Leading News Portal in Kerala

അയ്യപ്പസംഗമം രാഷ്ട്രീയ നാടകം; സ്റ്റാലിൻ എപ്പോഴാണ് അയ്യപ്പഭക്തനായതെന്ന് ബിജെപി| bjp kerala chief rajeev chandrasekhar asks when Stalin became a devotee Ayyappa Sangamam is a political drama | Kerala


Last Updated:

‘അയ്യപ്പസംഗമം രാഷ്ട്രീയമല്ലെങ്കില്‍ പിന്നെ എന്താണ്? രാഷ്ട്രീയമല്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അല്ലേ ചെന്നൈയ്ക്ക് പോകേണ്ടിയിരുന്നത്. എന്തിനാണ് സംഗമത്തിലേക്ക് എം കെ സ്റ്റാലിനെ ക്ഷണിച്ചത്. സ്റ്റാലിന്‍ എപ്പോഴാണ് അയ്യപ്പഭക്തനായത്. ഇത് രാഷ്ട്രീയമാണ്’ – രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖർരാജീവ് ചന്ദ്രശേഖർ
രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: അയ്യപ്പസംഗമം രാഷ്ട്രീയ നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അയ്യപ്പസംഗമത്തെ രാഷ്ട്രീയമായി കാണരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ആരെ വിഡ്ഢിയാക്കാനാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. അയ്യപ്പസംഗമം രാഷ്ട്രീയമല്ലെങ്കില്‍ പിന്നെ എന്താണ്? രാഷ്ട്രീയമല്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അല്ലേ ചെന്നൈയ്ക്ക് പോകേണ്ടിയിരുന്നത്. എന്തിനാണ് സംഗമത്തിലേക്ക് എം കെ സ്റ്റാലിനെ ക്ഷണിച്ചത്. സ്റ്റാലിന്‍ എപ്പോഴാണ് അയ്യപ്പഭക്തനായത്. ഇത് രാഷ്ട്രീയമാണ്. അങ്ങനെയാണ് ജനങ്ങള്‍ കാണുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് നാലുമാസം മാത്രമുള്ളപ്പോഴുള്ള രാഷ്ട്രീയ നാടകമാണിത്- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അയ്യപ്പസംഗമം സര്‍ക്കാര്‍ പരിപാടിയല്ല, ദേവസ്വം പരിപാടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പസംഗമം ദേവസ്വം ബോർഡ് നടത്തുകയാണെങ്കില്‍ നടക്കട്ടേ. 10 കൊല്ലമായി ഭക്തന്മാര്‍ക്ക് ശബരിമലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കാത്ത ദേവസ്വം ബോർഡ്, തിരഞ്ഞെടുപ്പിന് മുന്‍പ് അയ്യപ്പസംഗമം നടത്തുന്നെങ്കില്‍ നടത്തട്ടേ. ഹിന്ദു വൈറസ് ആണെന്ന് പറഞ്ഞ സ്റ്റാലിനും അയ്യപ്പഭക്തരെ ഉപദ്രവിച്ച പിണറായിയും അവിടെ പോകാന്‍ പാടില്ല. കാരണം, അതൊരു അപമാനമാണെന്നാണ് ബിജെപി പറഞ്ഞത്. ഇത് സര്‍ക്കാര്‍ പരിപാടി അല്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് അതേക്കുറിച്ച് സംസാരിച്ചതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റല്ലേ വാര്‍ത്താസമ്മേളനം നടത്തേണ്ടിയിരുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കും രാജീവ് ചന്ദ്രശേഖര്‍ മറുപടി നല്‍കി. ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു, രാജീവ് ചന്ദ്രശേഖറിന് ഒന്നുമറിയില്ല. കേരളത്തെ കുറിച്ച് ഒന്നും അറിയില്ല എന്ന്. ഞാന്‍ രാഷ്ട്രീയ വിദ്വാനല്ല. സാമാന്യബുദ്ധിയുണ്ട്. കോമണ്‍സെന്‍സുണ്ട്. അധ്വാനിക്കുന്ന ആളാണ്. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്ന ആളാണ്. ഹിന്ദുവിശ്വാസിയാണ്. മുഖ്യമന്ത്രിയെ പോലൊരു വിദ്വാന്‍ ആകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കാള്‍ മാര്‍ക്‌സിനെയും ദാസ് കാപിറ്റലും വായിച്ച് പഠിച്ച് കമ്മ്യൂണിസ്റ്റ് വിദ്വാനാകാന്‍ താല്‍പര്യമില്ല- രാജീവ് കൂട്ടിച്ചേർത്തു.