ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴും കര്‍മനിരതൻ; ഏറ്റുമാനൂർ സ്വദേശിക്ക് പുതുജീവനേകി CPO അനീഷ് സിറിയക്| CPO Aneesh Cyriac who was returning home after duty saves a man by performing CPR | Kerala
Last Updated:
കാറിനുള്ളിൽ വായിൽ നിന്നും പതയും വിറയ്ക്കുന്ന ശരീരവുമായി ഒരാൾ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നതാണ് കാണുന്നത്, എന്തു ചെയ്യണം എന്നറിയാതെ നോക്കി നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലൂടെ ഡ്രൈവിംഗ് സീറ്റിന് അടുത്തെത്തിയ അനീഷ് സീറ്റ് പിന്നിലേക്ക് ചായിച്ചിട്ട് അവശനായ ആൾക്ക് സിപിആർ നൽകാൻ തുടങ്ങി
കോട്ടയം: ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മണി. കോട്ടയം ട്രാഫിക്കിലെ ബൈക്ക് പെട്രോൾ ഡ്യൂട്ടി കഴിഞ്ഞ് ഉച്ചയ്ക്ക് കുറുപ്പുംതറയിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിവിൽ പൊലീസ് ഓഫീസർ അനീഷ് സിറിയക്. കോട്ടയം നാഗമ്പടത്ത് പഴയ പാസ്പോർട്ട് ഓഫീസിന് മുൻവശത്ത് ഒരു കാറിന് ചുറ്റും ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ടാണ് ബൈക്ക് നിർത്തി കാര്യം തിരക്കിയത്. കാറിനുള്ളിൽ വായിൽ നിന്നും പതയും വിറയ്ക്കുന്ന ശരീരവുമായി ഒരാൾ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നതാണ് കാണുന്നത്, എന്തു ചെയ്യണം എന്നറിയാതെ നോക്കി നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലൂടെ ഡ്രൈവിംഗ് സീറ്റിന് അടുത്തെത്തിയ അനീഷ് സീറ്റ് പിന്നിലേക്ക് ചായിച്ചിട്ട് അവശനായ ആൾക്ക് സിപിആർ നൽകാൻ തുടങ്ങി.
പൊതുപ്രവർത്തകനായ വിനയൻ ആംബുലൻസ് വിളിച്ചെങ്കിലും മെഡിക്കൽ കോളേജ് ഭാഗത്തുള്ള ആംബുലൻസ് ഇവിടെ വരെ ഓടിയെത്താൻ താമസം നേരിടും എന്ന് മനസ്സിലാക്കിയ അനീഷ് സിറിയക് വിനയന്റെ സഹായത്തോടെ അവശനായ ആളെ പിൻ സീറ്റിലേക്ക് മാറ്റുകയും സിപിആർ തുടരുകയും ചെയ്തു. കൂടി നിന്നവരിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഡ്രൈവിംഗ് സീറ്റിൽ എത്തി കാർ കാരിത്താസ് ഹോസ്പിറ്റലിലേക്ക് അതിവേഗം നീങ്ങി. ബോധിരഹിതനായ ആൾ സിപിആർ നൽകിയതോടെ കുറച്ചുകൂടി മെച്ചപ്പെട്ട നിലയിലേക്ക് എത്തിയിരുന്നു. കാറിൽ നിന്നും ലഭിച്ച രേഖകളിൽ നിന്നും ഏറ്റുമാനൂർ പാറോലിക്കൽ ഭാഗത്തുള്ള ബാബു ജോസഫ് ആണ് കാറിനുള്ളിൽ ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കി.
കാറിന്റെ നമ്പർ ട്രാഫിക് സ്റ്റേഷനിൽ വിളിച്ചറിയിച്ച് ഫോൺ നമ്പർ ലഭ്യമാക്കുകയും ചെയ്തു. കാരിത്താസ് ഹോസ്പിറ്റൽ നിന്നും ഈ ഫോൺ നമ്പറിലൂടെ ബാബു ജോസഫിന്റെ വീട്ടിൽ വിവരമറിയിക്കുകയും ചെയ്തു. സിവിൽ പോലീസ് ഓഫീസർ ആയ അനീഷിന്റെ കൃത്യവും അവസരോചിതവുമായ ഇടപെടലിലൂടെ ഒരു ജീവനാണ് നിലനിർത്താനായത്. ബന്ധുക്കൾ എത്തുന്നത് വരെ ഹോസ്പിറ്റലിൽ തുടർന്ന ശേഷമാണ് അനീഷ് വീട്ടിലേക്ക് മടങ്ങിയത്.
Kottayam,Kottayam,Kerala
August 20, 2025 11:51 AM IST
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴും കര്‍മനിരതൻ; ഏറ്റുമാനൂർ സ്വദേശിക്ക് പുതുജീവനേകി CPO അനീഷ് സിറിയക്