‘കേരളത്തിൽ കൊടുക്കുന്ന റേഷൻ മുഴുവൻ ‘മോദി അരിയാണ്’: പിണറായിയുടേത് ഒരു മണി പോലുമില്ല’: ജോര്‍ജ് കുര്യൻ | Union Minister George Kurian says states all rice distributed in Kerala is from the Centre | Kerala
Last Updated:
ഉത്സവാന്തരീക്ഷങ്ങളില്‍ എങ്കിലും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഇത് നേതാക്കളോടുളള അഭ്യര്‍ത്ഥനയാണെന്നും ജോര്‍ജ് കുര്യന് പറഞ്ഞു
കൊച്ചി: കേരളത്തിൽ കൊടുക്കുന്ന റേഷൻ മുഴുവന്‍ ‘മോദി അരി’ ആണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഒരു മണി അരി പോലും പിണറായി വിജയന്റെതായി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അവകാശമാണ് നല്‍കുന്നത്. അതുകൊണ്ടാണ് ഇക്കാര്യം ഇതുവരെ വിളിച്ചുപറയാതിരുന്നതെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
ഇനി ഇക്കര്യം വിളിച്ചു പറയാൻ ബിജെപി പ്രവർത്തകരോട് പറയേണ്ടിവരുമെന്നും കേരളത്തിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും കേന്ദ്രസര്‍ക്കാരും പങ്കാളികളാണെന്നും ജോര്‍ജ് കുര്യന് വ്യക്തമാക്കി. ഓണത്തിനോടനുബന്ധിച്ച് കേരളത്തിന് പ്രത്യേകമായി ഭക്ഷ്യധാന്യം അനുവദിച്ചില്ലെന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കേന്ദ്രം കേരളത്തിനായി നൽകികൊണ്ടിരിക്കുന്നത് ഒരുലക്ഷത്തി പതിനെണ്ണായിരം മെട്രിക് ടണ്‍ ധാന്യങ്ങളാണ്. ഇത് കൂടാതെ, ഓണത്തിന് കേന്ദ്രം ആറുമാസത്തേക്ക് അരി അഡ്വാന്‍സ് അനുവദിച്ചിട്ടുണ്ട്. ഉത്സവാന്തരീക്ഷങ്ങളില്‍ എങ്കിലും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഇത് നേതാക്കളോടുളള അഭ്യര്‍ത്ഥനയാണെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
ഓണത്തിന് കേരളത്തിന് പ്രത്യേക അരി ലഭിക്കുമെന്ന് ജോർജ് കുര്യൻ നേരത്തെ അറിയിച്ചിരുന്നതാണ്. കേരളത്തിലെ 42 ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. 53 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് 8.30 രൂപ നിരക്കിലും കേന്ദ്രസര്‍ക്കാര്‍ അരി വിതരണം ചെയ്യും. കേരളത്തിന് ആവശ്യമെങ്കില്‍ ആറുമാസത്തെ അഡ്വാന്‍സ് അരി നല്‍കാമെന്നും ജോര്‍ജ് കുര്യന് വ്യക്തമാക്കി.
അരി കിട്ടുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ശരിയല്ല. 2017 മുതൽ ഓണം പോലുള്ള അവസരങ്ങളിൽ 6 മാസത്തേക്ക് അരി മുൻകൂറായി കൊടുക്കുന്നുണ്ട്. 22.50 രൂപയ്ക്ക് എടുത്ത് സംസ്ഥാന സർക്കാരിന് സബ്സിഡി നിരക്കിൽ കൊടുക്കാൻ പറ്റും. ഇതു മുഴുവൻ നരേന്ദ്ര മോദി അരിയാണെന്നും ഒരു മണി പോലും പിണറായി വിജയന്റെ അരി ഇല്ല എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിന് ഒരു മണി അരി പോലും നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. റേഷന്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും കേരളത്തില്‍ ബദല്‍ നയം നടപ്പിലാക്കാത്തതിനാലാണ് സംസ്ഥാനം വേറിട്ട് നില്‍ക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ മറുപടിയുമായി രംഗത്ത് എത്തിയത്.
Kochi [Cochin],Ernakulam,Kerala
August 26, 2025 9:55 PM IST