‘മുന്നണിമാറ്റത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല; ചെന്നിത്തലയുടേത് സൗഹൃദ സന്ദർശനം’: എം വി ശ്രേയാംസ് കുമാർ| Chennithalas visit was a friendly visit not thought about changing front says MV Shreyams Kumar | Kerala
Last Updated:
കഴിഞ്ഞ ദിവസമാണ് രമേശ് ചെന്നിത്തല എം വി ശ്രേയാംസ്കുമാറിനെ വീട്ടിൽ സന്ദർശിച്ചത്. ആർജെഡിയുടെ മുന്നണിമാറ്റവുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനമെന്നായിരുന്നു റിപ്പോർട്ടുകൾ
കോഴിക്കോട്: മുന്നണി മാറ്റത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് ആർജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നടത്തിയത് സൗഹൃസന്ദര്‍ശനമാണെന്നും അദ്ദേഹം പ്രതികരിച്ചു. ‘രാഷ്ട്രീയം വേറെ വ്യക്തിബന്ധം വേറെ. മുന്നണി മാറ്റം സംബന്ധിച്ച് ചിന്തിച്ചിട്ട് പോലുമില്ല. രമേശ് ചെന്നിത്തല ഇങ്ങോട്ട് വിളിച്ച് ബന്ധപ്പെട്ട ശേഷമാണ് വീട്ടിലേക്ക് വന്നത്. മുന്നണിയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് പറയാനാവില്ല. എല്ലാ പ്രശ്നങ്ങളും പരിഹരിയ്ക്കാനുമാവില്ല’- ശ്രേയാംസ് കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രമേശ് ചെന്നിത്തല എം വി ശ്രേയാംസ്കുമാറിനെ വീട്ടിൽ സന്ദർശിച്ചത്. ആർജെഡിയുടെ മുന്നണിമാറ്റവുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാല്‍ നടന്നത് സൗഹൃദ ചര്‍ച്ച മാത്രമാണെന്നും മുന്നണി മാറ്റം ആലോചിക്കുന്നില്ലെന്നുമായിരുന്നു ആര്‍ജെഡിയുടെ പ്രതികരണം.
യുഡിഎഫ് മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി ആർജെഡിയെ തിരിച്ചെത്തിക്കാൻ യുഡിഎഫിൽ നീക്കം തുടങ്ങിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫ് വിപുലീകരണത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കാനാണു ശ്രമം. എൽഡിഎഫിൽ വേണ്ടത്ര പരിഗണന കിട്ടില്ലെന്ന പരാതിയൂം ആർജെഡിക്കുമുണ്ട്.
യുഡിഎഫിലായിരിക്കെ മത്സരിക്കാൻ 7 നിയമസഭാ സീറ്റ് ലഭിച്ചിരുന്നു. ഒപ്പം ഒരു ലോക്സഭാ സീറ്റും രാജ്യസഭാ സീറ്റും കിട്ടി. കൂടുതൽ പ്രതീക്ഷകളോടെ എൽഡിഎഫിലെത്തിയ പാർട്ടിയെ തീർത്തും അവഗണിക്കുന്ന സമീപനമാണു സിപിഎമ്മിൽനിന്നുണ്ടായതെന്ന വിലയിരുത്തലിലാണ് പാർട്ടി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 3 സീറ്റാണ് മത്സരിക്കാൻ ലഭിച്ചത്. എം പി വീരേന്ദ്രകുമാറിനു യുഡിഎഫ് അനുവദിച്ച രാജ്യസഭാ സീറ്റ് തുടർന്ന് എം വി ശ്രേയാംസ്കുമാറിന് എൽഡിഎഫിൽ കിട്ടിയെങ്കിലും ആ കാലാവധി പൂർത്തിയാക്കിയശേഷം ലഭിച്ചില്ല. ലോക്സഭാ സീറ്റ് അനുവദിക്കാത്തതിനെക്കാളും പാർട്ടിയെ ചൊടിപ്പിച്ചത് മന്ത്രിസഭയിൽനിന്ന് മാറ്റിനിർത്തിയതാണ്. 4 ഏകാംഗ കക്ഷികൾക്കു രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പകുത്തുനൽകിയിട്ടും ആർജെഡിയെ പരിഗണിച്ചില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ 2 സീറ്റ് വീതം സിപിഎമ്മിനും സിപിഐക്കും നൽകിയ ആർജെഡിയോട് കേരളത്തിൽ അതേ നീതി തിരിച്ചുകാട്ടിയില്ലെന്ന അമർഷം പാർട്ടി നേതൃത്വത്തിനുണ്ട്.
Kozhikode [Calicut],Kozhikode,Kerala
August 18, 2025 2:04 PM IST
‘മുന്നണിമാറ്റത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല; ചെന്നിത്തലയുടേത് സൗഹൃദ സന്ദർശനം’: എം വി ശ്രേയാംസ് കുമാർ