Leading News Portal in Kerala

500 പോസ്റ്റ്കാർഡ് ഒരേയൊരു ആവശ്യം; തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രിയോട് സ്‌കൂള്‍ കുട്ടികള്‍ | Karnataka students request deputy CM with a postcard initiative | India


മഹാദേവപുര നിയോജകമണ്ഡലത്തിലെ സ്‌കൂള്‍ കുട്ടികളാണ് ബംഗളൂരു വികസന വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന ഉപമുഖ്യമന്ത്രിക്ക് റോഡുകള്‍ നന്നാക്കാന്‍ ആവശ്യപ്പെട്ടുള്ള പോസ്റ്റ്കാര്‍ഡുകള്‍ അയക്കുന്നത്.

“ഞങ്ങള്‍ക്ക് ദൈനംദിന സാഹസികതയല്ല, മറിച്ച് അടിസ്ഥാനസൗകര്യങ്ങളാണ് വേണ്ടത്”, ഒരു കുട്ടി കൈകൊണ്ട് വരച്ച പോസ്റ്റ്കാര്‍ഡില്‍ പറയുന്നു. “അയ്യോ ഞങ്ങള്‍ വീണ്ടും തകര്‍ന്ന റോഡിലേക്ക് കയറുകയാണ്”, എന്നുപറഞ്ഞുകൊണ്ട് കുഴികള്‍ നിറഞ്ഞ റോഡിലേക്ക് കയറുന്ന രണ്ട് കാറിന്റെയും ബസിന്റെയും ചിത്രങ്ങള്‍ മറ്റൊരു പോസ്റ്റ്കാര്‍ഡില്‍ കാണാം. ഉപമുഖ്യമന്ത്രിക്കുള്ള 500 പോസ്റ്റ്കാര്‍ഡുകളില്‍ രണ്ടെണ്ണം മാത്രമാണിത്.

എല്ലാ ദിവസവും വിദ്യാര്‍ത്ഥികള്‍ ഈ കുണ്ടും കുഴിയും നിറഞ്ഞ ഇടുങ്ങിയ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. വെറും അഞ്ച് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഒന്നു മുതല്‍ രണ്ട് മണിക്കൂര്‍ വരെ സമയമെടുക്കുന്നു. എല്ലാദിവസവുമുള്ള ഈ ദുരിതത്തില്‍ നിരാശരായാണ് കുട്ടികള്‍ ഈ സ്വാതന്ത്ര്യദിനത്തില്‍ പോസ്റ്റ്കാര്‍ഡ് ലെറ്റര്‍ ക്യാമ്പെയിനിന് തുടക്കം കുറിച്ചത്. കുഴികളില്‍ നിന്നും മോശം അടിസ്ഥാനസൗകര്യങ്ങളില്‍ നിന്നും സുരക്ഷിതമല്ലാത്ത റോഡുകളില്‍ നിന്നും മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് കുട്ടികളുടെ ക്യാമ്പെയിന്‍.

പ്രദേശത്തെ പൊതുജനങ്ങളും ക്യാമ്പെയിനില്‍ അണിനിരന്നു. പൗര കൂട്ടായ്മയായ കാര്‍മെലാരം യുണൈറ്റിന്റെ പിന്തുണയോടെ ചിക്കബെല്ലന്ദൂര്‍, ഗുഞ്ചൂര്‍പാളയ, കാര്‍മെലാരം എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ തങ്ങളുടെ കുട്ടികളുടെ ശബ്ദങ്ങള്‍ക്ക് ചുറ്റും അണിനിരന്നു. പ്രതിഷേധങ്ങളും നിവേദനങ്ങളും പരാജയപ്പെട്ടിടത്ത് കൈയെഴുത്തു കത്തുകളുടെ വൈകാരിക സമ്മര്‍ദ്ദം വിജയിക്കുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ 18 വര്‍ഷമായി ഈ പ്രശ്‌നം നേരിടുകയാണെന്നും ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ ഉദ്ദേശിച്ചുള്ള സമഗ്ര വികസന പദ്ധതി (സിഡിപി) റോഡുകള്‍ പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണെന്നും കാര്‍മെലാരം യുണൈറ്റിലെ പ്രവര്‍ത്തകനായ ജോസ് താഴത്തുവീട്ടില്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഇതിനകം ഉണ്ടായിരുന്ന ഇടുങ്ങിയ പാതകള്‍ പോലും വാഹനങ്ങള്‍ പോകാന്‍ അനുയോജ്യമല്ലാതായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2007-2008-ല്‍ പ്രദേശം ബിബിഎംപിയില്‍ ചേര്‍ത്തുവെന്നും ഇവിടെ ജനസംഖ്യ അതിവേഗം വളര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന കെട്ടിടങ്ങളും ഇവിടെ കാണാം. എന്നാല്‍ പത്ത് വര്‍ഷം മുമ്പുള്ള റോഡുകള്‍ മാത്രം നന്നാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണമിതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“നമസ്‌തേ സര്‍. കാര്‍മെലാരത്തിലും പരിസരത്തും ഞങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ദയവായി പരിഹരിക്കുക. റോഡുകളിലെ കുഴികള്‍ ദിനംപ്രതി വലുതായിക്കൊണ്ടിരിക്കുകയാണ്. അഴുക്കുചാലുകള്‍ നിറഞ്ഞൊഴുകുന്നു.  റോഡുകളില്‍ തെരുവുവിളക്കുകളില്ല. എല്ലായിടത്തും മാലിന്യം വലിച്ചെറിയപ്പെടുന്നു. അടിയന്തര നടപടിക്കായി കാത്തിരിക്കുന്നു”, ഇങ്ങനെയാണ് കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്റ്കാര്‍ഡില്‍ ഒന്നില്‍ എഴുതിയിരിക്കുന്നത്.

പ്രദേശത്തെ റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണെന്നും സൈക്കിള്‍ ഓടിക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞായിരുന്നു പത്ത് വയസ്സുള്ള പീറ്റര്‍ എന്ന കുട്ടി തയ്യാറാക്കിയ പോസ്റ്റര്‍. മാലിന്യം നീക്കം ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ ആളുകള്‍ തെരുവുകളില്‍ മാലിന്യം വലിച്ചെറിയുകയാണെന്നും തങ്ങളുടെ പ്രദേശം താമസയോഗ്യമാക്കാനുള്ള അഭ്യര്‍ത്ഥനയായി ഇത് പരിഗണിക്കണമെന്നും കുട്ടി പോസ്റ്റ്കാര്‍ഡില്‍ അപേക്ഷിക്കുന്നു.

പ്രദേശത്ത് 4-5 നിര്‍ണായക സിഡിപി റോഡുകളുണ്ട്. പക്ഷേ ചില പദ്ധതികള്‍ ആരംഭിച്ചിട്ടില്ല. മറ്റുള്ളവ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയില്‍ കുടുങ്ങിക്കിടക്കുന്നു. ഇത് താമസക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകുന്നത് വൈകിപ്പിക്കുന്നു.

സമീപത്തായി നിരവധി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതും ഇതു കാരണം ഗതാഗതക്കുരുക്ക് വര്‍ദ്ധിച്ചതുമാണ് പ്രദേശവാസികളുടെ ദുരിതത്തിന് ആക്കം കൂട്ടുന്നത്. പല വിദ്യാര്‍ത്ഥികള്‍ക്കും ഇതുകാരണം സ്‌കൂളില്‍ നേരത്തെയെത്താന്‍ സാധിക്കുന്നില്ല. ഈ പ്രശ്‌നം കാരണം സ്‌കൂളുകള്‍ പലതും പ്രവര്‍ത്തനസമയം തന്നെ മാറ്റി.

“ഞങ്ങള്‍ക്ക് ചെറിയ കുട്ടികളുണ്ട്. അടിസ്ഥാനസൗകര്യങ്ങളും റോഡുകളും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ പേരില്‍ സ്‌കൂളുകള്‍ നേരത്തെ പ്രവര്‍ത്തനം ആരംഭിക്കേണ്ടി വരുന്നത് പരിഹാസ്യമാണ്”, ഒരു രക്ഷിതാവ് രോഷത്തോടെ പ്രതികരിച്ചു. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിന്റെ ഭാരം കുട്ടികള്‍ സഹിക്കുകയാണെന്നും ജീവന് പോലും ഭീഷണിയാണ് ഈ റോഡുകളെന്നും മറ്റൊരു രക്ഷിതാവ് ചൂണ്ടിക്കാട്ടി.

മലയാളം വാർത്തകൾ/ വാർത്ത/India/

500 പോസ്റ്റ്കാർഡ് ഒരേയൊരു ആവശ്യം; തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രിയോട് സ്‌കൂള്‍ കുട്ടികള്‍