Leading News Portal in Kerala

17 വയസ്സുള്ള വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപികയെ പുറത്താക്കി|Teacher fired for having sex with 17-year-old students | Crime


Last Updated:

സിവില്‍ സര്‍വീസ് കമ്മീഷന്‍ നടത്തിയ അന്വേഷണത്തിലാണ് അധ്യാപിക പിടിയിലായത്

News18News18
News18

വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി സമ്മതിച്ചതിനെ തുടര്‍ന്ന് ഇസ്രായേലില്‍ സ്‌കൂള്‍ അധ്യാപികയെ പുറത്താക്കി. പെറ്റ ടിക്വയില്‍ നിന്നുള്ള 43-കാരിയെയാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ അന്വേഷണത്തിലൂടെ കുറ്റക്കാരിയായി കണ്ടെത്തിയത്. 17 വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികളുമായി ഈ അധ്യാപിക ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

കമ്മീഷന്‍ നടത്തിയ ഒരു മാസത്തെ അന്വേഷണത്തിനൊടുവിലാണ് പേര് വെളിപ്പെടുത്താത്ത അധ്യാപിക കുറ്റസമ്മതം നടത്തിയത്. രണ്ട് ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു. ഉടന്‍ തന്നെ അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കികൊണ്ട് നടപടിയെടുത്തു.

വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ ജോലി ചെയ്യാനും അധ്യാപികയ്ക്ക് വിലക്കുണ്ട്. എട്ട് വര്‍ഷത്തേക്ക് കുട്ടികളുമായും യുവാക്കളുമായും ബന്ധപ്പെട്ട ഏതെങ്കിലും പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുതെന്ന വിലക്കുണ്ട്. മൂന്ന് വര്‍ഷത്തേക്ക് അവര്‍ക്ക് സര്‍ക്കാരിനുവേണ്ടി ജോലി ചെയ്യാനും സാധിക്കില്ല.

സംഭവത്തില്‍ അധ്യാപിക ക്ഷമാപണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു തവണത്തേക്ക് സംഭവിച്ചുപോയതാണെന്നും കുടുംബത്തിന് ദോഷം വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ട് അധ്യാപിക ഖേദം പ്രകടിപ്പിച്ചു.

വിദ്യാര്‍ത്ഥികളുടെ സമ്മതത്തോടെയാണ് അധ്യാപിക ഈ പ്രവൃത്തി ചെയ്തതെന്ന് അവരുടെ അഭിഭാഷകന്‍ അറിയിച്ചു. ഇത് മനസ്സിലാക്കിയതിനാലാണ് പ്രോസിക്യൂഷന്‍ വളരെ വേഗത്തില്‍ കേസ് അവസാനിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രായേലില്‍ നിയമപരമായി സമ്മതത്തിനുള്ള പ്രായം 16 വയസ്സാണ്. എന്നാല്‍ മൂന്ന് വര്‍ഷമോ അതില്‍ കുറവോ പ്രായ വ്യത്യാസമുള്ള സമ്മതമുള്ള വ്യക്തികള്‍ക്ക് 14 വയസ്സിലും ആകാം. പ്രൊഫഷണല്‍ അതിരുകള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ ട്രൈബ്യൂണല്‍ അധ്യാപികയ്ക്ക് ജോലിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

വിദ്യാര്‍ത്ഥികളോടുള്ള അനുചിതമായ പെരുമാറ്റം ആരംഭിച്ചത് ഒരുമിച്ച് പുകവലിക്കുമ്പോഴാണ്. ക്രമേണ അധ്യാപിക അവരുമായി വ്യക്തിപരമായ ബന്ധം വളര്‍ത്തിയെടുത്തുവെന്ന് വിധിന്യായത്തില്‍ പറയുന്നു. ഇത് അസാധാരണമാംവിധം ഗുരുതരമായ പെരുമാറ്റമാണെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ഇത് മുഴുവന്‍ വിദ്യാഭ്യാസ സംവിധാനത്തിന്റെയും പ്രത്യേകിച്ച് കുട്ടികളെ സ്‌കൂളിലെ അധ്യാപകരില്‍ ഏല്‍പ്പിക്കുന്ന മാതാപിതാക്കളുടെയും വിശ്വാസത്തെ വഞ്ചിക്കുന്ന പ്രവൃത്തിയാണെന്നും വിധിയില്‍ പറയുന്നു.

8 ഉം 11 ഉം വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് ഈ അധ്യാപിക. വിദ്യാര്‍ത്ഥികളെ താന്‍ പങ്കെടുത്ത പാര്‍ട്ടികളിലേക്ക് പലപ്പോഴും കൊണ്ടുപോകാറുണ്ടെന്ന് അധ്യാപിക സമ്മതിച്ചു. ഭര്‍ത്താവ് ജോലിക്ക് പോയതിനാല്‍ ഏകാന്തതയും പ്രതിസന്ധിയും അനുഭവപ്പെടുന്നതിനാലാണ് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അധ്യാപിക വാദം കേള്‍ക്കുന്നതിനിടെ അവകാശപ്പെട്ടു.