രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ‍് ചെയ്തു; എംഎൽഎയായി തുടരും| Rahul Mamkootathil suspended from Congress primary membership | Kerala
Last Updated:
പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുൽ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ പാർട്ടിയിൽനിന്നു പുറത്താക്കാനാണ് നീക്കം
തിരുവനന്തപുരം: അശ്ലീല ചാറ്റ് വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുൽ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ പാർട്ടിയിൽനിന്നു പുറത്താക്കാനാണ് നീക്കം.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതോടെ സെപ്റ്റംബർ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത.
യുവനടി റിനി ആൻ ജോർജ്, ട്രാൻസ് വുമൺ അവന്തിക എന്നിവരുടെ വെളിപ്പെടുത്തലിനൊപ്പം പല കോണിൽനിന്ന് രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. രാഹുലിനെ സംബന്ധിച്ച നിരവധി പരാതികൾ കേന്ദ്ര നേതൃത്വത്തിനും ലഭിച്ചിരുന്നു. തുടർന്നു രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. രാഹുൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായം ഉയർന്നെങ്കിലും തൽക്കാലം രാജിയില്ലാതെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എംഎൽഎ സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്ന് രാഹുലും വ്യക്തമാക്കിയിരുന്നു.
രാഹുലിനെതിരായി വന്ന ആരോപണങ്ങൾ കോൺഗ്രസിനെ വലിയതോതിൽ പ്രതിസന്ധിയിലാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ കുറച്ചുകാലമായി രാഹുലിനെ കേന്ദ്രീകരിച്ചു വ്യക്തിപരമായ ആക്ഷേപങ്ങൾ സജീവമായിരുന്നു. നടിയുടെ വെളിപ്പെടുത്തലിനൊപ്പം മറ്റൊരു യുവതിയോടു ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെടുന്ന ശബ്ദസംഭാഷണം കൂടി രാഹുലിന്റേതെന്ന പേരിൽ പ്രചരിച്ചതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ പരാതികളിൽ വീട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിലെത്തിയ രാഹുൽ യൂത്ത് കോൺഗ്രസ് പെരിയനാട് മണ്ഡലം പ്രസിഡന്റായാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. കെഎസ്‌യുവിൽ വിവിധ ചുമതലകള്‍ വഹിച്ചു. 2017ൽ കെഎസ്‌യു പത്തനംതിട്ട ജില്ലാ പ്രസിഡന്റായി. തുടർന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, എൻഎസ്‌യു ദേശീയ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചശേഷമാണു സംസ്ഥാന അധ്യക്ഷനായത്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 25, 2025 9:40 AM IST