ഏഴ് രാജ്യങ്ങളിലൂടെ, 7100 കി.മീ. സൈക്കിളിൽ; ലഹരിക്കെതിരേ പോലീസുകാരൻ്റെ ലോകയാത്ര|kerala policeman world tour against drug abuse 7100 km Cycle through seven countries | Kerala
Last Updated:
യാത്രയാണ് ലഹരി എന്ന സന്ദേശം ലോകത്തിന് നൽകിക്കൊണ്ട്, ലഹരിവിരുദ്ധ പ്രചാരണത്തിനായാണ് അലക്സ് ഈ സാഹസിക യാത്ര നടത്തുന്നത്
ഏഴ് രാജ്യങ്ങളിലായി 7100 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിക്കുകയെന്ന വലിയ ലക്ഷ്യവുമായി ഒരുങ്ങുകയാണ് കേരള പോലീസ് ഉദ്യോഗസ്ഥനായ അലക്സ് വർക്കി. യാത്രയാണ് ലഹരി എന്ന സന്ദേശം ലോകത്തിന് നൽകിക്കൊണ്ട്, ലഹരിവിരുദ്ധ പ്രചാരണത്തിനായാണ് അലക്സ് ഈ സാഹസിക യാത്ര നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് പ്രത്യേക അനുമതിയും അവധിയും നേടിയാണ് അലക്സ് ഈ യാത്രയ്ക്ക് തയ്യാറെടുക്കുന്നത്.
ആലപ്പുഴയിലെ പുന്നപ്ര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ 38-കാരനായ അലക്സ്, 94 ദിവസങ്ങൾക്കുള്ളിൽ ഈ ലക്ഷ്യം പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്. ഈ ലോകയാത്രയുടെ ഭാഗമായി, വിയറ്റ്നാം മുതൽ ബാലി വരെയാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹത്തിൻ്റെ സുഹൃത്തും ഐ.ടി. പ്രൊഫഷണലുമായ സായിസും ഈ യാത്രയിൽ ഒപ്പമുണ്ടാകും. ഈ യാത്ര യുവാക്കൾക്ക് ഒരു പ്രചോദനമാകുമെന്നാണ് അലക്സിന്റെ പ്രതീക്ഷ.
തകഴി സ്വദേശിയായ അലക്സിന് സൈക്കിളിംഗ് ഒരു ഹരമാണ്. കേരളം മുഴുവൻ സൈക്കിളിൽ സഞ്ചരിച്ച അദ്ദേഹം മുമ്പ് കശ്മീർ വരെ സൈക്കിളിൽ യാത്ര ചെയ്തിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിന് കൊച്ചിയിൽനിന്ന് വിമാനമാർഗം വിയറ്റ്നാമിലേക്ക് പോകും. അവിടെനിന്ന് സൈക്കിളിൽ യാത്ര തുടങ്ങി, ലാവോസ്, തായ്‌ലൻഡ്, കംബോഡിയ, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലൂടെ കടന്ന് ബാലിയിൽ യാത്ര അവസാനിപ്പിക്കും.
Thiruvananthapuram,Kerala
August 18, 2025 9:56 PM IST