Leading News Portal in Kerala

വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍; ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20ന് | Global meet of Ayyappa Devotees in Kerala in September | Kerala


Last Updated:

ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം

ശബരിമലശബരിമല
ശബരിമല

ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ അണിചേരും. കേന്ദ്രമന്ത്രിമാര്‍, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായാണ് സംഗമം ഒരുക്കുന്നത്. ലോകമെങ്ങുമുള്ള അയ്യപ്പന്‍മാരെ കേള്‍ക്കാനുള്ള അവസരമാണിതെന്ന് മന്ത്രി പറഞ്ഞു.

പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടത്തിന്‍ കീഴില്‍ പ്രധാന സ്വാഗതസംഘം ഓഫീസ് തുറക്കും. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗത സംഘം ഓഫീസുണ്ടാകും. പ്രതിനിധികളെ സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തും. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലാകും താമസസൗകര്യം. പ്രതിനിധികള്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ഒരുക്കും. പമ്പയിലടക്കമുള്ള ആശുപത്രികളില്‍ ആധുനിക ചികിത്സാ സൗകര്യം ഉറപ്പാക്കും. ഹില്‍ ടോപ്പിലാകും വാഹനങ്ങളുടെ പാര്‍ക്കിങ്ങ്. സന്നദ്ധ സംഘടനകളുടെ സേവനമടക്കം ശുചീകരണ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കും.

ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ശബരിമലയടക്കം വികസന പാതയിലാണ്. 1300 കോടിയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. ശബരിമല വിമാനത്താവളം, റെയില്‍പാതയടക്കമുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു. 2028ല്‍ വിമാനത്താവളം കമ്മിഷന്‍ ചെയ്യാനാണ് ഉദ്ദേശ്യം. ലോകമെങ്ങുമുള്ള അയ്യപ്പ ഭക്തരുടെ ക്രിയാത്മക നിര്‍ദേശം ശേഖരിക്കും. എല്ലാവരെയും പങ്കെടുപ്പിച്ച് സുതാര്യമായാണ് സംഗമം സംഘടിപ്പിക്കുന്നത്. ഭക്തരുടെ താല്‍പര്യം സംരക്ഷിച്ച് ആചാരാനുഷ്ഠാനം പാലിക്കും. തന്ത്രിയുടേതടക്കം അഭിപ്രായം സ്വീകരിക്കും. വിവിധ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തുന്നതായും മന്ത്രി അറിയിച്ചു.

ശബരിമല ചരിത്രത്തിലെ പുതിയ അധ്യായമാകും ആഗോള അയ്യപ്പസംഗമമെന്ന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ പമ്പയിലാകും. ശബരിമലയുടെ വികസനത്തിനുതകുന്ന പദ്ധതി ചര്‍ച്ച ചെയ്യുമെന്നും എംഎല്‍എ പറഞ്ഞു. ഓരോ വര്‍ഷവും ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് അയ്യപ്പ സംഗമത്തിലൂടെ പ്രസക്തി കൂടുതല്‍ ഉയരുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

ശബരിമലയുടെ വിശ്വാസ, ആചാരങ്ങള്‍ ലോകമെങ്ങുമുള്ള ഭക്തര്‍ക്ക് ഓര്‍മയില്‍ തങ്ങളാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്താന്‍ സംഗമത്തിലൂടെ സാധിക്കുമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു. അയ്യപ്പ സംഗമത്തിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും ടൂറിസം, വനംവകുപ്പ്, കുടുംബശ്രീ തുടങ്ങിയവയുടെ സ്റ്റാളുകളുടെ സാധ്യത പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. റവന്യു- ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.