Leading News Portal in Kerala

‘സംവരണത്തിന്റെ പ്രയോജനം നേടുന്നത് സാമ്പത്തിക പിന്നോക്ക വിഭാഗത്തിലെ ഹിന്ദുവും ക്രിസ്ത്യാനിയും’ കോൺഗ്രസ് നേതാവ് വി.ടി ബല്‍റാം|hindus and christians from economically backward classes are main beneficiaries of reservation says congress leader vt balram | Kerala


മുസ്ലീങ്ങളേക്കാളും ഈഴവരടക്കമുള്ള പിന്നാക്ക ഹിന്ദുക്കളേക്കാളും പിന്നാക്ക കൃസ്ത്യാനികളേക്കാളും ഇന്ന് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നത് EWS (സാമ്പത്തിക പിന്നോക്ക വിഭാഗ) വിഭാഗത്തിൽപ്പെട്ടവർക്കാണെന്ന വസ്തുതയാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ജനസംഖ്യയിൽ 27 ശതമാനത്തോളമുള്ള മുസ്ലീങ്ങൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് വെറും 8 ശതമാനം സംവരണമേയുള്ളൂ. എന്നാൽ ജനസംഖ്യയിൽ പരമാവധി 22-23 ശതമാനം മാത്രം വരുന്ന EWS വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണമാണ് നിലവിലുള്ളത് എന്ന വൈരുധ്യം വി.ടി ബല്‍റാം ചൂണ്ടിക്കാണിച്ചു.

സ്റ്റേറ്റ് മെറിറ്റിനോട് വളരെ അടുത്താണ് ഓരോ സാമൂഹ്യ വിഭാഗത്തിന്റേയും സംവരണ മെറിറ്റ് എന്നത് അതത് വിഭാഗക്കാർ നേടിയ വിദ്യാഭ്യാസപരമായ പുരോഗതിയേ കാണിക്കുന്നു എന്നും ആ നിലയിൽ സമീപകാലത്ത് മുസ്ലീം സമുദായം നേടിയ വിദ്യാഭ്യാസപരമായ വലിയ മുന്നേറ്റത്തെക്കൂടി ഈ കണക്കുകൾ ശരിവക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഒബിസി വിഭാഗങ്ങൾക്ക് മൊത്തത്തിൽ ഉദ്യോഗ മേഖലയിൽ 40% സംവരണം ലഭ്യമാണ് എങ്കിലും വിദ്യാഭ്യാസ മേഖലയിൽ വിവിധ കോഴ്സുകൾക്ക് ഇത് 20 മുതൽ 30 ശതമാനം വരെ മാത്രമാണ്. ഉദ്യോഗ മേഖലയിലേത് പോലെ വിദ്യാഭ്യാസ മേഖലയിലും 40% സംവരണം ഒബിസി വിഭാഗങ്ങൾക്ക് അനുവദിച്ചാൽ നിലവിലുള്ള അസമത്വം അല്പമെങ്കിലും കുറയ്ക്കാൻ സഹായകരമാകും എന്നും വി.ടി ബല്‍റാം പറഞ്ഞു .

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് എന്ന പേരിൽ അനുവദിക്കുന്ന EWS സംവരണത്തിൽ ജാതിമത പരിഗണന കൂടാതെ എല്ലാ പാവപ്പെട്ടവർക്കും അവസരം നൽകിയാൽ അതും യഥാർത്ഥ പാവങ്ങൾക്ക് കൂടി പ്രയോജനം ചെയ്യുമെന്ന് വി.ടി ബല്‍റാം വിലയിരുത്തി.

ഇതിനുള്ള പരിഹാരമായിട്ടാണ് രാജ്യത്ത് അടിയന്തരമായി ഒരു ജാതി സെൻസസ് നടത്തണമെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും നിരന്തരം ആവശ്യപ്പെടുന്നത് എന്നും ഓരോ ജാതി,മത,സാമൂഹ്യ വിഭാഗങ്ങളുടേയും സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ സമഗ്രമായ ഒരു സെൻസസ് നടത്തി കൃത്യമായി രേഖപ്പെടുത്തിയാൽ ഈ അനീതികൾ തിരിച്ചറിയാനും തിരുത്താനും അവസരമൊരുങ്ങും അദ്ദേഹം അഭിപ്രായപ്പെട്ടു

കണക്കുകൾ ഇങ്ങനെ

സ്റ്റേറ്റ് മെറിറ്റ്: 697 റാങ്കുകാരന് വരെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചു.

മറ്റ് സംവരണ വിഭാഗങ്ങൾ

മുസ്ലിം: 916 റാങ്ക് വരെ

ഈഴവ: 1627 റാങ്ക് വരെ

മറ്റ് പിന്നാക്ക ഹിന്ദുക്കൾ: 1902 റാങ്ക് വരെ

വിശ്വകർമ്മ: 2566 റാങ്ക് വരെ

പിന്നാക്ക ക്രിസ്ത്യാനികൾ: 2674 റാങ്ക് വരെ

EWS വിഭാഗം:

മുന്നാക്ക ഹിന്ദു/ക്രിസ്ത്യൻ: 2842-ാം റാങ്കിൽപ്പോലും പ്രവേശനം

എന്താണ് EWS വിഭാ​ഗം?

EWS എന്നാൽ Economically Weaker Section (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം) എന്നതാണ്. ഇന്ത്യയിൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് (general category) സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10% സംവരണം നൽകുന്ന ഒരു വിഭാഗമാണിത്. ഈ സംവരണത്തിന്റെ പ്രധാന ലക്ഷ്യം സാമ്പത്തികമായി ദുർബലരായ മുന്നാക്കക്കാരെ പിന്തുണയ്ക്കുക എന്നതാണ്.

EWS സംവരണത്തിന് അർഹത നേടാൻ, അപേക്ഷകന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയായിരിക്കണം. കൂടാതെ, മറ്റ് നിശ്ചിത മാനദണ്ഡങ്ങളായ ഭൂമിയുടെയും മറ്റ് ആസ്തികളുടെയും പരിധിയിലും ഉൾപ്പെടണം. പട്ടികജാതി (SC), പട്ടികവർഗം (ST), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC) എന്നിവയിലുള്ളവർക്ക് ഈ സംവരണം ലഭിക്കില്ല, കാരണം അവർക്ക് നിലവിൽ മറ്റ് സംവരണാനുകൂല്യങ്ങൾ ലഭ്യമാണ്

വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം

മെഡിക്കൽ, ഡന്റൽ പ്രവേശന അലോട്ട്മെന്റ്‌ ആദ്യഘട്ടം പൂർത്തീകരിച്ചപ്പോൾ ഉള്ള കണക്കുകളാണിത്.

സ്റ്റേറ്റ് മെറ്റിറ്റിലെ 697ആം റാങ്കുകാരന്/കാരിക്ക് വരെയാണ് സംസ്ഥാനത്ത് ഗവ.മെഡിക്കൽ കോളേജിൽ MBBSന് പ്രവേശനം ലഭിച്ചത്.

മുസ്ലീം സമുദായത്തിൽപ്പെട്ടവരിൽ 916 റാങ്കുകാർ വരെ പ്രവേശനം നേടി. എന്നാൽ ഈഴവ സമുദായത്തിൽപ്പെട്ടവരിൽ 1627 റാങ്ക് വരെ പ്രവേശനം നേടാനായി. മറ്റ് പിന്നാക്ക ഹിന്ദുക്കളുടേയും അവസ്ഥ ഇതിനടുത്ത് തന്നെയാണ്, 1902 റാങ്ക് വരെ. വിശ്വകർമ്മജരിൽ 2566 റാങ്ക് വരെ പ്രവേശനം നേടി. പിന്നാക്ക കൃസ്ത്യാനികൾക്കിടയിൽ നിന്ന് 2674 റാങ്ക് വരെയാണ് പ്രവേശനപ്പട്ടികയിൽ ഇടംപിടിച്ചത്.

എന്നാൽ EWS വിഭാഗത്തിൽപ്പെട്ട സവർണ്ണ ഹിന്ദു/മുന്നാക്ക കൃസ്ത്യാനികളിൽ 2842 റാങ്കുകാർക്ക് വരെ ആദ്യ അലോട്ട്മെന്റിൽത്തന്നെ സീറ്റ് നേടാനായി എന്ന് കാണാനാവും.

രണ്ടു മൂന്ന് കാര്യങ്ങളാണ് ഈ കണക്കുകളിലൂടെ കണ്ണോടിക്കുമ്പോൾ മനസ്സിലാക്കാനാവുന്നത്. ഒന്ന്, മുസ്ലീങ്ങളേക്കാളും ഈഴവരടക്കമുള്ള പിന്നാക്ക ഹിന്ദുക്കളേക്കാളും പിന്നാക്ക കൃസ്ത്യാനികളേക്കാളും ഇന്ന് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നത് EWS വിഭാഗത്തിൽപ്പെട്ടവർക്കാണ്. സംവരണം കാരണം “മെറിറ്റും” കഴിവും ഇല്ലാതാവും എന്ന പഴയ മുദ്രാവാക്യം ഉയർത്താൻ ഇന്നിപ്പോൾ ആളില്ലാതായതും EWS വന്നതിൽപ്പിന്നെയാണ്.

സ്റ്റേറ്റ് മെറിറ്റിനോട് എത്രത്തോളം അടുത്താണ് ഓരോ സാമൂഹ്യ വിഭാഗത്തിന്റേയും സംവരണ മെറിറ്റ് എന്നത് അതത് വിഭാഗക്കാർ നേടിയ വിദ്യാഭ്യാസപരമായ പുരോഗതിയേക്കൂടിയാണ് കാണിക്കുന്നത്. ആ നിലയിൽ സമീപകാലത്ത് മുസ്ലീം സമുദായം നേടിയ വിദ്യാഭ്യാസപരമായ വലിയ മുന്നേറ്റത്തെക്കൂടി ഈ കണക്കുകൾ ശരിവക്കുന്നുണ്ട്. മുസ്ലീങ്ങളെക്കുറിച്ചും മലപ്പുറമടങ്ങുന്ന മലബാറിനേക്കുറിച്ചുമൊക്കെ സംഘ പരിവാർ നറേറ്റീവിലധിഷ്ഠിതമായ ഇടുങ്ങിയ ചിന്താഗതികൾ വച്ചുപുലർത്തുന്നവർക്ക് സ്വയം ആത്മപരിശോധന നടത്താനുള്ള അവസരമായും ഇത് മാറേണ്ടതുണ്ട്. ആവശ്യത്തിന് ഹയർ സെക്കണ്ടറി പഠനസൗകര്യമില്ല എന്നതടക്കമുള്ള നിരവധി പ്രതികൂല ഘടകങ്ങളെയും മലബാറുകാർ പ്രത്യേകമായി നേരിടേണ്ടി വരുന്നുണ്ട്.

ജനസംഖ്യയിൽ 27 ശതമാനത്തോളമുള്ള മുസ്ലീങ്ങൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് വെറും 8 ശതമാനം സംവരണമേയുള്ളൂ എന്നതും കാണേണ്ടതുണ്ട്. എന്നാൽ ജനസംഖ്യയിൽ പരമാവധി 22-23 ശതമാനം മാത്രം വരുന്ന EWS വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണമാണ് നിലവിലുള്ളത്. ‌ഒബിസി വിഭാഗങ്ങൾക്ക് മൊത്തത്തിൽ ഉദ്യോഗ മേഖലയിൽ 40% സംവരണം ലഭ്യമാണ്. എന്നാൽ വിദ്യാഭ്യാസ മേഖലയിൽ വിവിധ കോഴ്സുകൾക്ക് ഇത് 20 മുതൽ 30 ശതമാനം വരെ മാത്രമാണ്. ഉദ്യോഗ മേഖലയിലേത് പോലെ വിദ്യാഭ്യാസ മേഖലയിലും 40% സംവരണം ഒബിസി വിഭാഗങ്ങൾക്ക് അനുവദിച്ചാൽ നിലവിലുള്ള അസമത്വം അല്പമെങ്കിലും കുറയ്ക്കാൻ സഹായകരമാകും.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് എന്ന പേരിൽ അനുവദിക്കുന്ന EWS സംവരണത്തിൽ ജാതിമത പരിഗണന കൂടാതെ എല്ലാ പാവപ്പെട്ടവർക്കും അവസരം നൽകിയാൽ അതും യഥാർത്ഥ പാവങ്ങൾക്ക് കൂടി പ്രയോജനം ചെയ്യും. സംവരണ തോത് നിശ്ചയിച്ചതിലെ വിവേചനത്തിന് ചെറിയൊരു പരിഹാരവും ആകും.

വിവിധ പിന്നാക്ക സമൂഹ്യ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ ശതമാനക്കണക്കിൽ ഉദ്യോഗരംഗത്തും വിദ്യാഭ്യാസ രംഗത്തുമൊക്കെ സംവരണം നൽകാത്തത് കൊണ്ടുകൂടിയാണ് അനീതികളും അസംതൃപ്തികളും നിലനിൽക്കുന്നത്. ഇതിനുള്ള പരിഹാരമായിട്ടാണ് രാജ്യത്ത് അടിയന്തരമായി ഒരു ജാതി സെൻസസ് നടത്തണമെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും നിരന്തരം ആവശ്യപ്പെടുന്നത്. ഓരോ ജാതി,മത,സാമൂഹ്യ വിഭാഗങ്ങളുടേയും സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ സമഗ്രമായ ഒരു സെൻസസ് നടത്തി കൃത്യമായി രേഖപ്പെടുത്തിയാൽ ഈ അനീതികൾ തിരിച്ചറിയാനും തിരുത്താനും നമുക്ക് അവസരമൊരുങ്ങും. ഒരു വോട്ടർപട്ടിക പോലും കൃത്യമായി തയ്യാറാക്കാൻ കഴിയാത്ത ഇന്നത്തെ ഇന്ത്യയിലെ ഔദ്യോഗിക സംവിധാനങ്ങൾക്ക് ഇതിനൊക്കെ കഴിയുമോ എന്നത് മാത്രമാണ് കണ്ടറിയേണ്ടത്.

Summary: Hindus and Christians from economically weaker section (EWS)are the beneficiaries of reservation than any other community in Kerala says Congress leader VT Balram in Facebook Post

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘സംവരണത്തിന്റെ പ്രയോജനം നേടുന്നത് സാമ്പത്തിക പിന്നോക്ക വിഭാഗത്തിലെ ഹിന്ദുവും ക്രിസ്ത്യാനിയും’ കോൺഗ്രസ് നേതാവ് വി.ടി ബല്‍റാം