ധര്‍മ്മസ്ഥലയില്‍ പോയ മകളെ കാണാനില്ലെന്ന് പറയാൻ രണ്ടുപേര്‍ ആവശ്യപ്പെട്ടതായി പരാതിക്കാരി | Dharamasthala mass burials case Bengaluru woman admits to making up claim | India
Last Updated:
അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതില്‍ നിന്നും വളരെ വ്യത്യസ്ഥമായ കഥയാണ് പരാതിക്കാരി ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുന്നത്
കര്‍ണാടകയിലെ ധര്‍മ്മസ്ഥലയിലേക്ക് പോയ മകളെ 2023-ല്‍ കാണാതായെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് പരാതിക്കാരിയായ സ്ത്രീ. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ മകളെ ധര്‍മ്മസ്ഥലയില്‍ നിന്നും കാണാതായി എന്ന പരാതി വ്യാജമായിരുന്നുവെന്ന് പരാതിക്കാരിയായ സുജാത ഭട്ട് വെളിപ്പെടുത്തിയത്.
മകള്‍ അനന്യ ഭട്ടിനെ 2023-ല്‍ ധര്‍മ്മസ്ഥലയില്‍ നിന്നും കാണാതായി എന്നായിരുന്നു ഇവര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, തനിക്ക് അനന്യ ഭട്ട് എന്ന പേരില്‍ ഒരു മകളില്ലെന്ന് അവര്‍ വെളിപ്പെടുത്തി. കേസിലെ രണ്ട് പ്രമുഖ ആക്ടിവിസ്റ്റുകളായ ഗിരീഷ് മട്ടന്നവര്‍, ടി ജയന്തി എന്നിവര്‍ മകളെ ധര്‍മ്മസ്ഥലയില്‍ നിന്നും കാണാതായെന്ന ആരോപണം ഉന്നയിക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും സുജാത ഭട്ട് യൂട്യൂബ് ചാനലിനോട് സംസാരിക്കവേ പറഞ്ഞു.
ഏറെ കോളിളക്കം സൃഷ്ടിച്ച ധര്‍മ്മസ്ഥല കൂട്ടശവസംസ്കാര കേസില്‍ മകളുടെ തിരോധാനത്തെ കുറിച്ചുള്ള സുജാത ഭട്ടിന്റെ പരാതി വിവാദങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഇതാണ് ഇപ്പോള്‍ നുണക്കഥയാണെന്ന് തെളിഞ്ഞിരിക്കുന്നത്.
അനന്യയുടേത് എന്ന പേരില്‍ പ്രചരിച്ച ഫോട്ടോയും കെട്ടിച്ചമച്ചതാണെന്ന് അവര്‍ സമ്മതിച്ചു. വ്യാജ ഫോട്ടോ കാണിച്ച് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചതായും എല്ലാം പൂര്‍ണ്ണമായും വ്യാജമായിരുന്നുവെന്നും അവര്‍ പറഞ്ഞു. “ചിലര്‍ തന്നോട് ഇങ്ങനെ പരാതിപറയാന്‍ ആവശ്യപ്പെട്ടു. സ്വത്ത് പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഇത് ചെയ്യാന്‍ പറഞ്ഞത്. അത്തരമൊരു അവകാശവാദം എന്തിനാണ് ഉന്നയിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ധര്‍മ്മസ്ഥല ക്ഷേത്ര അധികൃതര്‍ ഏറ്റെടുത്തതായി പറയുന്ന ഭൂമി തന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് അവര്‍ പറഞ്ഞു”, സുജാത ഭട്ട് വ്യക്തമാക്കി.
മട്ടന്നവരും ജയന്തിയും മകളെ കാണാനില്ലെന്ന കഥയുണ്ടാക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇതിനായി അവര്‍ പണമൊന്നും തന്നിട്ടില്ലെന്നും സുജാത ഭട്ട് വ്യക്തമാക്കി. താന്‍ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ആരും തന്നോട് പണം ചോദിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. മുത്തച്ഛന്റെ സ്വത്ത് തന്റെ ഒപ്പില്ലാതെ എങ്ങനെ നല്‍കിയെന്ന് മാത്രമാണ് ചോദിച്ചതെന്നും സുജാത ഭട്ട് വിശദീകരിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതില്‍ നിന്നും വളരെ വ്യത്യസ്ഥമായ കഥയാണ് സുജാത ഭട്ട് ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുന്നത്. 18 വയസ്സുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ തന്റെ മകള്‍ അനന്യ ഭട്ട് 2023 മേയില്‍ ധര്‍മ്മസ്ഥലയിലേക്കുള്ള ഒരു യാത്രയില്‍ അപ്രത്യക്ഷയായി എന്നാണ് സുജാത അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്കിയ പരാതിയില്‍ അവകാശപ്പെട്ടിരുന്നത്. മകളുടെ സുഹൃത്തുക്കള്‍ ഷോപ്പിംഗിനായി പോയപ്പോള്‍ അവള് ക്ഷേത്രത്തിനടുത്ത് ഉണ്ടായിരുന്നുവെന്നും എന്നാല്‍ അവര്‍ തിരിച്ചെത്തിയപ്പോള്‍ അനന്യയെ കാണാനില്ലായിരുന്നുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
തന്നെ തട്ടികൊണ്ടുപോയി കെട്ടിയിട്ടെന്നും സുജാത പറഞ്ഞിരുന്നു. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ ധര്‍മ്മസ്ഥലയിലേക്ക് മടങ്ങരുതെന്നും സംഭവിച്ചതിനെ കുറിച്ച് പരസ്യമായി സംസാരിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയതായും സുജാത പോലീസിനോട് പറഞ്ഞു. തന്നെ ആക്രമിച്ച് കോമയിലാക്കിയെന്നും ബംഗളൂരുവിലെ വില്‍സണ്‍ ഗാര്‍ഡനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടി ഒരു മാസത്തിനുശേഷം സുഖം പ്രാപിച്ചുവെന്നും അവര്‍ ആരോപിച്ചു.
ഈ ആരോപണങ്ങളെല്ലാം പുതിയ വെളിപ്പെടുത്തലില്‍ കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. തന്റെ പരാതിയിലുണ്ടായ വിവാദങ്ങള്‍ അംഗീകരിച്ചുകൊണ്ട് അവര്‍ പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു. “കര്‍ണാടകയിലെ ജനങ്ങളോടും ധര്‍മ്മസ്ഥലയിലെ ഭക്തരോടും ഈ സംസ്ഥാനത്തെ മൊത്തം ജനങ്ങളോടും രാജ്യത്തോടു മുഴുവനും എന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു. എന്റെ പ്രവര്‍ത്തനങ്ങള്‍ സാമ്പത്തിക ലാഭത്തിനുവേണ്ടിയായിരുന്നില്ല. എനിക്ക് പണം ആവശ്യമില്ല”, അവര്‍ പറഞ്ഞു.
ഈ വെളിപ്പെടുത്തല്‍ വീഡിയോ പുറത്തുവരുന്നതിനുമുമ്പ് തന്നെ കേസില്‍ അന്വേഷണം നടത്തുന്ന എസ്ഐടി സുജാതയ്ക്ക് ബെല്‍ത്തങ്ങാടിയിലെ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് വെള്ളിയാഴ്ച നോട്ടീസ് നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് പരാതികള്‍ വ്യാജമാണെന്നുള്ള അവരുടെ വെളിപ്പെടുത്തല്‍.
Bangalore [Bangalore],Bangalore,Karnataka
August 23, 2025 10:46 AM IST