ബെംഗളൂരുവിലെ നിര്‍മാണ പ്ലാന്റില്‍ ഐഫോണ്‍ 17 ഉത്പാദനം ആരംഭിച്ചു; ഫോക്‌സ്‌കോണിന്റെ ലോകത്തെ രണ്ടാമത്തെ വലിയ ഫാക്ടറി|Production of iPhone 17 starts at Bengaluru’s Foxconn manufacturing plant in Devanahalli | Money
Last Updated:
ചൈനയ്ക്ക് ശേഷം ഫോക്‌സ്‌കോണിന്റെ രണ്ടാമത്തെ വലിയ ആഗോള യൂണിറ്റാണ് ബംഗളൂരുവിലേത്
ഫോക്സ്കോണിന്റെ ബെംഗളൂരുവിലെ നിർമാണ പ്ലാന്റിൽ ഐഫോണ്‍ 17ന്റെ ഉത്പാദനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ദേവനഹള്ളിക്ക് സമീപമുള്ള ഫോക്‌സ്‌കോണിന്റെ ഫാക്ടറിയിലാണ് ഐഫോണ്‍ 17 നിര്‍മിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തുടക്കത്തില്‍ ചെറിയ അളവിലായിരിക്കും ഐഫോണ്‍ 17 നിര്‍മിക്കുക. ആപ്പിളിന്റെ ഇന്ത്യയിലെ ഉത്പാദന വളര്‍ച്ചയിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്. ചൈനയ്ക്ക് ശേഷം ഫോക്‌സ്‌കോണിന്റെ രണ്ടാമത്തെ വലിയ ആഗോള യൂണിറ്റാണ് ബംഗളൂരുവിലേത്.
ബെംഗളൂരു യൂണിറ്റ് ഇപ്പോഴും പ്രവര്‍ത്തനത്തിന്റെ ആരംഭ ഘട്ടത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫോക്‌സ്‌കോണിന്റെ ചെന്നൈ പ്ലാന്റില്‍ ഇതിനോടകം തന്നെ ഐഫോണ്‍ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആപ്പിളും ഫോക്‌സ്‌കോണും ഇത് പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയെ ഒരു പ്രധാന ഉത്പാദന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ആപ്പിളിന്റെ വേഗത്തിലുള്ള നീക്കത്തിന് ഈ നീക്കം അടിവരയിടുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ചൈനീസ് എഞ്ചിനീയര്‍മാര്‍ അപ്രതീക്ഷിതമായി മടങ്ങിപ്പോയതിനാല്‍ ഈ വര്‍ഷം ആദ്യം ബെംഗളൂരു പ്ലാന്റിലെ ഉത്പാദനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തായ്‌വാനില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നുമുള്ള സാങ്കേതിക വിദഗ്ധരെ വേഗത്തിൽ എത്തിച്ചാണ് ഫോക്‌സ്‌കോണ്‍ ഈ വിടവ് നികത്തിയത്.
ജൂണ്‍ പാദത്തില്‍ അമേരിക്കയില്‍ വില്‍ക്കുന്ന മിക്ക ഐഫോണുകളും ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് കര്‍ണാടക വ്യവസായമന്ത്രി എംബി പാട്ടീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ടെക് വിശകലന വിദഗ്ധരും ബംഗളൂരു നിവാസികളും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു.
2023ലാണ് 2.8 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 25,000 കോടി രൂപ) കരാറില്‍ കര്‍ണാടക സര്‍ക്കാരും ഫോക്‌സ്‌കോണും ഒപ്പിട്ടത്. ആയിരക്കണക്കിന് പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ദേവനഹള്ളി മേഖലയെ ഒരു ഹൈടെക്ക് നിര്‍മാണ കേന്ദ്രമാക്കി മാറ്റാനും ഈ കരാര്‍ ലക്ഷ്യമിടുന്നു.
Bangalore [Bangalore],Bangalore,Karnataka
August 18, 2025 9:52 AM IST
ബെംഗളൂരുവിലെ നിര്‍മാണ പ്ലാന്റില്‍ ഐഫോണ്‍ 17 ഉത്പാദനം ആരംഭിച്ചു; ഫോക്‌സ്‌കോണിന്റെ ലോകത്തെ രണ്ടാമത്തെ വലിയ ഫാക്ടറി