Leading News Portal in Kerala

ഇസ്ലാമിക് സ്റ്റേറ്റ് 4000 ഇരകളെ ഇട്ടുമൂടിയതായി സംശയം; ഇറാക്കിലും ശ്മശാനം കുഴിച്ച് പരിശോധന|Iraq starts excavating mass grave of suspected Islamic State victims | World


ഇരകളെ തിരിച്ചറിയുന്നതിനും അവരുടെ ബന്ധുക്കള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും അവകാശങ്ങളും ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും നിയമപരവും സാങ്കേതികപരവുമായ എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുമെന്ന് സര്‍ക്കാര്‍ വക്താവ് ബാസെം അല്‍-അവാദി പ്രസ്താവനയില്‍ അറിയിച്ചു.

വടക്കന്‍ നിനവെ പ്രവിശ്യയിലെ അല്‍-ഖസ്ഫ കൂട്ടക്കുഴിമാടത്തില്‍ നിരപരാധികളായ ആയിരക്കണക്കിന് ഇറാക്കി ഇരകളുടെ മൃതദേഹങ്ങള്‍ ഉള്ളതായി കരുതുന്നുവെന്ന് അല്‍-അവാദി പറഞ്ഞു.

ഞായറാഴ്ചയാണ് ശ്മശാനം തുറന്ന് പരിശോധന ആരംഭിച്ചതതെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു. 2014നും 2017നും ഇടയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് വടക്കന്‍ ഇറാക്കിലെ വലിയൊരു ഭാഗം നിയന്ത്രിച്ചിരുന്നത്. ഇക്കാലയളവില്‍ അവര്‍ കൊലപ്പെടുത്തിയ 20,000 പേരുടെ മൃതദേഹങ്ങള്‍ ഈ ശ്മശാനത്തില്‍ ഉണ്ടെന്ന് കരുതുന്നതായി നിനവെ ഗവര്‍ണര്‍ അബ്ദുള്‍ ഖാദിര്‍ അല്‍ ദഖില്‍ പറഞ്ഞു.

നിയമസംവിധാനം, ഫൊറന്‍സിക് വിദഗ്ധര്‍, ഇറാഖ്‌സ് മാര്‍ട്ടിയാര്‍സ് ഫൗണ്ടേഷന്‍, കൂട്ടക്കുഴിമാടങ്ങളുടെ ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് പ്രാദേശിക അധികൃതര്‍ പരിശോധന നടത്തുന്നതെന്ന് ഇറാക്കി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിനവെ ഗവര്‍ണര്‍ അബ്ദുള്‍ ഖാദിര്‍  അല്‍ ദഖിലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇപ്പോള്‍ പരിശോധന നടത്തുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു.

തുടക്കത്തില്‍ ദൃശ്യമായ മനുഷ്യാവശിഷ്ടങ്ങളും ഉപരിതല തെളിവുകളും മാത്രമാണ് ശേഖരിക്കുന്നത്. അതേസമയം, പൂര്‍ണതോതിലുള്ള പരിശോധന നടത്തുന്നതിന് അന്താരാഷ്ട്ര പിന്തുണ ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 15 ദിവസത്തെ പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥര്‍ ഒരു ഡാറ്റാബേസ് തയ്യാറാക്കുകയും സംശയിക്കപ്പെടുന്ന ഇരകളുടെ കുടുംബങ്ങളില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യും.

ഇരകളെ കൃത്യമായി തിരിച്ചറിയുന്നത് ഉറപ്പാക്കാന്‍ ലാബോറട്ടറി നടപടിക്രമങ്ങളും ഡാറ്റാബേസും ആദ്യം നടത്തണമെന്ന് മാർട്ടിയേഴ്‌സ് ഫൗണ്ടേഷന്റെ കൂട്ടക്കുഴിമാടങ്ങളുടെ ഉത്ഖനന വിഭാഗം മേധാവി അഹമ്മദ് ഖുസായ് അൽ-അസാദി വിശദീകരിച്ചു. ഇവിടെ സള്‍ഫര്‍ വെള്ളവും സ്‌ഫോടക വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ പൂര്‍ണമായ രീതിയിലുള്ള പരിശോധന നടത്താന്‍ കഴിയൂവെന്ന് അധികൃതര്‍ അറിയിച്ചു. ഖസ്ഫ വളരെ സങ്കീര്‍ണമായ ഒരു സ്ഥലമാണെന്ന് അദ്ദേഹം പറഞ്ഞു.

സാക്ഷി മൊഴികളുടെയും ഇരകളുടെ കുടുംബങ്ങളില്‍ നിന്നുമുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങളുടെയും മറ്റ് അനൗദ്യോഗിക സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ ഇവിടെ ആയിരക്കണക്കിന് ഇരകളെ അടക്കം ചെയ്തിട്ടുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇറാക്കിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് കൊലപ്പെടുത്തിയതായി കരുതുന്ന ആയിരക്കണക്കിന് ആളുകളുടെ മൃതദേഹങ്ങള്‍ അടങ്ങിയ നിരവധി കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാക്കിലും സിറിയയിലുമായി യുകെയുടെ പകുതിവലുപ്പമുള്ള ഒരു പ്രദേശം ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു. ഇറാക്കിലെ ഏറ്റവും പഴയ മതന്യൂനപക്ഷങ്ങളില്‍ ഒന്നായ യസീദി വിഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകളെ അവര്‍ ശിരഛേദനം ചെയ്യുകയും അടിമകളാക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു.

ഖസ്ഫയെ ആധുനിക ഇറാക്ക് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുഴിമാടമായി കണക്കാക്കുന്നുവെന്ന് നിനവെയില്‍ കാണാതായ 70 ലധികം പേരുടെ കേസുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അഭിഭാഷകനായ റബാഹ് നൂറി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഖസ്ഫയിലെ മനുഷ്യാവശിഷ്ടങ്ങളില്‍ 70 ശതമാനവും ഇറാക്കി സൈനികരും പോലീസ് ഉദ്യോഗസ്ഥരും യസീദികള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഇരകളുടേതുമാണെന്ന് കരുതപ്പെടുന്നു.