Leading News Portal in Kerala

ഇസ്രയേല്‍ ആക്രമണത്തില്‍ യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു|Yemen s Houthi Prime Minister Killed in Israeli Strike | World


Last Updated:

അദ്ദേഹത്തോടൊപ്പം നിരവധി സഹപ്രവർത്തകരും കൊല്ലപ്പെട്ടതായി റിപ്പോർട്ടിലുണ്ട്

News18News18
News18

യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ യെമൻ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി ഉൾപ്പെടെയുള്ള ഉന്നത ഹൂതി നേതാക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു അപ്പാർട്ട്മെന്റ് കെട്ടിടം ലക്ഷ്യമിട്ടുള്ള ആക്രമണത്തിലാണ് ഹൂതികൾക്ക് നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതെന്ന് യെമനി മാധ്യമങ്ങൾ അറിയിച്ചു. എന്നാൽ, ഈ വിഷയത്തിൽ ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

യെമൻ മാധ്യമങ്ങളായ അൽ ജുംഹൂരിയ ചാനലും ഏദൻ അൽ ഗദ് പത്രവുമാണ് അൽ റഹാവി കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തത്. അദ്ദേഹത്തോടൊപ്പം നിരവധി സഹപ്രവർത്തകരും കൊല്ലപ്പെട്ടതായി റിപ്പോർട്ടിലുണ്ട്. യൂറോന്യൂസ് റിപ്പോർട്ട് പ്രകാരം, ഹൂതി പ്രതിരോധ മന്ത്രി മുഹമ്മദ് അൽ അതിഫി, ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദ് അൽ കരീം അൽ ഖമാരി എന്നിവരും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ആക്രമണം ഹൂതി രാഷ്ട്രീയ-സൈനിക നേതാക്കളുടെ യോഗം ലക്ഷ്യമിട്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 2014 മുതൽ യെമനിൽ ആഭ്യന്തരയുദ്ധം തുടരുകയാണ്. തലസ്ഥാനമായ സന ഉൾപ്പെടെയുള്ള വടക്കൻ പ്രദേശങ്ങൾ ഇറാന്റെ പിന്തുണയോടെ ഹൂതികളാണ് ഭരിക്കുന്നത്. തെക്ക് ഏദൻ ആസ്ഥാനമായുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ, ഹൂതികളുമായി യുദ്ധത്തിലാണ്.

ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സംഘടനകൾ ഉൾപ്പെടുന്ന ഇസ്രയേൽ വിരുദ്ധ സഖ്യത്തിൻ്റെ ഭാഗമാണ് ഹൂതികൾ. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിനുശേഷം, ഹൂതികൾ ഇസ്രയേലിനെതിരെ യുദ്ധത്തിൽ സജീവമായി പങ്കെടുത്തു. ഇസ്രയേലിലേക്ക് മിസൈലുകൾ അയക്കുകയും ചെങ്കടലിൽ കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായി ഇസ്രയേലും അമേരിക്കയും ഹൂതികൾക്കെതിരെ നിരവധി തവണ വ്യോമാക്രമണം നടത്തിയിട്ടുണ്ട്.