ദസറ ഉദ്ഘാടനത്തിന് ബുക്കർ ജേതാവ് ബാനു മുഷ്താഖ്; കര്‍ണാടകയില്‍ വിവാദം|Booker Prize winner Banu Mushtaq for Dussehra inauguration sparks controversy in Karnataka | India
Last Updated:
ഈ വർഷത്തെ മൈസൂരു ദസറ ആഘോഷങ്ങൾക്ക് ബാനു മുഷ്താഖ് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്
സെപ്റ്റംബറില്‍ നടക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ മൈസൂരു ദസറ ആഘോഷങ്ങള്‍ ബുക്കര്‍ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. ബാനുവിനെ ഒരു പുരോഗമന ചിന്താഗതിക്കാരിയെന്ന് വിശേഷിപ്പിച്ച സിദ്ധരാമയ്യ അവരുടെ ബുക്കര്‍ പുരസ്കാര നേട്ടം ആഘോഷിക്കുകയും ചെയ്തിരുന്നു. ബാനുവിനെ ദസറ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാനത്ത് രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തി. ബിജെപി ഈ തീരുമാനത്തെ വിമര്‍ശിക്കുകയും ദസറ ഉദ്ഘാടനം ചെയ്യാനുള്ള അവരുടെ യോഗ്യത സംബന്ധിച്ച് രംഗത്തെത്തുകയും ചെയ്തു.
ഈ വര്‍ഷത്തെ മൈസൂരു ദസറ ആഘോഷങ്ങള്‍ ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പ്രഖ്യാപിച്ചത്. പിന്നാലെ ഇത് വിവാദമായി. ”ലോകപ്രശസ്തമായ ദസറയുടെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ അന്താരാഷ്ട്ര ബുക്കര്‍ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് നിര്‍വഹിക്കും. അവരുടെ കഥാസമാഹാരമായ ഹൃദയ ദീപയാണ് പുരസ്കാരം സ്വന്തമാക്കിയത്. കര്‍ണാടകയില്‍ നിന്നുള്ള ഒരു വനിതയ്ക്ക് അന്താരാഷ്ട്ര ബുക്കര്‍ പുരസ്കാരം ലഭിച്ചത് വളരെ സന്തോഷകരമായ കാര്യമാണ്. വിവിധ വിഷയങ്ങളിലുള്ള പോരാട്ട പശ്ചാത്തലത്തില്‍ നിന്നാണ് ബാനു മുഷ്താഖ് വരുന്നത്. അവര്‍ ഒരു പുരോഗമന ചിന്താഗതിക്കാരിയാണ്. അത്തരമൊരു സ്ത്രീയെയാണ് ദസറ ഉദ്ഘാടനത്തിനായി ക്ഷണിച്ചിരിക്കുന്നത്,” സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നതിന് പിന്നാലെ എതിർത്ത് ബിജെപി രംഗത്തെത്തി. കര്‍ണാടകയിലെ പ്രതിപക്ഷ നേതാവും ബിജെപി എംഎല്‍എയുമായ ആര്. അശോക ഈ നീക്കത്തെ വിമര്‍ശിക്കുകയും സിദ്ധരാമയ്യ ഹിന്ദു പാരമ്പര്യങ്ങളെ അപമാനിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുമതത്തെ കളങ്കപ്പെടുത്തുന്നതായി ആരോപിച്ച അദ്ദേഹം സിദ്ധരാമയ്യയ്ക്ക് ‘ടിപ്പുവിന്റെ മനോഗതി’യാണുള്ളതെന്നും പറഞ്ഞു.
ബാനു മുഷ്താഖിനെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ പുറത്താക്കപ്പെട്ട ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍, ചാമുണ്ഡേശ്വരി ദേവിക്ക് പൂക്കൾ അര്‍പ്പിച്ച് വിളക്ക് കൊളുത്തി ദസറ ഉദ്ഘാടനം ചെയ്യുന്ന രീതി അവരുടെ മതവിശ്വാസങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും കൂട്ടിച്ചേർത്തു. ഏകദൈവത്തിലും ഏക മത ഗ്രന്ഥത്തിലും മാത്രം വിശ്വസിക്കുന്ന ഇസ്ലാം മതമാണോ അവര്‍ പിന്തുടരുന്നതെന്നും അതോ എല്ലാ വഴികളും ഒടുവില്‍ ഒരു മോക്ഷത്തിലേക്ക് എത്തിച്ചേരുമെന്നാണോ വിശ്വസിക്കുന്നതെന്നും ബാനു വ്യക്തമാക്കണമെന്ന് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
മൈസൂരു മുന്‍ എംപിയും ബിജെപി നേതാവുമായ പ്രതാപ് സിംഹയും സമാനമായ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. ”വ്യക്തിപരമായി ബാനു മുഷ്താഖിന്റെ നേട്ടത്തെ ബഹുമാനിക്കുന്നു. അവര്‍ അഖില ഭാരത കന്നഡ സാഹിത്യ സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത് സ്വാഗതം ചെയ്യുന്നു. പക്ഷേ, ചാമുണ്ഡേശ്വരി ദേവിക്ക് പൂജ അര്‍പ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ഒരു ഹിന്ദു മതപരിപാടിയായ ദസറയ്ക്ക് അവര്‍ അനുയോജ്യമല്ല. ചാമുണ്ഡേശ്വരി ദേവിയില്‍ അവര്‍ക്ക് വിശ്വാസമുണ്ടോ? അവര്‍ നമ്മുടെ പാരമ്പര്യങ്ങള്‍ പിന്തുടരുന്നുണ്ടോ?,” അദ്ദേഹം ചോദിച്ചു.
ബാനു മുഷ്താഖും വിവര്‍ത്തക ദീപ ബസ്തിയും ദസറ ഉത്സവത്തില്‍ ബഹുമാനത്തിന് അര്‍ഹരാണെന്നും ബാനുവിനെ മാത്രം ക്ഷണിച്ച നടപടി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പക്ഷപാതപരമായ നിലപാടാണ് കാണിക്കുന്നതെന്നും ബിജെപി സംസ്ഥാന ഒബിസി മോര്‍ച്ച പ്രസിഡന്റ് ആര്. രഘു കൗടില്യ ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവും കര്‍ണാടക ആഭ്യന്തര മന്ത്രിയുമായ ജി. പരമേശ്വര രംഗത്തെത്തി. പരിപാടിയെ വര്‍ഗീയവത്കരിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ”ഇതിനെ എതിര്‍ക്കുന്നത് ശരിയല്ല. ഇത് മതപരമായ വിഷയമല്ല. ദസറ ഒരു ദേശീയ ഉത്സവമാണ്,” അദ്ദേഹം പറഞ്ഞു. ദസറ ആഘോഷങ്ങള്‍ കേവലം ഒരു മതപരമായ പാരമ്പര്യത്തേക്കാള്‍ കര്‍ണാടകയുടെ പൈതൃതകത്തെയും സംസ്കാരത്തെയും ഉയര്‍ത്തിക്കാട്ടുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ബിജെപിയുടെ നീക്കത്തെ കര്‍ണാടക മന്ത്രി എച്ച് കെ പാട്ടീലും വിമര്‍ശിച്ചു. ”ദസറ എല്ലാവര്ക്കും വേണ്ടിയുള്ളതാണ്. ഇത് ഒരു സംസ്ഥാന ഉത്സവമാണ്. ചിലര്‍ രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യമാണ്. ഇതില്‍ ആരും രാഷ്ട്രീയം കളിക്കരുത്. സര്‍ക്കാര്‍ എടുത്ത നല്ല തീരുമാനങ്ങളില്‍ ഒന്നാണിത്. ബിജെപി തങ്ങളുടെ ആരോപണങ്ങള്‍ പുനഃപരിശോധിക്കുമെന്ന് ഞാന്‍ കരുതുന്നു,” അദ്ദേഹം പറഞ്ഞു.
എല്ലാ വര്‍ഷവും മൈസൂരില്‍ നടക്കുന്ന ഉത്സവമാണ് മൈസൂരു ദസറ. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ദസറ ആഘോഷങ്ങളില്‍ നിരവധി സാംസ്കാരിക പരിപാടികളും ചടങ്ങുകളും സംഘടിപ്പിക്കപ്പെടും. സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ രണ്ട് വരെയാണ് ഈ വര്‍ഷത്തെ ദസറ ആഘോഷങ്ങള്‍ നടക്കുന്നത്. പരമ്പരാഗത ആഘോഷങ്ങള്‍ക്ക് പുറമെ ഈ വര്‍ഷത്തെ പരിപാടിയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ എയര്‍ഷോയും ഉള്‍പ്പെടുന്നു.
August 27, 2025 11:01 AM IST
