രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം നൽകുന്നതിൽ കോൺഗ്രസിൽ ഭിന്നത; മാറ്റിനിർത്തരുതെന്ന് ഒരുവിഭാഗം| Congress divided over protection for Rahul Mamkootathil | Kerala
Last Updated:
രാഹുലിനെ മാറ്റിനിര്‍ത്തരുതെന്ന് ഷാഫി പറമ്പില്‍ എംപിയും ഒരു വിഭാഗം നേതാക്കളും നിലപാട് സ്വീകരിക്കുമ്പോള്‍, സംരക്ഷണം ഒരുക്കുന്നത് വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് വി ഡി സതീശനും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ കരുതുന്നു
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് സംരക്ഷണം ഒരുക്കുന്നതിൽ കോണ്‍ഗ്രസിൽ ഭിന്നത. രാഹുലിനെ മാറ്റിനിര്‍ത്തരുതെന്ന് ഷാഫി പറമ്പില്‍ എംപിയും ഒരു വിഭാഗം നേതാക്കളും നിലപാട് സ്വീകരിക്കുമ്പോള്‍, സംരക്ഷണം ഒരുക്കുന്നത് വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് വി ഡി സതീശനും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ കരുതുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണങ്ങളാണെന്നും രാഹുലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി സ്വാഗതാര്‍ഹമെന്നും ഒരു വിഭാഗം നിലപാട് സ്വീകരിക്കുന്നു. ഗര്‍ഭഛിദ്രം അടക്കമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ സ്ത്രീകള്‍ക്കൊപ്പമെന്ന നിലപാട് ഉയര്‍ത്തി രാഹുല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇനിയും സംരക്ഷിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ രാഹുലിനെ മാറ്റിനിര്‍ത്തേണ്ടതില്ലെന്നാണ് ഷാഫി പറമ്പിലും രാഹുലിനെ അനുകൂലിക്കുന്നവരും പറയുന്നു. സിപിഎം പോലും ആവശ്യപ്പെടും മുൻപേ രാഹുലിനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം അനാവശ്യമാണെന്ന വിലയിരുത്തലിലാണ് ഇവര്‍. രാഹുലിനെ ഒപ്പം നിര്‍ത്തണമെന്ന പ്രവര്‍ത്തകരുടെ വികാരം മാനിച്ചില്ലെന്നും നേതാക്കള്‍ പറയുന്നു. രാഹുലിനെ മണ്ഡലത്തില്‍ എത്തിക്കാനും ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെ പരിപാടികളിൽ പങ്കെടുപ്പിക്കാനും ഒരു വിഭാഗം നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ട്. മണ്ഡലത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഏറെ നാള്‍ വിട്ടുനില്‍ക്കുന്നത് പ്രതിസന്ധിയിലാക്കുമെന്നും ഇവർ കണക്കുകൂട്ടുന്നു.
യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന നടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലോടെയായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമായത്. ഒരു യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു റിനി വെളിപ്പപെടുത്തിയത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചുവെന്നും ‘ഹു കെയേഴ്‌സ്’ എന്നതായിരുന്നു അയാളുടെ ആറ്റിറ്റ്യൂഡെന്നും റിനി പറഞ്ഞിരുന്നു. പേര് പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തലെങ്കിലും രാഹുലിനെ ഉദ്ദേശിച്ചുള്ള പരാമര്‍ശമാണ് നടത്തിയതെന്ന ആരോപണം സോഷ്യൽ മീഡിയയിൽ ഉയര്‍ന്നിരുന്നു.
തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരന്‍ പറഞ്ഞത്. ഇതിന് പിന്നാലെ ട്രാന്‍സ്വുമണും ബിജെപി നേതാവുമായ അവന്തികയും രാഹുലിനെതിരെ രംഗത്തെത്തി. റേപ്പ് ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് രാഹുല്‍ പറഞ്ഞതായായിരുന്നു അവന്തിക പറഞ്ഞത്. ഇതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കം പുറത്തുവന്നു.
ഹൈക്കമാന്‍ഡ് കർശന നിലപാടെടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഇതിന് ശേഷവും രാഹുലിനെതിരെ ആരോപണങ്ങള്‍ പുറത്തുവന്നു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന യുവതിയെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണമായിരുന്നു പുറത്തുവന്നത്. നിന്നെ കൊല്ലാന്‍ എത്രസമയമാണ് വേണ്ടതെന്നാണ് കരുതുന്നതെന്നും സെക്കന്‍ഡുകള്‍ കൊണ്ട് കൊല്ലാന്‍ സാധിക്കുമെന്നുമാണ് രാഹുല്‍ ശബ്ദ സന്ദേശത്തിൽ പറയുന്നത്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
September 01, 2025 1:52 PM IST
