പാസ്‌പോര്‍ട്ടിലെ വിലാസം മുംബൈയിലേത്; മഹാരാഷ്ട്ര അറിയില്ല; അഫ്ഗാന്‍ സ്വദേശി ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍ Afghan national arrested at Delhi airport who failed to answer basic questions About Maharashtra | India
Last Updated:
ഡോക്യുമെന്റ് വെരിഫിക്കേഷനായി ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോൾ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു
മുംബൈ വിലാസത്തിലുള്ള പാസ്‌പോര്‍ട്ടുമായി ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അഫ്ഗാന്‍ സ്വദേശിയായ യാത്രക്കാരനെ സംശയാസ്പദമായ സാഹചര്യത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. പാസ്‌പോര്‍ട്ടില്‍ കൊടുത്തിരിക്കുന്ന ഇദ്ദേഹത്തിന്റെ വിലാസം നവി മുംബൈയിലാണ്. എന്നാല്‍ മഹാരാഷ്ട്രയെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഒന്നും അറിയില്ല. ഇതാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരില്‍ സംശയമുണ്ടാക്കിയത്. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മഹാരാഷ്ട്രയെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. പാസ്‌പോര്‍ട്ടില്‍ നിന്നും യാത്രക്കാരന്‍ മുഹമ്മദ് റസൂല്‍ നജീബ് ഖാന്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വിമാനത്താവളത്തിലെ ഒരു മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കാം എയര്‍ ആര്‍ക്യു-4402 വിമാനത്തില്‍ ഇദ്ദേഹം കാബൂളിലേക്ക് യാത്രതിരിക്കുന്നതിനിടയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഡോക്യുമെന്റ് വെരിഫിക്കേഷനായി ഇദ്ദേഹം ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്.
നവി മുംബൈയിലെ വിലാസമാണ് പാസ്‌പോര്‍ട്ടില്‍ കൊടുത്തിരിക്കുന്നത്. ജനന സ്ഥലം മുംബൈ ആണെന്നും കാണിച്ചിരിക്കുന്നു. എന്നാല്‍ യാത്രക്കാരനുമായി സംസാരിച്ചപ്പോള്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് സംശയം തോന്നി. അദ്ദേഹത്തിന്റെ സംസാരത്തില്‍ മുംബൈ സ്വാധീനമോ മറാത്തിയുടെ ശൈലിയോ ഉണ്ടായിരുന്നില്ല. ഇതാണ് ഉദ്യോഗസ്ഥരില്‍ സംശയമുണ്ടാക്കിയത്.
ഇയാള്‍ മഹാരാഷ്ട്രയില്‍ നിന്ന് തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു. എന്നാല്‍, ഒരു ചോദ്യത്തിനുപോലും ഉത്തരം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്തോ പ്രശ്‌നമുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ മുഹമ്മദ് റസൂല്‍ നജീബ് ഖാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ അദ്ദേഹം മഹാരാഷ്ട്രയില്‍ നിന്നുള്ളയാളല്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളയാളാണ് മുഹമ്മദ് റസൂല്‍ നജീബ് ഖാന്‍ എന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മുംബൈ വിലാസം ഉപയോഗിച്ച് ഇയാള്‍ അനധികൃതമായി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നേടിയെന്നാണ് ആരോപണം. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ഐജിഐ എയര്‍പോര്‍ട്ട് പോലീസിന് കൈമാറി.
August 21, 2025 6:17 PM IST
പാസ്‌പോര്‍ട്ടിലെ വിലാസം മുംബൈയിലേത്; മഹാരാഷ്ട്ര അറിയില്ല; അഫ്ഗാന്‍ സ്വദേശി ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍