Leading News Portal in Kerala

ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾക്ക് മരണം വരെ ജയിൽ; സഹോദരിക്ക് കോടതി പിരിയും വരെ തടവ്| Man who kidnapped and raped 10-year-old girl in Kasarargod gets life imprisonment | Crime


Last Updated:

പുലര്‍ച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് സലീം വീട്ടിനകത്ത് കയറിയത്. മുന്‍വാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അരക്കിലോമീറ്റര്‍ അകലെയുള്ള വയലില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്

പി എ സലീംപി എ സലീം
പി എ സലീം

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണംവരെ കഠിനതടവ്. കുടക് നപ്പോക്ക് സ്വദേശി പി എ സലീമീനെ(40)യാണ് ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷിച്ചത്. പീഡനത്തിനിരയായ കുട്ടിയില്‍നിന്നു കവര്‍ന്ന കമ്മല്‍ വില്‍ക്കാന്‍ സഹായിച്ച പ്രതിയുടെ സഹോദരിയും കേസിലെ രണ്ടാം പ്രതിയുമായ കൂത്തുപറമ്പ് സ്വദേശിനി സുഹൈബ(21)യെ തിങ്കളാഴ്ച കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

2024 മേയ് 15നാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് സലീം വീട്ടിനകത്ത് കയറിയത്. മുന്‍വാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അരക്കിലോമീറ്റര്‍ അകലെയുള്ള വയലില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയെ വയലില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയും ചെയ്തു. പേടിച്ചരണ്ട ബാലിക ഇരുട്ടില്‍ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തുകയായിരുന്നു.

കുട്ടിയുടെ സ്വര്‍ണക്കമ്മല്‍ വിറ്റുകിട്ടിയ കാശുമായി മഹാരാഷ്ട്രയിലും ബെംഗളൂരുവിലും ആന്ധ്രയിലുമെത്തിയ സലീമിനെ ഒന്‍പതാം നാള്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അന്നത്തെ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടറും നിലവില്‍ പേരാവൂര്‍ ഡിവൈഎസ്പിയുമായ എം പി ആസാദിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പോക്‌സോ ഉള്‍പ്പെടെ ഏഴുവകുപ്പുകള്‍ ചേര്‍ത്ത് പ്രതി അറസ്റ്റിലായതിന്റെ 39-ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് വിചാരണ തുടങ്ങിയത്.

67 സാക്ഷികളാണ് കേസിലുള്ളത്. രക്തസാംപിള്‍, സംഭവസമയത്ത് പ്രതി ധരിച്ച വസ്ത്രം, ബാഗ്, ടോര്‍ച്ച്, പീഡനം നടന്ന സ്ഥലത്തുനിന്നു കിട്ടിയ തലമുടി, 20, 50 രൂപയുടെ നോട്ടുകള്‍, സിസിടിവി ദൃശ്യങ്ങളുടെ വീഡിയോ ഫയല്‍ തുടങ്ങി 40-ലധികം വസ്തുക്കള്‍, കുട്ടി ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി, വില്ലേജ് ഓഫീസറുടെ സൈറ്റ് പ്ലാന്‍ തുടങ്ങി 15-ലധികം രേഖകള്‍ എന്നിവയും 300 പേജുകളുള്ള കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിരുന്നു. പ്രതിക്കെതിരേയുള്ള കോടതിവിധി കേള്‍ക്കാനെത്തിയവരുടെ കൂട്ടത്തില്‍ ഇരയായ കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും പ്രദേശത്തെ നിരവധിയാളുകളുമെത്തിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾക്ക് മരണം വരെ ജയിൽ; സഹോദരിക്ക് കോടതി പിരിയും വരെ തടവ്