Leading News Portal in Kerala

Exclusive| രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ കോൺഗ്രസ് ഗ്രൂപ്പുകളെ മാറ്റിമറിച്ചതെങ്ങനെ?| How did the allegations against Rahul Mamkootathil change Congress group equation | Kerala


Last Updated:

മുതിർന്ന നേതൃനിരയുടെ അതൃപ്തി മറികടന്ന് നാല് വർഷത്തിലധികമായി പാർട്ടിയിൽ നിർണായക സ്വാധീനം ഉറപ്പിച്ചിരുന്ന വി ഡി-ഷാഫി കൂട്ടുകെട്ടിന് കൂടിയാണ് രാഹുൽ വിവാദത്തോടെ പൂർണമായി ഉലച്ചിൽ സംഭവിച്ചിരിക്കുന്നത്

ഡാൻ കുര്യൻ‍

രാഹുൽ മാങ്കുട്ടത്തിൽ വിവാദത്തിന് പിന്നാലെ സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളും മാറിമറിയുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പം നിലയുറപ്പിച്ചിരുന്ന ഷാഫി പറമ്പിൽ പൂർണമായും കളം മാറ്റിക്കഴിഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യം അവസരമാക്കി മാറ്റി രമേശ് ചെന്നിത്തലയും കെ സി വേണുഗോപാൽ വിഭാഗവും പാർട്ടിയിൽ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ്.

വി ഡി സതീശൻ പ്രതിപക്ഷ നേതാവായത്

തുടർച്ചയായി രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പ്രതിപക്ഷത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് രണ്ട് ദശാബ്ദത്തോളം പാർട്ടിയെ നിയന്ത്രിച്ചിരുന്ന ഉമ്മൻചാണ്ടി -രമേശ് ചെന്നിത്തല അച്ചുതണ്ടിനും ഇളക്കം തട്ടിയത്. രമേശ്‌ ചെന്നിത്തലയുടെ എതിർപ്പ് മറികടന്ന് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശൻ എത്തിയതാകട്ടെ ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായിരുന്ന ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയും.

രാഹുലിന് പ്രതിരോധം തീർക്കുന്നത് ആരെല്ലാം?

മുതിർന്ന നേതൃനിരയുടെ അതൃപ്തി മറികടന്ന് നാല് വർഷത്തിലധികമായി പാർട്ടിയിൽ നിർണായക സ്വാധീനം ഉറപ്പിച്ചിരുന്ന വി ഡി-ഷാഫി കൂട്ടുകെട്ടിന് കൂടിയാണ് രാഹുൽ വിവാദത്തോടെ പൂർണമായി ഉലച്ചിൽ സംഭവിച്ചിരിക്കുന്നത്.

എ ഗ്രൂപ്പിന്റെ ഭാഗമായി രാഹുലിനുവേണ്ടി പ്രതിരോധം തീർക്കുന്നവരിൽ ഷാഫി പറമ്പിലിനൊപ്പം ബെന്നി ബഹനാൻ, എം എം ഹസ്സൻ, കെ സി ജോസഫ്, തുടങ്ങിയ നേതാക്കളാണ് മുൻനിരയിൽ.  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ യൂത്ത് കോൺഗ്രസിൽ വി ഡി സതീശനുണ്ടായിരുന്ന സ്വാധീനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയാണ് നിലവിൽ. എം വിൻസന്റ് എംഎൽഎയാണ് വി ഡി സതീശനൊപ്പം ഉറച്ചുനിൽക്കുന്ന നിയമസഭാംഗം.

ചെന്നിത്തലയുടെ നീക്കം

അതേസമയം കെ സുധാകരൻ, അടൂർ പ്രകാശ് തുടങ്ങിയ നേതാക്കളുടെ പിന്തുണ ഉറപ്പാക്കിയാണ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ നീക്കങ്ങൾ.

കെ സി പക്ഷം കരുത്താർജിക്കുന്നോ?

നിലവിലെ രാഷ്ട്രീയ സാഹചര്യം അവസരമാക്കി മാറ്റാനുള്ള നീക്കം കെ സി പക്ഷവും സജീവമാക്കിയിട്ടുണ്ട്. മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ പി അനിൽകുമാർ, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ, ടി സിദ്ദിഖ്, റോജി എം ജോൺ, സനീഷ് കുമാർ ജോസഫ് തുടങ്ങിയവർ കെ സി വേണുഗോപാൽ പക്ഷത്തും ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ്. 

കെ മുരളീധരൻ എവിടെ?

കെ മുരളീധരൻ ആകട്ടെ ഗ്രൂപ്പ് നേതാക്കളോട് സമദൂര നിലപാടിലും. കോൺഗ്രസ് കേന്ദ്രങ്ങളെ പിടിച്ചുലച്ച മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെതിരായ വിവാദം തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാർട്ടിയിൽ പുതിയ ശാക്തിക ചേരികളുടെ ബലാബലത്തിന് കൂടിയാണ് വഴി തുറന്നിരിക്കുന്നത്.