‘Who Cares’ നിലപാടുകാരെ നിലയ്ക്കുനിർത്താൻ ഹെൽപ്പ്‌ലൈൻ നമ്പറുമായി വനിതാ വികസന കോർപ്പറേഷൻ|Kerala state womens development corporation comes with help line number to offer help to distressed | Kerala
Last Updated:
അതിക്രമങ്ങളിൽ ഇരകളാകുന്ന സ്ത്രീകൾക്ക് തങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഉറപ്പുനൽകുന്നതാണ് ഈ നീക്കം
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സഹായം തേടുന്നവർക്കായി പുതിയ ഹെൽപ്പ്‌ലൈൻ നമ്പർ പ്രഖ്യാപിച്ച് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ. ഇനിമുതൽ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ഏത് സമയത്തും 181 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് സഹായം തേടാം. അതിക്രമങ്ങളിൽ ഇരകളാകുന്ന സ്ത്രീകൾക്ക് തങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഉറപ്പുനൽകുന്നതാണ് ഈ നീക്കം. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും വനിതാ വികസന കോർപ്പറേഷൻ കൂടെയുണ്ടാകുമെന്ന് അവർ അറിയിച്ചു. വിളിക്കുന്നവരുടെ സ്വകാര്യത പൂർണമായും സംരക്ഷിച്ചുകൊണ്ട് നീതിയുക്തമായ ഇടപെടൽ ഉറപ്പാക്കും. അതിക്രമം കാണിക്കുന്നവർ ‘ആരാണ് ശ്രദ്ധിക്കുന്നത്’ എന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ പോലും, അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിക്കുമെന്നും വനിതാ വികസന കോർപ്പറേഷൻ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്
പ്രതിസന്ധിയിലും, ഏത് സമയത്തും ഞങ്ങളുണ്ട് കൂടെ. നിങ്ങൾ നേരിടുന്ന ഏത് തരത്തിലുള്ള പ്രശ്നവും ഞങ്ങളോട് പറയാം. 181 ടോൾഫ്രീ ഹെൽപ്‌ലൈൻ 24 മണിക്കൂറും നിങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ട്. നിങ്ങളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് നീതിപൂർവ്വമായ ഇടപെടലുകളായിരിക്കും ഞങ്ങളുടെ ഭാഗത്തുനിന്നും ലഭിക്കുക. അതിക്രമം കാണിക്കുകയും ‘Who Cares’ എന്ന നിലപാട് പുലർത്തുകയും ചെയ്യുന്നവരെ നിയമത്തിൻ്റെ മുന്നിലെത്തിക്കാം. സ്വാഭിമാനത്തോടെ മുന്നോട്ട് പോകാം
സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും ആരോഗ്യപരമായിരിക്കണം. ബന്ധങ്ങൾ ടോക്സിക് ആവുകയും നിയന്ത്രണങ്ങൾ അതിരുവിടുകയും ചെയ്യുമ്പോൾ അത്തരക്കാരെ ഒഴിവാക്കി അതിജീവിക്കാൻ ഓരോ വ്യക്തിക്കും സാധിക്കണം. പ്രശസ്തിയും സ്വാധീനവും മറ്റ് ഘടകങ്ങളും ഉപയോഗിച്ച് അടുപ്പമുണ്ടാക്കുകയും പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നവരെയും ഉപേക്ഷിച്ച് തലയുയർത്തി സ്വാഭിമാനത്തോടെ മുന്നോട്ട് പോകാം. ഏതൊരു ബന്ധവും ദൃഢപ്പെടുത്തുന്നത് സ്നേഹവും വിശ്വാസ്യതയും സ്വാതന്ത്ര്യവുമാണ്. പക്വതയോടെ ബന്ധങ്ങളെ നോക്കിക്കാണാനും ബഹുമാനമില്ലാത്തിടത്തുനിന്ന് ഇറങ്ങിപ്പോരാനും ഓരോരുത്തർക്കും സാധിക്കണം.
Thiruvananthapuram,Kerala
August 29, 2025 9:32 PM IST