Leading News Portal in Kerala

അശ്ലീല വിഡിയോ കാസറ്റുകൾ കടയിൽ സൂക്ഷിച്ചതിന് 27 വർഷം മുമ്പ് ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി High Court acquitted a Kottayam native convicted of keeping pornographic video cassettes in a shop | Kerala


Last Updated:

1997ലാണ് കേസിനാസ്പദമായ സംഭവം നടന്നത്

കേരള ഹൈക്കോടതികേരള ഹൈക്കോടതി
കേരള ഹൈക്കോടതി

അശ്ലീല വിഡിയോ കാസറ്റുകൾ കടയിൽ സൂക്ഷിച്ചു എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശിയെ 28 വർഷങ്ങൾക്കുശേഷം ഹൈക്കോടതി കുറ്റവിമുക്തനാക്കി. തെളിവിനായി ഹാജരാക്കിയ കസെറ്റുകൾ മജിസ്ട്രേറ്റ് നേരിട്ട് കണ്ട് പരിശോധിക്കാത്തതിനാൽ ഇന്ത്യൻ തെളിവു നിയമം അനുസരിച്ച് കേസ് നിലനിൽക്കില്ല എന്ന് വിധിന്യായത്തിൽ വ്യക്തമാക്കിയ ജസ്റ്റിസ് കൗസർ എടപ്പഗത്ത് കൂരോപ്പട സ്വദേശിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.

1997ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.കൂരോപ്പട പഞ്ചായത്തിൽ ഹർജിക്കാരന്റെ ഉടമസ്ഥതയിലുള്ള കസെറ്റ് കടയിൽനിന്ന് അശ്ലീല ദൃശ്യങ്ങളടങ്ങിയ 10 കസെറ്റുകൾ പൊലീസ് പിടിച്ചെടുത്തെന്നാണ് കേസ്. ഐപിസി 292 വകുപ്പ് പ്രകാരം അശ്ലീല ദൃശ്യങ്ങൾ വിൽക്കുന്നതോ വിതരണം ചെയ്യുന്നതോ വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നതോ കുറ്റകരമാണ്.

കേസിൽ കോട്ടയം മജിസ്ട്രേറ്റ് കോടതി ഹർജിക്കാരനെ രണ്ടു വർഷം തടവ് ശിക്ഷയ്ക്കും 2000 രൂപ പിഴയും വിധിച്ചു. തുടർന്ന് ഹർജിക്കാരൻ വിധിക്കെതിരെ സെഷൻസ് കോടതിയിയെ സമീപിക്കുകയും കോടതി ശിക്ഷ ഒരു വര്‍ഷമായും പിഴ 1000 രൂപയായും കുറയ്ക്കുകയും ചെയ്തു.പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

7 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായിരന്നു ഏഴാം സാക്ഷി.അന്വേഷണ ഉദ്യോഗസ്ഥൻ ഒന്നും രണ്ടും സാക്ഷികള്‍ക്കൊപ്പം കാസറ്റുകള്‍ കടയിലിട്ട് കണ്ട് ഇവയില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അന്വേഷണത്തിനിടയിൽ തഹസിൽദാർ കസെറ്റ് കാണുകയും അശ്ളീല ദൃശ്യങ്ങൾ ഉണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

എന്നാൽ തെളിവായി ഹാജരാക്കിയ കസെറ്റിൽ അശ്ളീല ദൃശ്യങ്ങൾ ഉണ്ടോ എന്നത് കേസ് കേട്ട മജിസ്ട്രേറ്റ് നേരട്ട് കണ്ട് ബോധ്യപ്പെട്ടില്ല എന്ന ഹർജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ തെളിവായ ദൃശ്യങ്ങള്‍ വിചാരണക്കോടതി ജഡ്ജിമാര്‍ നേരിട്ട് കണ്ട് ബോധ്യപ്പെടണമെന്നും ഹെക്കോടതി വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

അശ്ലീല വിഡിയോ കാസറ്റുകൾ കടയിൽ സൂക്ഷിച്ചതിന് 27 വർഷം മുമ്പ് ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി