‘നിങ്ങളുടെ പാർട്ടിയിലെ തന്നെ സ്ത്രീകളെ ഓർത്ത് ഭയവും സഹതാപവും തോന്നുന്നു’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹണി ഭാസ്‌കരൻ| Writer Honey Bhaskaran accuses Rahul Mamkoottathil of online harassment | Kerala
രാഹുൽ മാങ്കൂട്ടം – അനുഭവം.
നിങ്ങളെ എനിക്ക് വ്യക്തിപരമായി അറിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിങ്ങളുടെ പെൺവിഷയങ്ങളുമായി വാർത്തകൾ വരും വരെയും എനിക്ക് നിങ്ങളുടെ വ്യക്തിപരമായ വിഷയങ്ങൾ ഒന്നും തന്നെ അറിവില്ല. അതുവരേയ്ക്കും രാഷ്ട്രീയത്തിലെ നിങ്ങളുടെ ഒട്ടും മാതൃകപരമല്ലാത്ത പ്രവൃത്തികളെ കുറിച്ചല്ലാതെ വ്യക്തിപരമായ വിഷയങ്ങളിൽ ധാരണകളും ഉണ്ടായിരുന്നില്ല.
ഞാൻ ഓരോ യാത്ര പോയി വരുമ്പോഴും യാത്രാ സ്നേഹികൾ ആയ മനുഷ്യർ ആ യാത്രയെ കുറിച്ചും നാടിനെ കുറിച്ചും യാത്ര പോവാനായി വിവരങ്ങൾ തിരക്കി എപ്പോഴും വരാറുണ്ട്. ഞാൻ പറയാറുമുണ്ട്.
രാഷ്ട്രീയത്തിൽ ആജീവനാന്തകാല ശത്രുക്കൾ രാഷ്ട്രീയക്കാർക്കിടയിൽ പോലും ഇല്ലാതിരിക്കെ അതൊക്കെയും വിയോജിപ്പുകൾ ആയി കാണുന്ന ഞാൻ, ഇതര രാഷ്ട്രീയത്തിൽ പെട്ട ഒരാൾ എന്നോട് മിണ്ടാൻ വന്നാൽ ഉടനേ അതെടുത്തു അയാൾക്കെതിരെ പോസ്റ്റിട്ട് അധിക്ഷേപിക്കാൻ മെനക്കെടുന്ന വ്യക്തി അല്ല. രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും മാന്യരായി ഇടപെടുന്ന മനുഷ്യരോട് മാന്യതയോടെ ഇടപെടാൻ പറ്റും എന്നുള്ളതാണ് എന്റെ രാഷ്ട്രീയ ശരി. ബോധ്യം.
ഈ ജൂൺ 9. ഞാൻ ശ്രീലങ്കൻ യാത്ര നടത്തുന്ന സമയം. നിങ്ങൾ അന്ന് എന്റെ ഇൻസ്റ്റ മെസ്സഞ്ചറിൽ ആദ്യമായി വന്നു. എന്റെ ഫോട്ടോയ്ക്ക് ഹൃദയം അയച്ച് കൊണ്ടായിരുന്നു നിങ്ങളുടെ തുടക്കം യാത്രയുടെ ഡീറ്റെയിൽസ് തിരക്കിക്കൊണ്ട്. ശ്രീലങ്ക പോവാൻ നിങ്ങൾക്ക് പ്ലാൻ ഉണ്ട് എന്ന് പറഞ്ഞത് കൊണ്ട് ഒരു മുൻവിധികളും ഇല്ലാതെ നിങ്ങൾക്ക് ഞാൻ അതു വിശദീകരിക്കുകയും ചെയ്തു. ശേഷം നിങ്ങൾ നിലമ്പൂർ ഇലക്ഷനെ കുറിച്ച് ഇടതു സ്ഥാനാർഥി തോൽക്കും എന്ന് ബെറ്റും വെച്ച് പോയി.
ഹണി ഭാസ്കർ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവച്ച സ്ക്രീൻഷോട്ട്
നിങ്ങളുമായുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും കമ്യൂണിക്കേഷൻ അതായിരുന്നു.
പലവിധത്തിൽ നിങ്ങളുടെ ചൂഷണ ശ്രമങ്ങളെ നേരിട്ട സ്ത്രീകൾ അനുഭവങ്ങൾ തുറന്നു പറഞ്ഞ് കൊണ്ടിരിക്കെ അന്നത്തെ എന്റെ ധാരണ തെറ്റിയില്ല എന്ന് എനിക്ക് ബോധ്യം വന്നെങ്കിലും മാന്യമായി നടന്ന ഒരു സംഭാഷണത്തെ വെച്ച് അധിക്ഷേപിക്കാൻ ഞാൻ മുതിർന്നില്ല.
പക്ഷേ, ഇന്നലെയാണ് ആണ് ഞാൻ നിങ്ങൾ എന്നോട് ചാറ്റ് നടത്തിയതിന്റെ പിന്നിലെ അശ്ലീല കഥ ഞാൻ അറിയുന്നത്. അതും യൂത്ത് കോൺഗ്രസ്സിലെ നിങ്ങളുടെ ചങ്കുകളിൽ ഒരാൾ വഴി. എന്തുമാത്രം തരം താഴ്ന്ന ഒരുത്തൻ ആണ് എന്ന്.
ഈ പോസ്റ്റിന്റെ കാരണവും അതാണ്.
നിങ്ങൾ ആ സംഭാഷണത്തെ കുറിച്ച് യാതൊരു ഉളുപ്പും ഇല്ലാതെ നിങ്ങളുടെ അതേ വിശാല മനസ്കതയുള്ള, കള്ളന് കഞ്ഞി വെച്ച് കൊടുക്കുന്ന യൂത്ത് കോൺഗ്രസ്സിലെ നിങ്ങളുടെ സുഹൃത്തുക്കളോട് പറഞ്ഞത് ഞാൻ നിങ്ങളോട് അങ്ങോട്ട് വന്നു ചാറ്റ് ചെയ്തു എന്നും ഇത് പതിവാണെന്നും ആണ്. അതിലും എന്നെ ഞെട്ടിച്ച കാര്യം ആ കോഴിക്കാട്ടങ്ങൾക്ക് നടുവിൽ ഇരുന്നാണ് ആ സംഭാഷണം നിങ്ങൾ നടത്തിയത് എന്ന സത്യമാണ്. നിങ്ങൾ എന്തെഴുതി എന്നോ ആര് സംഭാഷണത്തിന് ആദ്യം വന്നുവെന്നോ ആ കോഴിക്കാട്ടങ്ങൾ അറിഞ്ഞിട്ടില്ല.
നിങ്ങൾ പറഞ്ഞതും വിശ്വസിച്ചു കോഴിക്കാട്ടങ്ങളിലെ മറ്റൊരു കോണ്ഗ്രസ് പ്രവർത്തകൻ, നിങ്ങളുടെ തോളിൽ നിരന്തരം കയ്യിട്ട് നടക്കുന്ന നേതാവ് എന്റെ ഒരു സുഹൃത്തിനോട് ഈ കാര്യം പറഞ്ഞ് വന്നപ്പോൾ ആ വ്യക്തി കിന്റൽ കനത്തിൽ തിരിച്ച് മറുപടിയും നൽകി.
എന്റെ സുഹൃത്ത് നിങ്ങളുടെ അതേ കോണ്ഗ്രസ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആളായിട്ട് പോലും നിങ്ങളെ പോലൊരു രാഷ്ട്രീയ മാലിന്യത്തോട് മാലിന്യം ആണ് എന്നറിഞ്ഞിട്ടു കൂട്ട് കൂടാൻ ക്യൂ നിൽക്കാൻ മാത്രം അധഃപതിച്ചിട്ടില്ല എന്റെ രാഷ്ട്രീയ ബോധ്യം എന്ന് തന്നെ മറുപടി നൽകി.
സ്ത്രീകളോട് അങ്ങോട്ട് പോയി മിണ്ടി, അവരുമായുള്ള സംഭാഷണങ്ങളെ പെർവേർട്ടുകൾക്ക് ഇടയിൽ മോശമായി ചിത്രീകരിച്ച് ആളാകുന്ന നിങ്ങളിലെ സൈക്കോയെ കൂടി ജനം അറിയേണ്ടതുണ്ട്. അതിനാണ് ഈ പോസ്റ്റ്.
രാഷ്ട്രീയപരമായി നിങ്ങളോടുള്ള എന്റെ വിയോജിപ്പുകൾ എന്റെ വോളിൽ ഒരു ദയയും ഇല്ലാതെ കടുത്ത ഭാഷയിൽ എഴുതിയിട്ടുള്ള ഒരാളാണ് ഞാൻ. നിങ്ങളിലെ വ്യാജനെ കുറിച്ച് നിലമ്പൂർ ഇലക്ഷൻ പോസ്റ്റിൽ പോലും പറഞ്ഞിട്ടുണ്ട്. ആ എന്നെ കുറിച്ച് പോലും ഇമ്മാതിരി വഷളത്തരം പറയാൻ ചെറിയ ഉളുപ്പൊന്നും പോരാ എട്ടുകാലി മമ്മൂഞ്ഞേ….
ആൾക്കൂട്ടങ്ങളിൽ ഇരുന്ന് സ്ത്രീകളെ കുറിച്ച് ആഭാസം പറഞ്ഞ് ഇളിഭ്യച്ചിരി ചിരിക്കുന്ന ഒരുത്തന്നെ കൂടി ഇതിൽ നിന്നും വ്യക്തമാകുന്നുണ്ട്.
നിങ്ങൾ അടുത്ത് ഇടപഴകിയിട്ടുള്ള നിങ്ങളുടെ പാർട്ടിയിലെ തന്നെ സ്ത്രീകളെ ഓർത്ത് ഭയവും സഹതാപവും തോന്നുന്നു. എന്ത് മാത്രം അശ്ലീലങ്ങൾ ഈ ലൈംഗിക ദാരിദ്ര്യം പിടിച്ച കൂട്ടങ്ങൾക്കിടയിൽ നിങ്ങൾ നിങ്ങളോട് നേരിട്ട് ഇടപെട്ട സ്ത്രീകളെ കുറിച്ചപ്പോൾ പാടി നടന്നിട്ടുണ്ടാകും? നിങ്ങളോടൊപ്പം സ്വകാര്യത പങ്കിട്ട സ്ത്രീകൾ എന്ത് മാത്രം ഭയന്നിട്ടാവും അതൊന്നും പുറത്ത് പറയാതെ ഇരിക്കുന്നത് എന്ന് ഊഹിക്കാൻ പറ്റും.
ഇന്നൊരു യൂത്ത് കോണ്ഗ്രസ് പ്രവർത്തക പറഞ്ഞ കാര്യം നിങ്ങൾ അടക്കം ഉള്ള യൂത്ത് കോൺഗ്രസിലെ സകല പെർവേർറ്റുകളെ കുറിച്ചും വ്യക്തമായ ധാരണ ഷാഫി പറമ്പിലിനു ഉണ്ട് എന്നാണ്. നിയമ സഭയിൽ പോയി സ്ത്രീകൾക്ക് വേണ്ടി വലിയ പ്രസംഗം നടത്തുന്ന അയാൾ യൂത്ത് കോൺഗ്രസ്സിലെ സ്ത്രീലമ്പടൻമാർക്കെതിരെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കൊടുത്ത ഒരൊറ്റ പരാതി പോലും ഗൗനിക്കാറില്ല എന്നാണ്. ആ സ്ത്രീ കൊടുത്ത പരാതി പോലും ഗൗനിച്ചിട്ടില്ല എന്നാണ്. കോണ്ഗ്രസ് പ്രവർത്തക ആയതുകൊണ്ട് മാത്രം അവർ എഴുതാതെ ഇരിക്കുന്നു എന്നാണ്. എത്ര ഗതി കെട്ടിട്ടാവും ഈ തെമ്മാടി കൂട്ടത്തെ കുറിച്ച് എന്നോട് ഇങ്ങനെ പറഞ്ഞത്?
അവർ രാഷ്ട്രീയത്തിൽ തുടരാൻ പോയിട്ട് സ്ത്രീകൾ ഉള്ള പ്രദേശത്തു പോലും അടുപ്പിക്കാൻ പറ്റാത്തത്ര അന്തസ്സില്ലാത്ത വർഗ്ഗമാണ്. അത്തരം ആളുകൾ രാഷ്ട്രീയ തുടർച്ചകളിലേക്ക് വരുന്നത് രാഷ്ട്രീയം എന്ന വാക്കിനെ തന്നെ മനുഷ്യ വിരുദ്ധം ആക്കിക്കളയും.
അതുകൊണ്ട് രാഹുൽ മാങ്കൂട്ടം എന്ന എട്ടുകാലി മമ്മൂഞ്ഞേ…
നിങ്ങൾ ഒരു തികഞ്ഞ രാഷ്ട്രീയ മാലിന്യം ആണെന്ന് എനിക്ക് വ്യക്തിപരമായി ബോധ്യപ്പെടുത്തി തന്നത് സഖാക്കളല്ല. നിങ്ങളുടെ തോളിൽ കയ്യിട്ടും ചാരി ഉറങ്ങിയും നൃത്തം ചെയ്തും ഫണ്ട് മോഷണത്തിൽ പങ്ക് ചേർന്നും ദിവസത്തിന്റെ ഏറിയ സമയവും നിങ്ങൾക്കൊപ്പം ചിലവഴിക്കുന്ന പേര് കേട്ട യൂത്ത് കോണ്ഗ്രസ് പ്രവർത്തകരാണ്. നിങ്ങളുടെ നെറികേടുകളെ എത്ര മാത്രം മനസിലാക്കിയിട്ടാകും അവരിലൂടെ ഇടത് പക്ഷക്കാരിയായ എന്നിലേക്ക് ഇത് എത്തിയിട്ടുണ്ടാകുക ?
മനുഷ്യരോട് ചാറ്റിൽ നടത്തിയ വർത്തമാനങ്ങൾ അത്ര ഗതി കെട്ടാൽ അല്ലാതെ പുറത്ത് വിടാൻ ആഗ്രഹിക്കാത്ത ഒരാൾ ആയിട്ടും നിങ്ങളിലെ നുണയനെ നിങ്ങളുടെ കൂടെ നടക്കുന്ന സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടത് ഇപ്പോൾ ഏറ്റവും വല്യ അനിവാര്യത ആയതുകൊണ്ട് കമന്റിൽ ചേർക്കുന്നു.
ഫണ്ട് മുക്കാനും പെൺവിഷയങ്ങൾക്കും വേണ്ടി അല്ലാതെ നിങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ഏതെങ്കിലും രീതിയിൽ നിങ്ങൾക്ക് ആത്മാർത്ഥത ശേഷിക്കുന്നുണ്ടെങ്കിൾ നിങ്ങൾ ഇനി ചെയ്യേണ്ടത് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുക എന്നുള്ളതാണ്. അതാണ് അന്തസ്സ്…!
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 21, 2025 7:12 AM IST
‘നിങ്ങളുടെ പാർട്ടിയിലെ തന്നെ സ്ത്രീകളെ ഓർത്ത് ഭയവും സഹതാപവും തോന്നുന്നു’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹണി ഭാസ്‌കരൻ