ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 % അധിക തീരുവ ഈടാക്കൽ ബുധനാഴ്ച മുതൽ; വിജ്ഞാപനം ഇറങ്ങി; രാജ്യതാൽപര്യം സംരക്ഷിക്കുമെന്ന് ഇന്ത്യ| United States issues a draft notice to implement an additional 25 per cent tariff on Indian imports into America starting August 27 | World
Last Updated:
2025 ഓഗസ്റ്റ് 27 മുതൽ ഇന്ത്യക്ക് മേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ പ്രാബല്യത്തിൽ വരുമെന്ന് സിബിപി വ്യക്തമാക്കി. ആ ദിവസം ഇന്ത്യൻ സമയം പുലർച്ചെ 12.01 മുതൽ, യുഎസിൽ ഉപഭോഗത്തിനായി ഇറക്കുമതി ചെയ്യുന്നതോ, വെയർ ഹൗസിൽ നിന്ന് നീക്കം ചെയ്യുന്നതോ ആയ എല്ലാ ഇന്ത്യൻ ഉത്പന്നങ്ങൾക്കും താരിഫ് ബാധകമായിരിക്കും
ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ഏർപ്പെടുത്താനുള്ള നടപടികളിൽ ഉറച്ച് അമേരിക്ക. അധികതീരുവ ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതി വിശദീകരിച്ച് ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന ഉടമ്പടിക്കുള്ള ശ്രമങ്ങൾ തടസ്സപ്പെട്ടതോടെ, കടുത്ത നികുതികൾ നടപ്പിലാക്കാനുള്ള വൈറ്റ് ഹൗസിന്റെ നീക്കത്തിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തൽ.
2025 ഓഗസ്റ്റ് 27 മുതൽ ഇന്ത്യക്ക് മേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ പ്രാബല്യത്തിൽ വരുമെന്ന് സിബിപി വ്യക്തമാക്കി. ആ ദിവസം ഇന്ത്യൻ സമയം പുലർച്ചെ 12.01 മുതൽ, യുഎസിൽ ഉപഭോഗത്തിനായി ഇറക്കുമതി ചെയ്യുന്നതോ, വെയർ ഹൗസിൽ നിന്ന് നീക്കം ചെയ്യുന്നതോ ആയ എല്ലാ ഇന്ത്യൻ ഉത്പന്നങ്ങൾക്കും താരിഫ് ബാധകമായിരിക്കും. ഈ മാസം ആദ്യം ഒപ്പുവെച്ച യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് 14329 പ്രകാരമാണ് ഈ നടപടി.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെ തുടർന്നാണ് ഇന്ത്യയ്ക്കുള്ള തീരുവ യുഎസ് വർധിപ്പിച്ചത്. തീരുവ വർധിപ്പിച്ചതിനെ അന്യായവും നീതിരഹിതവുമെന്ന് വ്യക്തമാക്കിയ ഇന്ത്യ, രാജ്യതാൽപര്യങ്ങൾക്ക് അനുസരിച്ച് നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നാണ് അധികൃതർ പറയുന്നത്.
കർഷകരുടെയും ചെറുകിട വ്യവസായികളുടെയും താൽപര്യങ്ങളിൽ ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. തീരുവ ഒഴിവാക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ഓഗസ്റ്റ് ആറിനാണ് 25% പകരം തീരുവ ഇരട്ടിയാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവ പ്രഹരം ഏൽപിച്ചത്. റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിലായിരുന്നു മൊത്തം തീരുവ 50 ശതമാനമാക്കിയത്. ഇതോടെ യുഎസ് ഏറ്റവും ഉയർന്ന തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറി.
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ദ്വിതീയ ഉപരോധങ്ങളും ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നവരിൽ ഏറ്റവും മുൻനിരയിലുള്ള രണ്ട് രാജ്യങ്ങൾ ചൈനയും ഇന്ത്യയുമാണ്.
New Delhi,New Delhi,Delhi
August 26, 2025 1:16 PM IST
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 % അധിക തീരുവ ഈടാക്കൽ ബുധനാഴ്ച മുതൽ; വിജ്ഞാപനം ഇറങ്ങി; രാജ്യതാൽപര്യം സംരക്ഷിക്കുമെന്ന് ഇന്ത്യ