Leading News Portal in Kerala

രണ്ടാഴ്ചക്കുള്ളിൽ പുടിൻ-സെലെൻസ്കി കൂടിക്കാഴ്ച; ഉഭയകക്ഷി സമാധാന ചര്‍ച്ചയ്ക്കുള്ള വഴിയൊരുങ്ങിയതായി ട്രംപ്| Donald Trump held meeting with Zelenskyy said began arrangements for bilateral meeting | World


Last Updated:

ചർച്ചയ്‌ക്കിടെ 40 മിനിറ്റോളം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഡോണൾ‍ഡ് ട്രംപ് ഫോണിൽ സംസാരിച്ചു. റഷ്യ – യുക്രെയ്‌ൻ നേർക്കുനേർ ചർച്ചയെന്ന ആശയത്തെ പുടിൻ അംഗീകരിച്ചെന്ന് നേതാക്കൾ വ്യക്തമാക്കി

(Reuters Image)(Reuters Image)
(Reuters Image)

വാഷിങ്ടണ്‍: റഷ്യയുമായി സമാധാന കരാറിന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുമായി നടത്തിയ ചർച്ച ഫലപ്രദമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. വെടിനിർത്തൽ അടക്കമുള്ള കാര്യങ്ങളിൽ ധാരണയായില്ലെന്നാണ് വിവരം. ഭൂമി വിട്ടുകൊടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കാൻ റഷ്യയും യുക്രെയ്‌‌നും തമ്മിൽ ചർച്ച നടത്തും. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പുടിൻ- സെലൻസ്‌കി ചർച്ചക്ക് വഴിയൊരുക്കും. ചർച്ചയുടെ വേദി പിന്നീട് തീരുമാനിക്കും. തുടർന്ന് റഷ്യ -യുക്രെയ്‌ൻ – യുഎസ് ത്രികക്ഷി സമ്മേളനം നടത്താനും തീരുമാനമായി.

ആദ്യം വെടിനിർത്തൽ വേണമെന്ന് ജര്‍മനിയും ഫ്രാൻസും ചർച്ചയിൽ ആവശ്യപ്പെട്ടു. ചർച്ചയ്‌ക്കിടെ 40 മിനിറ്റോളം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഡോണൾ‍ഡ് ട്രംപ് ഫോണിൽ സംസാരിച്ചു. റഷ്യ – യുക്രെയ്‌ൻ നേർക്കുനേർ ചർച്ചയെന്ന ആശയത്തെ പുടിൻ അംഗീകരിച്ചെന്ന് നേതാക്കൾ വ്യക്തമാക്കി. ഉപാധികളില്ലാത്ത ചർച്ചയ്‌ക്ക് തയാറെന്ന് സെലൻസ്‌കി അറിയിച്ചു. യുക്രെയ്‌ന് ഭാവിയിൽ സുരക്ഷാ ഉറപ്പ് നൽകാൻ ചർച്ചയിൽ ധാരണയായി. യൂറോപ്യൻ രാജ്യങ്ങളും യുഎസും ഇതിൽ പങ്കുവഹിക്കും.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫിൻലൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

സമാധാനത്തിലേക്കുള്ള ചുവടുവയ്‌‌‌പ്പെന്നാണ് യുറോപ്യൻ നേതാക്കൾ ചർച്ചയോട് പ്രതികരിച്ചത്. ചർച്ച അവസാനിച്ചതിനെ തുടർന്ന് യുറോപ്യൻ നേതാക്കൾ വൈറ്റ് ഹൗസിൽ നിന്നു മടങ്ങി.

നേരത്തെ, കൂടിക്കാഴ്ചയ്‌ക്കു മുൻപ് ട്രംപും സെലൻസ്‌കിയും മാധ്യമങ്ങളെ കണ്ടു. സമാധാനശ്രമത്തിന് ട്രംപിന് നന്ദി പറഞ്ഞ സെലൻസ്കി, യുദ്ധം അവസാനിപ്പിക്കാൻ സഹായം വേണമെന്നും ആവശ്യപ്പെട്ടു. സെലൻസ്കിയും പുടിനും സമാധാനം ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു. എല്ലാം നന്നായി ഭവിച്ചാൽ ഇന്ന് യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും വൈറ്റ് ഹൗസിലുണ്ടായിരുന്നു.

യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി അലാസ്കയിൽ നടന്ന പുടിൻ – ട്രംപ് ഉച്ചക്കോടിക്ക് ശേഷമാണ് തിങ്കളാഴ്ച ട്രംപ് – സെലെൻസ്‌കി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ഫെബ്രുവരിയിൽ നടന്ന സെലൻസ്കി – ട്രംപ് കൂടിക്കാഴ്ച തർക്കത്തിൽ കലാശിച്ചിരുന്നു.

Summary: In a massive announcement after the White House Summit on Monday, President Donald Trump said that he dialled his Russian counterpart Vladimir Putin and “began arrangements for a meeting” with Ukraine’s Volodymyr Zelenskyy. Though he did not name the location where the proposed meeting would take place, the President said that the place is yet to be determined.

മലയാളം വാർത്തകൾ/ വാർത്ത/World/

രണ്ടാഴ്ചക്കുള്ളിൽ പുടിൻ-സെലെൻസ്കി കൂടിക്കാഴ്ച; ഉഭയകക്ഷി സമാധാന ചര്‍ച്ചയ്ക്കുള്ള വഴിയൊരുങ്ങിയതായി ട്രംപ്