‘വിവാഹിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ആരോപണം നിലനിൽക്കില്ല’; കേരള ഹൈക്കോടതി|Allegation of rape of married woman on promise of marriage does not stand Kerala High Court | Kerala
Last Updated:
വിവാഹബന്ധം നിലനിൽക്കെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് സ്ഥിരം ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ വിലയിരുത്തൽ
കൊച്ചി: വിവാഹിതയായ സ്ത്രീയെ മറ്റൊരാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ആരോപണം നിലനില്‍ക്കില്ലെന്ന് കേരള ഹൈക്കോടതി. വിവാഹബന്ധം നിലനിൽക്കെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് സ്ഥിരം ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ വിലയിരുത്തൽ. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് കേസിൽ വിധി പറഞ്ഞത്. ‘ആരോപണങ്ങള്‍ ഗൗരവമുള്ളതാണെങ്കിലും, ഇരയ്ക്ക് നിലവില്‍ ഒരു വിവാഹബന്ധം ഉള്ളതിനാല്‍, വ്യാജ വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം എന്ന ആരോപണത്തിന് നിയമപരമായി നിലനില്‍പ്പില്ല’ കോടതി വ്യക്തമാക്കി.
കേസിൽ പോലീസ് സബ്-ഇന്‍സ്‌പെക്ടര്‍ ആണ് ഹര്‍ജിക്കാരന്‍. 2016 മുതല്‍ 2025 ജൂലൈ വരെയുള്ള കാലയളവില്‍ പരാതിക്കാരിയുമായി ബന്ധം പുലർത്തി വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരി 2025 ജൂലൈ വരെ ഹര്‍ജിക്കാരനോടൊപ്പം ആയിരുന്നു താമസിച്ചിരുന്നതെന്ന് കണ്ടെത്തി. 2025 ജനുവരിയില്‍ ഹര്‍ജിക്കാരന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായും ആരോപണമുണ്ട്.
എന്നാൽ പരാതിക്കാരി വിവാഹിതയാണെന്നും, അവര്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും ആ വിവാഹം നിയമപരമായി വേര്‍പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരി ഇതിനകം വിവാഹിതയായിരിക്കെ, വിവാഹം കഴിക്കാമെന്ന വ്യാജ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന ആരോപണം നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ ഹര്‍ജിക്കാരനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാനും ചോദ്യം ചെയ്യലിന് വിധേയനാകാനും ഹര്‍ജിക്കാരനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുക, പരാതിക്കാരിയെ ബന്ധപ്പെടാതിരിക്കുക, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകാതിരിക്കുക എന്നീ ഉപാധികളോടെയാണ് ജാമ്യം.
Kochi [Cochin],Ernakulam,Kerala
August 31, 2025 8:48 AM IST
