സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ യുവാവിനെ ഛത്തീസ്ഗഡില്‍ നക്‌സലുകള്‍ കൊലപ്പെടുത്തി Naxals kill youth in Chhattisgarh for hoisting tricolor flag on Independence Day | Crime
Last Updated:
നക്സലുകൾ നടത്തിയ ജൻ അദാലത്തിലാണ് യുവാവിനെ കൊലപ്പെടുത്തിയത്
ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നക്‌സലൈറ്റുകള്‍ യുവാവിനെ കൊലപ്പെടുത്തിയതായി ആരോപണം. ഗ്രാമത്തില്‍ ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനാഘോഷത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതും പോലീസിനെ സഹായിച്ചതും ഈ യുവാവാണെന്ന് ആരോപിച്ചാണ് നക്‌സലുകള്‍ കൊലപ്പെടുത്തിയതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഛോട്ടേബേട്ടിയ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബിനഗുണ്ട ഗ്രാമത്തിലെ മനീഷ് നുരേതിയാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിങ്കളാഴ്ച ആയുധധാരികളായ ഒരു സംഘം നക്‌സലുകള്‍ ഗ്രാമത്തിലെത്തി നുരേതിയെയും മറ്റ് രണ്ട് പേരെയും ബന്ദികളാക്കുകയായിരുന്നു.
അവര്‍ അവിടെ ഒരു ജന്‍ അദാലത്ത് നടത്തിയതായും പോലീസ് ഉദ്യോഗസ്ഥര്‍ അറയിച്ചു. ജന്‍ അദാലത്തില്‍ വച്ചാണ് നുരേതി കൊല്ലപ്പെട്ടത്. ബന്ദികളാക്കിയ മറ്റ് രണ്ടുപേരെ മര്‍ദിച്ചശേഷം നക്‌സലുകള്‍ വിട്ടയച്ചു. നുരേതി പോലീസിന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നയാളാണെന്ന് അവകാശപ്പെട്ടുള്ള ഒരു പോസ്റ്ററും മാവോയിസ്റ്റുകള്‍ പതിച്ചതായി പോലീസ് പറയുന്നുണ്ട്. എന്നാല്‍ ഈ ആരോപണത്തില്‍ സത്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നുരേതിയുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ലെന്ന് കാങ്കര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഐകെ എലെസേല അറിയിച്ചു.
ബിനഗുണ്ട ഗ്രാമത്തില്‍ നക്‌സലുകളുടെ സാന്നിധ്യം പതിവായി ഉണ്ടാകാറുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പോലീസിന് വിവരം നല്‍കുന്നുവെന്നാരോപിച്ച് ഗ്രാമത്തിലെ നാലോ അഞ്ചോ പേരെയാണ് നക്‌സലുകള്‍ കൊലപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ ആര്‍ക്കും പോലീസുമായി ബന്ധമില്ലെന്നും എലെസേല അറിയിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തില്‍ മനീഷ് നുരേതി പങ്കെടുക്കുന്നതിന്റെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ടെന്ന് ബസ്തര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി സുന്ദര്‍രാജ് അറിയിച്ചു. വൈറലായ വീഡിയോയില്‍ കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ള ഗ്രാമവാസികള്‍ വന്ദേ മാതരം, ഭാരത് മാതാ കീ ജയ് എന്നിവ ചൊല്ലികൊണ്ട് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നത് കാണാം.
വീഡിയോയിലുണ്ടായിരുന്ന ഗ്രാമവാസികളില്‍ ഒരാളായിരുന്നു നുരേതി. ആഗസ്റ്റ് 15-ന് ഗ്രാമത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതില്‍ നക്‌സലൈറ്റുകള്‍ക്ക് അതൃപ്തിയുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
New Delhi,Delhi
August 22, 2025 5:03 PM IST
സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ യുവാവിനെ ഛത്തീസ്ഗഡില്‍ നക്‌സലുകള്‍ കൊലപ്പെടുത്തി