Leading News Portal in Kerala

മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കാന്‍ മുങ്ങിമരിച്ചതായി നാടകം കളിച്ച 45-കാരന് 89 ദിവസം തടവുശിക്ഷ 45-year-old man sentenced to 89 days in prison for pretending to drown to be with his online lover | Crime


Last Updated:

വിദേശത്ത് പുതിയ ജീവിതം ആരംഭിക്കാനായി തടാകത്തില്‍ മുങ്ങിമരിച്ചതായി വരുത്തിതീര്‍ക്കുകയായിരുന്നു

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

കുടുംബത്തില്‍ നിന്നും രക്ഷപ്പെടാനും ഓണ്‍ലൈനില്‍ കണ്ടുമുട്ടിയ യുവതിക്കൊപ്പം വിദേശത്ത് പുതിയ ജീവിതം ആരംഭിക്കാനുമായി മരണ നാടകം കളിച്ചയാൾ ഒടുവില്‍ അകത്ത്. യുഎസിലെ വിസ്‌കോന്‍സില്‍ ആണ് സംഭവം.

45-കാരനായ റയാന്‍ ബോര്‍ഗ്വാര്‍ഡ് ആണ് കുടുംബത്തെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഒരുപോലെ കബളിപ്പിച്ചത്. വിദേശത്ത് പുതിയ ജീവിതം ആരംഭിക്കാനായി ഇയാള്‍ തടാകത്തില്‍ മുങ്ങിമരിച്ചതായി വരുത്തിതീര്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച ഗ്രീന്‍ ലേക്ക് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തിന് 89 ദിവസത്തെ തടവ് ശിക്ഷ വിധിച്ചു. അദ്ദേഹം മരിച്ചതായി കണക്കാക്കിയ ദിവസങ്ങളുടെ എണ്ണത്തിന് തുല്യമാണിത്.

മരണം കെട്ടിച്ചമച്ച് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കുറ്റത്തിനാണ് ശിക്ഷ. ശിക്ഷ സ്വീകരിക്കാന്‍ റയാന്‍ സമ്മതിച്ചു. 45 ദിവസത്തെ ശിക്ഷ ശുപാര്‍ശ ചെയ്ത ഹര്‍ജി തള്ളികൊണ്ട് ജഡ്ജി മാര്‍ക് ടി സ്ലേറ്റ് 89 ദിവസത്തെ തടവ് വിധിക്കുകയായിരുന്നു.

മുങ്ങിമരിച്ചതായി കഥ മെനഞ്ഞ് അദ്ദേഹം നിയമപാലകരുടെ കര്‍ത്തവ്യനിര്‍വഹണത്തെ  89 ദിവസം തടസപ്പെടുത്തിയാതായി ജഡ്ജി പറഞ്ഞു. ഈ ശിക്ഷ മറ്റുള്ളവര്‍ക്ക് ഒരു പേടിയായിരിക്കണമെന്നും ജഡ്ജി പറഞ്ഞതായി എപി റിപ്പോര്‍ട്ട് ചെയ്തു.

മില്‍വാക്കിയില്‍ നിന്ന് ഏകദേശം 100 മൈല്‍ വടക്കുപടിഞ്ഞാറായുള്ള ഗ്രീന്‍ ലേക്കില്‍ കയാക്കിംഗ് നടത്തുകയാണെന്ന് ഭാര്യയോട് പറഞ്ഞ റയാനെ പിന്നീട് കാണാതാകുകയായിരുന്നു. 2024 ഓഗസ്റ്റ് 12-ന് ആണ് സംഭവം നടന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രാഥമിക നിരീക്ഷണത്തില്‍ ഇതൊരു മുങ്ങിമരണമായി കണക്കാക്കി. തടാകത്തില്‍ നിന്നും മറിഞ്ഞ കയാക്ക്, ലൈഫ് ജാക്കറ്റ്, സ്വാകാര്യ വസ്തുക്കള്‍ എന്നിവ കണ്ടെത്തി.

എന്നാല്‍ മൃതദേഹം കണ്ടാത്താനായില്ല. സോണാര്‍ സ്‌കാനറുകളും മുങ്ങല്‍വിദഗ്ദ്ധരും 58 ദിവസം മൃതദേഹം കണ്ടെത്താനായി തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. റയാന്‍ താന്‍ മരിച്ചതായി വരുത്തിതീര്‍ക്കാന്‍ മനപൂര്‍വം കയാക്ക് മറിച്ചിട്ടുവെന്നും ഫോണും വാലറ്റും അടക്കമുള്ള വസ്തുക്കൾ അവിടെ ഉപേക്ഷിച്ചുവെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.

തുടര്‍ന്ന് ടൊറാന്റോ, പാരീസ് വഴി ജോര്‍ജിയയിലേക്ക് കടന്നു. ഓണ്‍ലൈനില്‍ ബന്ധമുണ്ടായിരുന്ന സ്ത്രീക്കൊപ്പം റയാന്‍ ജോര്‍ജിയയില്‍ താമസമാക്കി. പദ്ധതിയുടെ ഭാഗമായി റയാന്‍ പുതിയ പാസ്‌പോര്‍ട്ട് എടുത്തതായും ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുത്തതായും പ്രത്യുല്‍പാദന ശേഷി വീണ്ടെടുത്തതായും ഉദ്യോഗസ്ഥര്‍ പിന്നീട് കണ്ടെത്തി. സ്വന്തം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി കുടുംബത്തെ കബളിപ്പിക്കാനായി താന്‍ മരിച്ചതായി ലോകത്തെ റയാന്‍ വിശ്വസിപ്പിച്ചുവെന്ന് ജില്ലാ അറ്റോര്‍ണി ഗെരിസ് പാസ്പിസ കോടതിയില്‍ പറഞ്ഞു.

വിദേശത്തേക്ക് ഇയാള്‍ പണം അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. കാമുകിയെ ബന്ധപ്പെട്ട് വിദേശത്ത് ഒരു വീട് വാടകയ്‌ക്കെടുക്കുകയും ജോലി സമ്പാദിക്കുകയും ചെയ്തു. 2024 ഒക്ടോബറില്‍ ലാപ്‌ടോപ്പിന്റെ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനയിലാണ് ഈ കബളിപ്പിക്കല്‍ പുറത്തറിയുന്നത്. അദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ ആശയവിനിമയങ്ങളും വിദേശ ബാങ്കിടപാടുകളുടെ തെളിവുകളും ഇതില്‍ നിന്നും കണ്ടെത്തി.

നവംബറോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കണ്ടെത്തി വിസ്‌കോന്‍സിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചു. ഡിസംബറില്‍ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തി നടപടികളാരംഭിച്ചു.

മൃതദേഹം കണ്ടെത്താന്‍ നടത്തിയ തിരച്ചില്‍ ചെലവ് നികത്താന്‍ റയാന്‍ 30,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കോടതിയില്‍ അയാള്‍ ഖേദം പ്രകടിപ്പിക്കുകയും താന്‍ ചെയ്ത എല്ലാ പ്രവൃത്തികള്‍ക്കും കുടുംബത്തോടും സുഹൃത്തുക്കളോടും ക്ഷമ ചോദിക്കുകയും ചെയ്തു.

ഒരു കുറ്റകൃത്യത്തിന്റെ പേരില്‍ ജോര്‍ജിയയില്‍ നിന്ന് നാടുകടത്താന്‍ കഴിയില്ലെന്ന് അറിഞ്ഞിട്ടും തന്റെ കക്ഷി സ്വമേധയ മടങ്ങിയെത്തിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. 22 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോള്‍ വിവാഹമോചനം നേടി. സംഭവത്തില്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിനേറ്റ നഷ്ടം ഒരിക്കലും നികത്താന്‍ കഴിയില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.