Leading News Portal in Kerala

ഡൽഹിയിലെ ഹുമയൂൺ കുടീരത്തിലെ താഴികക്കുടം തകർന്നു വീണുണ്ടായ അപകടത്തിൽ 5 മരണം Five people died after the roof of the Sharif Patte Shah Dargah in Humayuns Tomb complex collapsed in Delhi | India


Last Updated:

പരിക്കേറ്റ എല്ലാവരെയും അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു

News18News18
News18

ന്യൂഡൽഹിയിലെ നിസാമുദ്ദീൻ പ്രദേശത്തെ ഹുമയൂണിന്റെ ശവകുടീര സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ദർഗയുടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ 5 പേർ മരിച്ചു.ഹുമയൂണിന്റെ ശവകുടീരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ദർഗ ഷെരീഫ് പട്ടേ ഷായിലെ ഒരു മുറിയുടെ മേൽക്കൂരയാണ് തകർന്ന് വീണത്.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ടതും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമായ മുഗൾ ചക്രവർത്തി ഹുമയൂണിന്റെ ശവകുടീരത്തിന് ചുറ്റുമുള്ള മതപരമായ ഘടനകളും ഉദ്യാനങ്ങളും ഉൾപ്പെടുന്ന പതിനാറാം നൂറ്റാണ്ടിലെ ഒരു സമുച്ചയത്തിന്റെ ഭാഗമാണ് ദർഗ.

ഉച്ചകഴിഞ്ഞ് 3:55 നാണ് കെട്ടിടത്തിന്റെ മേൽക്കുര തകർന്നതുമായി ബന്ധപ്പെട്ട് കോൾ ലഭിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഉടൻതന്നെ രക്ഷാപ്രവർത്തനത്തിനുള്ള സംഘങ്ങൾ സ്ഥത്തെത്തി.അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 10 മുതൽ 12 വരെ പേരെ പുറത്തെടുത്തെന്നും പരിക്കേറ്റ എല്ലാവരെയും എയിംസ് ട്രോമ സെന്റർ, എൽഎൻജെപി ആശുപത്രി എന്നിവയുൾപ്പെടെ അടുത്തുള്ള ആശുപത്രികളിലേക്ക് അയച്ചുവെന്നും പൊലീസ് പറഞ്ഞു.ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്), ഡൽഹി പോലീസ്, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) എന്നിവയുൾപ്പെടെ നിരവധി ഏജൻസികൾ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി.

ഹുമയൂണിന്റെ ശവകുടീരത്തിന്റെ പ്രധാന താഴികക്കുടമല്ല, മറിച്ച് സമുച്ചയത്തിനടുത്തുള്ള ഒരു ചെറിയ കെട്ടിടമാണ് തകർച്ചയിൽ ഉൾപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. എട്ട് മുതൽ ഒമ്പത് വരെ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. കെട്ടിടത്തിന്റെ ഘടനാപരമായ ബലക്കുറവാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. അടുത്തിടെയുണ്ടായ കനത്ത മഴയാണ് ഇതിന് കാരണമെന്ന് കരുതുന്നു. കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഹുമയൂൺ ശവകുടീരത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമായി ദീർഘകാലമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആഗാ ഖാൻ ട്രസ്റ്റ് ഫോർ കൾച്ചറിലെ (എകെടിസി) കൺസർവേഷൻ ആർക്കിടെക്റ്റ് രതീഷ് നന്ദ പറഞ്ഞു.