നെൽ കർഷകരുടെ പണം തിരുവോണത്തിനകം കൊടുക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 29 ന് ധർണ; കേരള സംയുക്ത കര്‍ഷക വേദി|Kerala Samyukta Karshaka Vedi to hold dharna on August 29 demanding payment of paddy farmers money by Thiruvonam | Kerala
Last Updated:
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 10,800 കോടിരൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനായി കേന്ദ്രം കേരളത്തിന് നല്‍കിയിട്ടുള്ളത്
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനടപടികള്‍ക്കെതിരെ വിവിധ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ കേരള സംയുക്ത കര്‍ഷക വേദി രൂപീകരിച്ചു. കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് ഭാവിപരിപാടികള്‍ക്കും പാലക്കാട് ചേർന്ന കർഷക കൺവൻഷൻ രൂപം നല്‍കി.”കൃഷി വളരണം.. കര്‍ഷകന് ജീവിക്കണം” എന്ന മുദ്രാവാക്യവുമായി 29ന് സെക്രട്ടറിയേറ്റിന് മുന്നില്‍ കര്‍ഷക ധര്‍ണ നടത്താനും നെല്‍കര്‍ഷക സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചതായി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തിരുവോണത്തിനകം കര്‍ഷകരുടെ പണം കൊടുക്കണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 10,800 കോടിരൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനായി കേന്ദ്രം കേരളത്തിന് നല്‍കിയിട്ടുള്ളത്.കേന്ദ്രം നല്‍കിയ പണം കേരള സര്‍ക്കാരിന്റെ കൈയിലുണ്ടായിട്ടും നല്‍കാത്തത് ചൂഷണമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില 5.1 രൂപ വര്‍ധിപ്പിച്ചപ്പോള്‍ കേരളം വെട്ടികുറയ്ക്കുകയാണ് ഉണ്ടായത്. കേന്ദ്രത്തിന് ആനുപാതികമായി കേരളവും വര്‍ധിപ്പിച്ചിരുന്നു എങ്കിൽ കര്‍ഷകര്‍ക്ക് ഒരു കിലോയ്ക്ക് 33 രൂപ ലഭിക്കുമായിരുന്നു.
നെല്ലെടുത്താല്‍ പണം നല്‍കാനുള്ള നിയമപരമായ ബാധ്യത സര്‍ക്കാരിനുണ്ടെന്നും അത് ഔദാര്യമല്ല എന്നും കുമ്മനം പറഞ്ഞു. നെല്ല് സംഭരിച്ചുകഴിഞ്ഞാല്‍ 48 മണിക്കൂറിനകം വില നല്‍കണമെന്ന് കേന്ദ്രവും- സംസ്ഥാനവും തമ്മില്‍ ഒപ്പിട്ട ധാരണാപ്രതത്തില്‍ പറയുന്നു. നിബന്ധനകള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നെല്ല് സംഭരിക്കാന്‍ തയ്യാറാണെന്നും ധാരാണാപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ എഫ്‌സിഐയാണ് നെല്ലെടുക്കുന്നത്.
കേരള സര്‍ക്കാര്‍ പറയുകയാണെങ്കില്‍ കേന്ദ്രീകൃതമായ സംഭരണവ്യവസ്ഥ കൊണ്ടുവരാന്‍ കേന്ദ്രവും എഫ്‌സിഐയും തയ്യാറാണെന്നും കുമ്മനം വ്യക്തമാക്കി. എന്നാല്‍ ഇതിനൊന്നും സര്‍ക്കാര്‍ തയ്യാറല്ല. എന്‍സിസിഎഫ് വഴി നെല്ല് സംഭരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണും മുഴുവന്‍ നെല്ലും സംഭരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷിപ്പണി ഉള്‍പ്പെടുത്തണം.സപ്ലൈകോയുടെ നെല്ലുസംഭരണത്തില്‍ ചുമട്ടുകൂലി, ചാക്കിന്റെ വില എന്നിവ വഹിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. നെല്ല് വില നല്‍കുന്നതിന് പകരം പിആര്‍എസ് വായ്പയായി നല്‍കുന്നത് അവസാനിപ്പിക്കണം. നെല്ല് സംഭരിച്ച് 48 മണിക്കൂറിനകം കര്‍ഷകര്‍ക്ക് പണം ലഭിക്കണം. .
വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കേരളം 104 കോടിരൂപയാണ് കുടിശ്ശികയായി അടയ്ക്കാനുള്ളത്. കേന്ദ്രം 2600 കോടി നല്‍കാനുണ്ടെന്ന് സംസ്ഥാന ഭക്ഷ്യവിതരണ വകുപ്പ് മന്ത്രി പറഞ്ഞത് എന്തിനത്തിലാണെന്നും, അതിന്റെ രേഖകള്‍ സമര്‍പ്പിച്ചോ എന്നും കുമ്മനം ചോദിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളം കേന്ദ്രത്തിന് ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ഉടന്‍ കേരളം സന്ദര്‍ശിച്ച് കര്‍ഷകരില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ആരായുമെന്നും മീന്‍ വളര്‍ത്തലിന് പാടശേഖരങ്ങളെ എങ്ങിനെ ഉപയോഗിക്കാം എന്ന് പഠിക്കാൻ ഫിഷറീസ് വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഒരു സംഘം 22ന് കേരളത്തിലെത്തുമെന്നും കുമ്മനം പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍, ദേശീയ കര്‍ഷകസമാജം പ്രസിഡന്റ് മുതലാംതോട് മണി, അപ്പര്‍ കുട്ടനാട് നെല്‍കര്‍ഷക കൂട്ടായ്മ ഗോപന്‍ ചെന്നിത്തല, ജോര്‍ജ് മാത്യു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Thiruvananthapuram,Kerala
August 20, 2025 8:17 PM IST
നെൽ കർഷകരുടെ പണം തിരുവോണത്തിനകം കൊടുക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 29 ന് ധർണ; കേരള സംയുക്ത കര്‍ഷക വേദി