Leading News Portal in Kerala

ഒരാഴ്ചക്കിടെ ഡോണൾഡ് ട്രംപ് ഫോൺ വിളിച്ചത് 4 തവണ; കോളുകൾ എടുക്കാതെ നരേന്ദ്ര മോദി| pm narendra modi refused donald trumps calls 4 times in recent weeks says german newspaper | World


Last Updated:

റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ച് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം അധിക തീരുവ ചുമത്തിയ ഘട്ടത്തിലാണ് ട്രംപ് -മോദി സൗഹൃദം ഉലയുന്നതായ വിവരങ്ങളും പുറത്തുവരുന്നത്

ട്രംപ്- മോദിട്രംപ്- മോദി
ട്രംപ്- മോദി

ന്യൂഡൽഹി: കഴിഞ്ഞ ഒരാഴ്ചക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 4 തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചതായും നാല് തവണയും കോളുകൾ നിരസിച്ച മോദി, ട്രംപിനോട് സംസാരിക്കാൻ വിസമ്മതിച്ചതായും റിപ്പോർട്ട്. ജർമൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൽജെമൈൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വ്യാപാര തർക്കം രൂക്ഷമായിരിക്കെയാണ് ട്രംപിന്റെ കോളുകൾ മോദി നിരസിച്ചതെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ച് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം അധിക തീരുവ ചുമത്തിയ ഘട്ടത്തിലാണ് ട്രംപ് -മോദി സൗഹൃദം ഉലയുന്നതായ വിവരങ്ങളും പുറത്തുവരുന്നത്. ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ ഇന്നു രാവിലെ മുതൽ നിലവിൽ വരികയാണ്.

കഴിഞ്ഞ നാല് മാസത്തിനിടെ ട്രംപ് ഡസൻ കണക്കിന് തവണ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സാധ്യമായ ആണവയുദ്ധം വ്യാപാരം ഉപയോഗിച്ച് നിർത്തിയതായി അവകാശപ്പെട്ടിട്ടുണ്ട്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടാനുള്ള വ്യാമോഹപരമായ ശ്രമമായി ഇപ്പോൾ പല അമേരിക്കൻ വിശകലന വിദഗ്ധരും ട്രംപിന്റെ അവകാശ വാദങ്ങളെ വിലയിരുത്തപ്പെടുന്നു.  കാനഡയിൽ നടന്ന ജി-20 യോഗത്തിന് ശേഷം ജൂൺ അവസാനം വാഷിംഗ്ടൺ സന്ദർശിക്കാനുള്ള ട്രംപിന്റെ അപ്രതീക്ഷിത ക്ഷണം പ്രധാനമന്ത്രി നരേന്ദ്രമോദി നിരസിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ജൂൺ 17 നാണ് അവസാനമായി നരേന്ദ്ര മോദിയും ട്രംപും ഫോണിൽ സംസാരിച്ചത്. അതിന് ശേഷം ഇരുനേതാക്കളും തമ്മിൽ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നാണ് സൂചന. ട്രംപിന്റെ അഭ്യർത്ഥന മാനിച്ചാണ് മോദി ഫോണിൽ സംസാരിച്ചതെന്ന് അന്ന് തന്നെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഏകദേശം 35 മിനിറ്റ് നേരം ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യ സംഭാഷണമായതിനാൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചാണ് മോദി അന്ന് ട്രംപുമായി സംസാരിച്ചത്.

എന്നാൽ, കോളുകൾ നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ വാഷിംഗ്ടണിലെ ഉദ്യോഗസ്ഥർ വിസമ്മതിച്ചു, എന്നാൽ ഫോണിലൂടെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നത് പ്രധാനമന്ത്രി മോദിയുടെ രീതിയല്ലെന്ന്  ഒരു പ്രധാന ഇന്ത്യൻ നയതന്ത്രജ്ഞൻ പറയുന്നു. സംഭാഷണത്തിന്റെ ഫലം തെറ്റായി ചിത്രീകരിക്കപ്പെടാതിരിക്കാൻ മോദി കോളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധ്യതയുണ്ടെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.

Summary: US President Donald Trump made at least four attempts to talk to Indian Prime Minister Narendra Modi over the phone in recent weeks, but PM refused to talk to him, according to German newspaper Frankfurter Allgemeine.