Leading News Portal in Kerala

ഇന്ത്യയുടെ എഐ കുതിപ്പ് നിര്‍വചിക്കാന്‍ ഗൂഗിളും റിലയന്‍സും | Reliance and Google to set up AI-focused cloud region in Jamnagar | Money


Last Updated:

ജാംനഗറില്‍ അത്യാധുനിക എഐ ക്ലൗഡ് മേഖല വികസിപ്പിക്കാന്‍ തയാറെടുക്കുകയാണ് റിലയന്‍സും ഗൂഗിളും

News18News18
News18

കൊച്ചി/മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) രംഗത്ത് ഇന്ത്യയുടെ അടുത്ത ഘട്ട വളര്‍ച്ചയെ നിര്‍വചിക്കുന്ന പദ്ധതിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ആഗോള ടെക് ഭീമന്‍ ഗൂഗിളും. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ വ്യാപിപ്പിക്കുകയാണ്. ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവി മുന്‍നിര്‍ത്തി ഇതിനോടകം തന്നെ റിലയന്‍സും ഗൂഗിളും കാര്യമായ നിക്ഷേപം നടത്തി വരുന്നുണ്ട്. ഇന്ത്യയിലെ ദശക്ഷക്കണക്കിന് പേര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തി രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് കരുത്തു നല്‍കുന്നതായിരുന്നു അത്.

ഇതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഇരുകമ്പനികളും പങ്കാളിത്തം കൂടുതല്‍ വ്യാപിപ്പിക്കുന്നത്. ജിയോയുടെ ഡിജിറ്റല്‍ ശൃംഖലയുമായി ബന്ധിപ്പിച്ച്, പൂര്‍ണമായും ഹരിതോര്‍ജത്തില്‍ അധിഷ്ഠിതമായ അത്യാധുനിക, സുരക്ഷിത എഐ അടിസ്ഥാനസൗകര്യം വികസിപ്പിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന റീട്ടെയ്ല്‍ ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യയും സുരക്ഷയും നല്‍കി പിന്തുണയ്ക്കുകയാണ് ലക്ഷ്യം. ഗൂഗിള്‍ ക്ലൗഡിന്റെ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് ജാംനഗറിലെ ക്ലൗഡ് മേഖല വികസിപ്പിക്കുക.

ഗൂഗിള്‍ ക്ലൗഡിന്റെ പിന്തുണയോടെ റിലയന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എഐ അധിഷ്ഠിതമായി മാറും. ഇത് കൂടുതല്‍ മികച്ച ഇന്നവേഷന്‍ നടത്താനും പ്രവര്‍ത്തനങ്ങള്‍ ആധുനികവല്‍ക്കരിക്കാനും അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താനും റിലയന്‍സിന്റെ എല്ലാ ബിസിനസുകള്‍ക്കും സഹായകമാകും. മാത്രമല്ല ജാംഗനഗറിലെ എഐ ക്ലൗഡ് മേഖലയിലെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി ഇന്ത്യയിലെ ചെറുകിട സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഡെവലപ്പര്‍മാര്‍ക്കും പൊതുമേഖല കമ്പനികള്‍ക്കുമെല്ലാം എഐ സേവനങ്ങള്‍ ലഭ്യമാക്കാനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സാധിക്കും.

ഇതുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ക്ലൗഡ് തങ്ങളുടെ ഏറ്റവും ശക്തിയുള്ള എഐ സൂപ്പര്‍ കംപ്യൂട്ടറുള്‍പ്പടെയുള്ള എഐ സംവിധാനങ്ങള്‍ റിലയന്‍സിനായി വിന്യസിക്കും. ജാംനഗറിനെ പ്രധാന മെട്രോകളുമായി ബന്ധിപ്പിക്കുന്ന ഹൈ കപ്പാസിറ്റി ഇന്‍ട്രാ, ഇന്റര്‍ മെട്രോ ഫൈബര്‍ കണക്റ്റിവിറ്റി സംവിധാനങ്ങളും നിലവില്‍ വരും.

‘ഇന്ത്യയുടെ സാങ്കേതിക യാത്രയില്‍ ഗൂഗിള്‍ ക്ലൗഡുമായുള്ള ഈ പങ്കാളിത്തം ഒരു പുതിയ അധ്യായമാണ്. റിലയന്‍സിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജം, രാജ്യവ്യാപകമായ നെറ്റ്വര്‍ക്ക് എന്നിവയുടെ പിന്തുണയോടെ ഗൂഗിള്‍ ക്ലൗഡിന്റെ എഐ വൈദഗ്ധ്യം ജാംനഗറിലേക്ക് കൊണ്ടുവരുന്നതിലൂടെ, ഇന്ത്യ എഐയില്‍ ആഗോള നേതാവാകുന്നതിന് ഞങ്ങള്‍ അടിത്തറയിടുകയാണ്. ഓരോ ഇന്ത്യക്കാരനും ഇന്റര്‍നെറ്റ് ജനാധിപത്യവല്‍ക്കരിക്കാന്‍ ജിയോയും ഗൂഗിളും ഒന്നിച്ചതുപോലെ, ഇപ്പോള്‍ ഓരോ ഇന്ത്യക്കാരനും വേണ്ടി എഐയെ ജനാധിപത്യവല്‍ക്കരിക്കാനാണ് ഞങ്ങള്‍ കൈകോര്‍ക്കുന്നത്,’ ആര്‍ഐഎല്‍ സിഎംഡി മുകേഷ് അംബാനി പറഞ്ഞു.

”ഞങ്ങള്‍ വളരെക്കാലമായി ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവിയില്‍ നിക്ഷേപം നടത്തിവരികയാണ്, റിലയന്‍സുമായും ജിയോയുമായും ഉള്ള ഞങ്ങളുടെ പങ്കാളിത്തം അതില്‍ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ ദശകത്തില്‍ ഞങ്ങള്‍ ഒരുമിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സഹായിച്ചു. ഇപ്പോള്‍, എഐ അടിസ്ഥാനപ്പെടുത്തിയുള്ള അടുത്ത കുതിപ്പ് സാധ്യമാക്കുന്നതിന് ഞങ്ങള്‍ ഈ പങ്കാളിത്തം കൂടുതല്‍ വ്യാപിപ്പിക്കുകയാണ്. ഇത് ഒരു തുടക്കം മാത്രമാണ്, ഇന്ത്യയുടെ എഐ ഭാവി ഒരുമിച്ച് കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും സിഇഒ ആയ സുന്ദര്‍ പിച്ചൈ പറഞ്ഞു.