ പദ്ധതിയിടുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകുമെന്ന ആശങ്കപ്പെട്ട നെഹ്‌റു സോവിയറ്റ് അംബാസഡർ മിഖായേൽ മെൻഷിക്കോവിനെ വിളിപ്പിച്ച് കേരളത്തിൽ ഇടപെടുന്നതിനെതിരെ മുന്നറിയിപ്പ് നൽകി.
1957-ൽ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഐ വിജയം നേടിയത് ബ്രിട്ടനും അമേരിക്കയ്ക്കും ഞെട്ടലുണ്ടാക്കി.കമ്മ്യൂണിസ്റ്റുകൾ ബാലറ്റ് വഴി അധികാരം പിടിച്ചെടുത്തുകൊണ്ട് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചതിൽ അമേരിക്ക അത്ഭുതപ്പെട്ടു. ആ വിജയം അംഗീകരിക്കാൻ തയ്യാറാകാതിരുന്ന അന്നത്തെ അമേരിക്കൻ ഭരണകൂടം കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കാൻ ഒരു രഹസ്യ ഓപ്പറേഷൻ ആരംഭിക്കാൻ സിഐഎയോട് നിർദ്ദേശിച്ചു.
തുടർന്ന് കോൺഗ്രസ് പാർട്ടി പ്രവര്‍ത്തകരിലൂടെയും എസ് കെ പാട്ടീൽ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് വിരുദ്ധ തൊഴിലാളി നേതാക്കളിലൂടെയും രഹസ്യമായി ഫണ്ട് എത്തിച്ചുകൊണ്ട് സിഐഎ കേരളത്തിൽ വ്യാവസായിക അസ്വസ്ഥതകളും രാഷ്ട്രീയ കോളിളക്കങ്ങളും സൃഷ്ടിച്ചു.
സോവിയറ്റ് യൂണിയൻ കേരളത്തിലെ കമ്യൂണിസ്റ്റുകൾക്ക് ധനസഹായം നൽകുന്നുണ്ടെന്നതിന് ശക്തമായ തെളിവുകൾ തന്റെ എംബസിയുടെ കൈവശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിലെ യുഎസ് അംബാസഡർ എൽസ്വർത്ത് ബങ്കർ സിഐഎയുടെ നടപടിയെ ന്യായീകരിച്ചത്. സിഐഎയുടെ നടപടികൾ പ്രതിരോധാത്മകമാണെന്ന് പറഞ്ഞ ബങ്കർ ഇന്ത്യയിൽ, കമ്യൂണിസ്റ്റുകൾ ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് വാഷിംഗ്ടൺ സുഹൃത്തുക്കളുടെ സഹായത്തിനാണ് എത്തിയതെന്നും വാദിച്ചു.
കോൺഗ്രസിന് ഇന്ത്യയിലെ സിഐഎയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംശയവും ആശങ്കയും ഉണ്ടായിരുന്നു. എന്നാൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി സോവിയറ്റ് യുണിയനോട് ചേര്‍ന്ന് പ്രവർത്തിക്കുമെന്ന പേടി കാരണം സിഐഎയുമായി ചേർന്ന് പ്രവർത്തിക്കാൻ അവർ സന്നദ്ധത പ്രകടിപ്പിച്ചു.
ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ മാൽക്കം മക്ഡൊണാൾഡ് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തെ കമ്മ്യൂണിസത്തിന്റെ ഗുണങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു ആഗോള മാതൃകയായി ഉപയോഗിക്കുമെന്നും, കോൺഗ്രസ് പാർട്ടിക്ക് ചെറുക്കാൻ കഴിയാത്ത രാഷ്ട്രീയ ചലനം സൃഷ്ടിക്കുമെന്നും തന്റെ രാജ്യത്തെ അറിയിച്ചു.മക്ഡൊണാൾഡിന്റെ വിശകലനം ബോധ്യപ്പെട്ട ബ്രിട്ടൻ കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ അമേരിക്കൻ രഹസ്യ പ്രവർത്തനത്തിന് സമാന്തരമായി ഒരു സ്പെഷ്യൽ പൊളിറ്റിക്കൽ ആക്ഷൻ രഹസ്യ ഓപ്പറേഷൻ ആരംഭിച്ചു.
ബ്രിട്ടീഷ് സീക്രട്ട് ഇന്റലിജൻസ് സർവീസ് (MI6), യുകെ സെക്യൂരിറ്റി സർവീസ് (MI5), ഇന്ത്യയുടെ ഇന്റലിജൻസ് ബ്യൂറോ (IB) എന്നിവ തമ്മിൽ സഹകരിച്ചുള്ള ബ്രിട്ടീഷ് പദ്ധതി പ്രകാരം മുതിർന്ന കോൺഗ്രസ് പാർട്ടി പ്രവർത്തകരെയും ട്രേഡ് യൂണിയൻ നേതാക്കളെയും ബ്രിട്ടനിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് കമ്യൂണിസത്തിന്റെ അപകടങ്ങളെക്കുറിച്ച് പഠിപ്പിക്കുകയും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനും കമ്യൂണിസ്റ്റ് വിരുദ്ധ പരിപാടികൾ നടത്തുന്നതിനുമുള്ള രഹസ്യ രീതികളിൽ പരിശീലനം നൽകുകയും ചെയ്തു.
ബ്രിട്ടൻ 1958ൽ കോമൺവെൽത്ത് സെക്രട്ടറി ലോർഡ് ഹോമിനെ ന്യൂഡൽഹിയിലേക്ക് അയച്ചു.കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയെ ലക്ഷ്യം വച്ചുള്ള രഹസ്യ ഓപ്പറേഷനു വേണ്ടി കേന്ദ്രസർക്കാരിന്റെ പിന്തുണ ഉറപ്പാക്കുന്നതിനായിരുന്നു ഇത്. ആഭ്യന്തര മന്ത്രി ജി ബി പന്ത്, ധനമന്ത്രി മൊറാർജി ദേശായി, നെഹ്‌റു എന്നിവരെ ലോർഡ് ഹോം കണ്ടു.ജി ബി പന്തും ദേശായിയും പിന്തുണ നൽകുന്നതായി ലണ്ടനിലേക്ക് റിപ്പോർട്ട് ചെയ്തു. ചില പ്രത്യേക സാഹചര്യങ്ങളിൽ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം ഇന്ത്യൻ സർക്കാരിന് ലഭിക്കുന്നത് ഉപയോഗപ്രദമാകുമെന്ന് നെഹ്റു സമ്മതിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.ലോർഡ് ഹോമിന്റെ രഹസ്യ ദൗത്യം വിജയകരമായി കണക്കാക്കപ്പെട്ടു.
ബ്രിട്ടീഷ് ഇടപെടലിനെത്തുടർന്ന് ജി ബി പന്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഇന്റലിജൻസ് പ്രവർത്തനങ്ങൾക്ക് പുതിയൊരു ദിശ നൽകിയതായി ബി എൻ മലിക് എംഐ5 ഡയറക്ടർ ജനറൽ റോജർ ഹോളിസിനോട് സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസി(ഐ എൻ ടി യു സി )ലേക്ക് നുഴഞ്ഞുകയറാൻ ആഭ്യന്തരമന്ത്രി അനുമതി നൽകിയതായി അനുമതി നൽകിയതിനെത്തുടർന്ന് ഹോളിസും മലിക്കും ചേർന്ന് ഒരു പദ്ധതി ഉണ്ടാക്കി.അതനുസരിച്ച്, ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ സംഘാടകരെയും MI5 ന്റെ മേൽനോട്ടത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധ പ്രവർത്തന പരിശീലനത്തിനായി ലണ്ടനിലേക്ക് അയച്ചു. അവർ എംഐ5 ആന്റി-സബ്‌വേർഷൻ കോഴ്സ് പൂർത്തിയാക്കി ദക്ഷിണേന്ത്യയിലേക്ക് വന്ന് തങ്ങളുടെ ദൗത്യം പൂർത്തീകരിച്ചു.
ദി കോൾഡ് വാർ ഇൻ സൗത്ത് ഏഷ്യ: ബ്രിട്ടൻ, ദി യുണൈറ്റഡ് സ്റ്റേറ്റ്സ് ആൻഡ് ദി ഇന്ത്യൻ സബ്കോണ്ടിനെന്റ്, 1945-1965 സ്പൈയിംഗ് ഇൻ സൗത്ത് ഏഷ്യ: ബ്രിട്ടൻ, ദി യുണൈറ്റഡ് സ്റ്റേറ്റ്സ് ആൻഡ് ഇന്ത്യാസ് സീക്രട്ട് കോൾഡ് വാർ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ് പോൾ മഗാർ.
New Delhi,Delhi
August 14, 2025 7:08 PM IST