Leading News Portal in Kerala

‘ഓണം ഹിന്ദുമതസ്ഥരുടേത്’; സ്‌കൂളില്‍ ആഘോഷം വേണ്ടെന്ന അധ്യാപികയുടെ ശബ്ദസന്ദേശത്തില്‍ കേസ്| Case against Thrissur teacher for voice notes to parents on onam should not be celebrated as it is unislamic | Kerala


Last Updated:

ചെറിയ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികളെ മതപരമായി വേര്‍തിരിക്കുന്ന പരാമര്‍ശങ്ങളാണ് അധ്യാപിക രക്ഷിതാക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലെന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയത്

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ച അധ്യാപികയ്‌ക്കെതിരെ കേസ്. തൃശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് നടപടി. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും മുസ്ലിങ്ങള്‍ ഇതില്‍ പങ്കാളികളാകരുതെന്നും ആവശ്യപ്പെട്ടാണ് അധ്യാപിക രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ചത്.

കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണ ഓണം ആഘോഷിക്കേണ്ടതില്ല. ഓണം ഇതരമതസ്ഥരുടെ ആഘോഷമായതിനാല്‍ ഇസ്ലാം മതവിശ്വാസികള്‍ അതിനോട് സഹകരിക്കരുത്. നമ്മള്‍ മുസ്ലിങ്ങള്‍ ഇസ്ലാം മതത്തെ മുറുകെപ്പിടിച്ച് ജീവിക്കേണ്ടവരാണ് തുടങ്ങിയ കാര്യങ്ങളും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. ചെറിയ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികളെ മതപരമായി വേര്‍തിരിക്കുന്ന പരാമര്‍ശങ്ങളാണ് അധ്യാപിക രക്ഷിതാക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലെന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയത്.

‘ഓണം ഹിന്ദുമതസ്ഥരുടെ ആചാരമാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ആ ഒരു സെലിബ്രേഷനുമായി ബന്ധപ്പെട്ട് നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള കാര്യങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. കാരണം മറ്റു മതസ്ഥരുടെ ആചാരങ്ങളെ നമ്മൾ കൂട്ടുപിടിച്ച് കഴിഞ്ഞാൽ അത് ശിർക്കായി മാറാൻ ചാൻസുണ്ട്. അല്ലാഹുവിനോട് പങ്കുചേർക്കുന്നതിന് തുല്യമാണിത്’- അധ്യാപികയുടെ ശബ്ദസന്ദേശത്തിൽ പറയുന്നു.

മറ്റൊരധ്യാപികയുടെ ഇത്തരം ഒരു ശബ്ദ സന്ദേശവും രക്ഷിതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ കഴിഞ്ഞവര്‍ഷം ഓണം വിപുലമായി ആഘോഷിച്ചു എന്നും എന്നാല്‍ ഈ വര്‍ഷം ഏറ്റവും ചുരുങ്ങിയ രീതിയില്‍ ഓണം ആഘോഷിച്ചാല്‍ മതിയെന്നാണ് മാനേജ്‌മെന്റ് തീരുമാനമെന്നാണ് പറയുന്നത്. കാരണം പല മതത്തിലുള്ള മക്കളും പഠിക്കുന്ന പബ്ലിക് സ്കൂളാണ്. കുട്ടികള്‍ ഓണാഘോഷത്തിന്റെ ഭാഗമാകുന്നത് തടയാന്‍ കെ ജി വിഭാഗം കുട്ടികള്‍ക്ക് ആ ദിവസം അവധി കൊടുത്തിട്ടുണ്ടെന്നും പറയുന്നു.

എന്നാല്‍ ടീച്ചര്‍മാര്‍ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത് എന്നും സ്‌കൂളിന്റെ നിലപാടല്ല എന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു.