Leading News Portal in Kerala

30 ദിവസം തടവിലായാൽ പ്രധാനമന്ത്രിയടക്കം മന്ത്രിമാരുടെ കസേര തെറിക്കും; പുതിയ ബില്ല് ലോക്സഭയിലേക്ക്| Union Home Minister Amit Shah set to introduce three bills aimed at addressing corruption allegations against incumbent ministers | India


Last Updated:

അഴിമതി കുറയ്ക്കാനുള്ള നീക്കമാണിതെന്ന വിശദീകരണമാണ് കേന്ദ്രസർക്കാർ നൽകുന്നത്

അമിത് ഷാഅമിത് ഷാ
അമിത് ഷാ

ന്യൂഡൽഹി: ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ 30 ദിവസമെങ്കിലും ജയിലിൽ കഴിയേണ്ടി വന്നാൽ സ്ഥാനം നഷ്ടപ്പെടുന്ന നിർണായക ഭേദഗതി ബില്ലുകൾ കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ഇതിലൊന്നു ഭരണഘടനാ ഭേദഗതി ബില്ലാണ്. ഇതുവരെ, ഭരണഘടന പ്രകാരം ശിക്ഷിക്കപ്പെട്ട ജന പ്രതിനിധികളെ മാത്രമേ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇനി കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട കേന്ദ്രമന്ത്രിമാർക്കും, മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിക്കും വരെ ബിൽ ബാധകമാകും.

5 വർഷമെങ്കിലും തടവു ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട കേന്ദ്രമന്ത്രിമാർ 30 ദിവസമെങ്കിലും പൊലീസ് കസ്റ്റഡിയിൽ തുടരുന്ന സാഹചര്യമുണ്ടായാൽ മന്ത്രിയെ നീക്കംചെയ്യാൻ പ്രധാനമന്ത്രി രാഷ്ട്രപതിയോടു ശുപാർശ ചെയ്യണം. പ്രധാനമന്ത്രി അഥവാ ശുപാർശ ചെയ്തില്ലെങ്കിലും 31-ാം ദിവസം കേന്ദ്രമന്ത്രിയുടെ സ്ഥാനം തനിയെ നഷ്ടപ്പെടും. ഇനി പ്രധാനമന്ത്രിയാണ് അറസ്റ്റിലാകുന്നതെങ്കിൽ രാജിവയ്ക്കണം. രാജിവച്ചില്ലെങ്കിൽ 31–ാം ദിവസം സ്ഥാനം തനിയെ നഷ്ടമാകും.

സംസ്ഥാനങ്ങളിൽ മന്ത്രിമാർ ഇത്തരത്തിൽ അറസ്റ്റിലായാൽ സ്ഥാനത്തുനിന്നു നീക്കാൻ മുഖ്യമന്ത്രി ഗവർണറോടു ശുപാർശ ചെയ്യണം. കേന്ദ്രഭരണപ്രദേശമെങ്കിൽ രാഷ്ട്രപതിക്കാണ് ശുപാർശ നൽകേണ്ടത്.

ഇനി മുഖ്യമന്ത്രി തന്നെയാണ് അറസ്റ്റിലാകുന്നതെങ്കിൽ സ്വയം രാജിവയ്ക്കണം. ഇല്ലെങ്കിൽ 31–ാം ദിവസം പദവി തനിയെ നഷ്ടമാകും. കസ്റ്റഡിയിൽനിന്നു മോചിപ്പിക്കപ്പെട്ടാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പുനർനിയമിക്കാനും കഴിയും.

പരിഗണിക്കുന്ന ക്രിമിനൽ കുറ്റങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും, കുറഞ്ഞത് അഞ്ച് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കണം ചുമത്തിയിരിക്കുന്നത്. കൊലപാതകം, വലിയ തോതിലുള്ള അഴിമതി എന്നിവ പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടും. അഴിമതി കുറയ്ക്കാനുള്ള നീക്കമാണിതെന്ന വിശദീകരണമാണ് കേന്ദ്രസർക്കാർ നൽകുന്നത്.

വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും വിഷയം ചർച്ച ചെയ്യാൻ ബുധനാഴ്ച രാവിലെ യോഗം വിളിച്ചിട്ടുണ്ട്. അതേസമയം 130-ാം ഭരണഘടനാ ഭേദഗതി ബില്ലിന് പുറമേ കേന്ദ്രഭരണപ്രദേശ ഭരണ ഭേദഗതി ബില്ലും, ജമ്മു-കശ്മീർ പുനഃസംഘടനാ ഭേദഗതി ഇന്ന് പാർലമെന്ററി കമ്മിറ്റിക്ക് കൈമാറാൻ സാധ്യതയുണ്ട്. ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബില്ലും അവതരിപ്പിക്കും.

Summary: Union Home Minister Amit Shah is set to introduce three bills on Wednesday aimed at addressing corruption allegations against incumbent ministers. Among them, Shah is likely to table the 130th Constitutional Amendment Bill, which will introduce Section 5A to Article 239Aa to address the issue of the removal of elected representatives—prime ministers, chief ministers, and ministers, etc—arrested or detained on serious criminal charges.