ഭരണഘടന പരിഷ്‌കരിഷ്‌ക്കരിച്ചില്ലെങ്കിൽ വിലക്കുണ്ടാകുമെന്ന് ഇന്ത്യന്‍ ഫുട്‌ബോളിന് ഫിഫയുടെ മുന്നറിയിപ്പ് | FIFA warns All India Football Federation to ratify its new constitution | Sports
Last Updated:
ഫെഡറേഷന്‍ ഭരണഘടനാ പരിഷ്‌കരണം നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവ് പ്രകാരമേ പുതുക്കിയ ഭരണഘടന ഫെഡറേഷന് നടപ്പാക്കാനാകുകയുള്ളൂ
പുതിയ ഭരണഘടന ഒക്ടോബര്‍ 30-നകം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫിഫയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും (എഎഫ്‌സി) അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) കത്ത് അയച്ചു. ഭരണഘടന പരിഷ്‌ക്കരിച്ചില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഭരണഘടന പരിഷ്‌ക്കരിക്കുന്നതില്‍ പ്രതിസന്ധി തുടരുന്നത് ഇന്ത്യന്‍ ഫുട്‌ബോളിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബെയെ അഭിസംബോധന ചെയ്ത് അയച്ച കത്തില്‍ ഫിഫയും എഎഫ്‌സിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ഫെഡറേഷന്‍ ഭരണഘടനാ പരിഷ്‌കരണം നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവ് പ്രകാരമേ പുതുക്കിയ ഭരണഘടന ഫെഡറേഷന് നടപ്പാക്കാനാകുകയുള്ളൂ. ഈ വര്‍ഷം ഒക്ടോബര്‍ 30-നകം സുപ്രീം കോടതിയില്‍ നിന്ന് ഭരണഘടന അംഗീകരിച്ചുകൊണ്ടുള്ള അന്തിമ ഉത്തരവ് നേടണമെന്ന് എഐഎഫ്എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫിഫയുടെയും എഎഫ്‌സിയുടെയും ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായിരിക്കണം പുതുക്കിയ ഭരണഘടനയെന്നും കത്തില്‍ പറയുന്നുണ്ട്.
ഇതില്‍ പരാജയപ്പെട്ടാല്‍ മറ്റ് നടപടികളിലേക്ക് കടക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് കത്തില്‍ ഫിഫ വ്യക്തമാക്കുന്നു.
2022 ആഗസ്റ്റ് 16-ന് ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വിലക്ക് പിന്‍വലിക്കുകയും 10 ദിവസത്തിനുശേഷം ചൗബെ ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പുതിയ ഭരണഘടന അംഗീകരിക്കാത്തത് സംബന്ധിച്ച അനിശ്ചിതത്വം ഫെഡറേഷന്റെ ഭരണ, പ്രവര്‍ത്തന പ്രഡിസന്ധിക്ക് കാരണമായതായി കത്തില്‍ പറയുന്നു. ആഭ്യന്തര മത്സര കലണ്ടര്‍ സംബന്ധിച്ച് ക്ലബ്ബുകളും കളിക്കാരും അനിശ്ചിതത്വത്തിലാണ്. 2025 ഡിസംബറിനു ശേഷമുള്ള കൊമേഴ്‌സ്യല്‍ പാര്‍ട്ണര്‍ഷിപ്പുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വികസനം, മത്സരങ്ങള്‍, മാര്‍ക്കറ്റിംഗ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കൂടുതല്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുവെന്ന് ഫിഫ കത്തില്‍ ചൂണ്ടിക്കാട്ടി.
ഇതുമൂലമുണ്ടായിട്ടുള്ള സാമ്പത്തിക സ്ഥിരതയില്ലായ്മ ഇന്ത്യന്‍ ഫുട്‌ബോളിനെ മോശമായി ബാധിച്ചുവെന്നും പ്രത്യേകിച്ച് എഐഎഫ്എഫിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) കളിക്കുന്ന കളിക്കാരെ ഇത് ബാധിക്കുന്നതായും കത്തില്‍ പറയുന്നു.
നിര്‍ദ്ദേശം പാലിക്കാതിരിക്കുന്നത് ഫിഫ, എഎഫ്‌സി ചട്ടങ്ങളില്‍ വിവരിച്ചിരിക്കുന്ന ഉപരോധങ്ങള്‍ക്ക് കാരണമാകാം. അതില്‍ സസ്‌പെന്‍ഷന്‍ സാധ്യതയും ഉള്‍പ്പെടുന്നു. എഐഎഫ്എഫിനെ സസ്‌പെന്‍ഡ് ചെയ്യുന്നത് ഫിഫ, എഎഫ്‌സി ചട്ടങ്ങളില്‍ നിര്‍വചിച്ചിരിക്കുന്നതുപോലെ ഫിഫ, എഎഫ്‌സി അംഗം എന്ന നിലയിലുള്ള അതിന്റെ എല്ലാ അവകാശങ്ങളും നഷ്ടപ്പെടുത്തുന്നതിന് കാരണമാകുമെന്നും കത്തില്‍ വിശദമാക്കിയിട്ടുണ്ട്. ഫിഫ ചീഫ് മെമ്പര്‍ അസോസിയേഷന്‍ ഓഫീസര്‍ എല്‍ഖാന്‍ മമ്മദോവും എഎഫ്‌സി മെമ്പര്‍ അസോസിയേഷന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വാഹിദ് കര്‍ദാനിയും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.
Thiruvananthapuram,Kerala
August 29, 2025 2:27 PM IST
ഭരണഘടന പരിഷ്‌കരിഷ്‌ക്കരിച്ചില്ലെങ്കിൽ വിലക്കുണ്ടാകുമെന്ന് ഇന്ത്യന്‍ ഫുട്‌ബോളിന് ഫിഫയുടെ മുന്നറിയിപ്പ്