Leading News Portal in Kerala

വിവാഹജീവിതത്തില്‍ തുടരുന്ന പങ്കാളികൾ സ്വതന്ത്രരാകാൻ ആഗ്രഹിക്കുന്നുവെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി | Supreme Court makes a new observation on married couples | India


ആരെങ്കിലും സ്വതന്ത്രരാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ വിവാഹജീവിതത്തില്‍ പ്രവേശിക്കരുതെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും ആര്‍. മഹാദേവനും അടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

“ഞങ്ങള്‍ക്ക് ഈ കാര്യത്തില്‍ വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ട്. തങ്ങളുടെ വിവാഹജീവിതം തുടരുമ്പോള്‍ ഒരു ഭര്‍ത്താവിനോ ഭാര്യയ്‌ക്കോ മറ്റേ പങ്കാളിയില്‍ നിന്ന് സ്വതന്ത്ര്യരാകാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയാന്‍ കഴിയില്ല. ഇത് അസാധ്യമാണ്. വിവാഹം എന്നാല്‍ രണ്ട് ആത്മാക്കളുടെ, വ്യക്തികളുടെ ഒത്തുചേരല്‍ ആണ്. നിങ്ങള്‍ക്ക് എങ്ങനെ സ്വതന്ത്രരാകാന്‍ കഴിയും,” സുപ്രീം കോടതി ചോദിച്ചു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളുള്ള, വേര്‍പിരിഞ്ഞു കഴിയുന്ന ദമ്പതികളുടെ കേസ് പരിഗണിക്കുകയായിരുന്നു കോടതി.

“കുട്ടികള്‍ വളരെ ചെറുപ്പമായതിനാല്‍ ദമ്പതികള്‍ ഒന്നിച്ചാല്‍ ഞങ്ങള്‍ വളരെയധികം സന്തോഷിക്കും. തകര്‍ന്ന ഒരു കുടുംബത്തിലേക്ക് അവരെ കൊണ്ടുവരരുത്. കുടുംബം തകര്‍ന്നതില്‍ അവർ എന്ത് തെറ്റാണ് ചെയ്തത്,” ബെഞ്ച് ചോദിച്ചു.

കക്ഷികളോട് തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ട ബെഞ്ച് ഭര്‍ത്താവിനും ഭാര്യയ്ക്കും ഇടയില്‍ തര്‍ക്കമൊക്കെയുണ്ടാകുന്നത് സ്വാഭാവികമാണെന്നും പറഞ്ഞു.

രണ്ടു കൈയ്യും കൂട്ടിയടിക്കാതെ ശബ്ദമുണ്ടാകില്ലെന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരായ ഭാര്യ കോടതിയോട് പറഞ്ഞു. ഒരാളോട് മാത്രമല്ല രണ്ടുപേരോടും കൂടിയാണ് തങ്ങള്‍ പറയുന്നതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സിംഗപ്പൂരില്‍ സ്ഥിരമായി താമസിക്കുന്ന ഭര്‍ത്താവ് ഇപ്പോള്‍ ഇന്ത്യയിലാണുള്ളതെന്നും കുട്ടികളുടെ സന്ദര്‍ശിക്കുന്നതിനുള്ള അവകാശവും സംരക്ഷണാവകാശവുമാണ് അയാള്‍ നോക്കുന്നതെന്നും പ്രശ്‌നം പരിഹരിക്കാന്‍ താത്പര്യമില്ലെന്നും ഭാര്യ കോടതിയെ അറിയിച്ചു.

കുട്ടികളുമായി സിംഗപ്പൂരിലേക്ക് മടങ്ങാന്‍ നിങ്ങള്‍ക്ക് എന്താണ് ബുദ്ധിമുട്ടെന്ന് ഹൈദരാബാദില്‍ താമസിക്കുന്ന ഭാര്യയോട് ബെഞ്ച് ചോദിച്ചു. സിംഗപ്പൂരിലായിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ പ്രവര്‍ത്തികള്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്നും തുടര്‍ന്ന് തിരികെ പോരുകയായിരുന്നുവെന്നും ഭാര്യ പറഞ്ഞു.

നിലവില്‍ ഒറ്റയ്ക്ക് താമസിച്ച് കുട്ടികളെ വളര്‍ത്തുന്നയാളാണ് താനെന്നും ഉപജീവനത്തിനായി ഒരു ജോലി ആവശ്യമാണെന്നും പറഞ്ഞ അവര്‍ വേര്‍പിരിഞ്ഞ് കഴിയുന്ന ഭര്‍ത്താവില്‍ നിന്ന് യാതൊരു സംരക്ഷണവും ലഭിച്ചില്ലെന്നും അവകാശപ്പെട്ടു.

ഭാര്യയ്ക്കും ഭര്‍ത്താവിനും സിംഗപ്പൂരില്‍ ഏറ്റവും മികച്ച ജോലിയാണ് ഉള്ളതെന്ന് ഭര്‍ത്താവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, കുട്ടികളോടൊപ്പം മടങ്ങാന്‍ ഭര്‍ത്താവ് വിസമ്മതിച്ചു.

“ഭാര്യയ്ക്ക് ജോലി ലഭിക്കാനും ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. പക്ഷേ ഭര്‍ത്താവ് ഭാര്യയെയും കുട്ടികളെയും പരിപാലിക്കണം,” ബെഞ്ച് പറഞ്ഞു. ഭാര്യയ്ക്കും കുട്ടികള്‍ക്കും വേണ്ടി കുറച്ച് തുക നിക്ഷേപം നടത്താനും കോടതി ഭര്‍ത്താവിനോട് നിര്‍ദേശിച്ചു. എന്നാല്‍ ആരെയും ആശ്രയിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഭാര്യ പറഞ്ഞു.

“അങ്ങനെ പറയാന്‍ കഴിയില്ല. വിവാഹിതനായിക്കഴിഞ്ഞാല്‍ നിങ്ങള്‍ വൈകാരികമായി ഭര്‍ത്താവിനെ ആശ്രയിച്ച് കഴിയുന്നയാളാണ്. സാമ്പത്തികമായി അങ്ങനെയല്ലായിരിക്കാം,” ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.

“ആരെയും ആശ്രയിക്കാതെ ജീവിക്കാമെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. പിന്നെ എന്തിനാണ് നിങ്ങള്‍ വിവാഹം കഴിച്ചത്? എനിക്കത് മനസ്സിലാകുന്നില്ല, ഞാന്‍ പഴയ രീതിയിലുള്ള ആളായിരിക്കാം. പക്ഷേ, ഒരു ഭാര്യക്കും ഭര്‍ത്താവിനെ ആശ്രയിച്ച് ജീവിക്കേണ്ടെന്ന് പറയാന്‍ കഴിയില്ല,” ജസ്റ്റിസ് പറഞ്ഞു. ഈ വിഷയത്തെക്കുറിച്ച് ആലോചിക്കുന്നതിന് ഭാര്യ കോടതിയോട് കുറച്ച് സമയം തേടി.

“നിങ്ങള്‍ രണ്ടുപേരും വിദ്യാസമ്പന്നരാണ്. നിങ്ങള്‍ തന്നെ ഇക്കാര്യത്തില്‍ പരിഹാരം കാണണം,” ബെഞ്ച് ഭാര്യയോടും ഭർത്താവിനോടും പറഞ്ഞു.

ഭര്‍ത്താവ് നിലവില്‍ ഇന്ത്യയിലാണുള്ളതെന്നും സെപ്റ്റംബര്‍ ഒന്നിന് സിംഗപ്പൂരിലേക്ക് മടങ്ങുമെന്നും ഭര്‍ത്താവിന്റെ അഭിഭാഷകന്‍ പറഞ്ഞു.

ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി വിവാഹമോചന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തയ്യാറാണെന്ന് ഭര്‍ത്താവ് കോടതിയെ അറിയിച്ചു.

ഭാര്യയ്ക്കും കുട്ടികള്‍ക്കും ജീവനാംശമായി അഞ്ച് ലക്ഷം രൂപ നിക്ഷേപം നടത്താന്‍ സുപ്രീം കോടതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 16ന് കേസ് വീണ്ടും പരിഗണിക്കും.

മലയാളം വാർത്തകൾ/ വാർത്ത/India/

വിവാഹജീവിതത്തില്‍ തുടരുന്ന പങ്കാളികൾ സ്വതന്ത്രരാകാൻ ആഗ്രഹിക്കുന്നുവെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി